
ടെക്‌സസ് : ടെക്‌സസിലെ ഓസ്റ്റിനില്‍ 40-ലധികം കുട്ടികളുമായി സഞ്ചരിച്ചിരുന്ന ഒരു സ്‌കൂള്‍ ബസ് മറിഞ്ഞ് 12 പേര്‍ക്ക് പരിക്കേറ്റതായി എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ട്രാവിസ് കൗണ്ടിയില്‍ സ്ഥിതി ചെയ്യുന്ന വടക്കുപടിഞ്ഞാറന്‍ ഓസ്റ്റിനിലെ ലിയാന്‍ഡര്‍ ഇന്‍ഡിപെന്‍ഡന്റ് സ്‌കൂളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളായിരുന്നു ബസിലുണ്ടായിരുന്നത്. പുതിയ അധ്യയന വര്‍ഷത്തിന്റെ ആദ്യ ദിവസമായ ബുധനാഴ്ചയായിരുന്നു അപകടം നടന്നത്. സ്‌കൂള്‍ കഴിഞ്ഞ് കുട്ടികള്‍ തിരികെ വീട്ടിലേക്ക് പോകുകയായിരുന്നു.
പരുക്കേറ്റവരെ പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയി. 12 പേരില്‍ മൂന്നുപേര്‍ക്ക് ഗുരുതരമായ പരിക്കേറ്റതായാണ് വിവരം. ഇവരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണെന്ന് ഓസ്റ്റിന്‍-ട്രാവിസ് കൗണ്ടി അധികൃതര്‍ ബുധനാഴ്ച വൈകുന്നേരം നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു.














