
ന്യൂയോര്‍ക്ക് : പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വിമര്‍ശിച്ച് സെനറ്റര്‍ കോറി ബുക്കര്‍ റെക്കോര്‍ഡിലേക്ക്. ട്രംപ് നയങ്ങളില്‍ പ്രതിഷേധിച്ച് സെനറ്റില്‍ 25 മണിക്കൂര്‍ നീണ്ടുനിന്ന മാരത്തണ്‍ പ്രസംഗത്തിലൂടെയാണ് ന്യൂജേഴ്സി ഡെമോക്രാറ്റിക് സെനറ്റര്‍ കോറി ബുക്കര്‍ പുതിയ റെക്കോര്‍ഡ് തന്റെ പേരില്‍ എഴുതിച്ചേര്‍ത്തത്.
കോറി ബുക്കര്‍ 25 മണിക്കൂറും 5 മിനിറ്റും നീണ്ടുനിന്ന മാരത്തണ്‍ പ്രസംഗത്തിലൂടെ സെനറ്റ് സഭയെ നയിച്ചു. ചേംബറിന്റെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തുടര്‍ച്ചയായ സെനറ്റ് പ്രസംഗത്തിനുള്ള റെക്കോര്‍ഡ് അങ്ങനെ അദ്ദേഹത്തിന് സ്വന്തമായി. ട്രംപിന്റെ വ്യാപകമായ നടപടികള്‍ക്കെതിരായ ഡെമോക്രാറ്റുകളുടെ പ്രതിരോധം കാണിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രസംഗ നേട്ടം.
1957 ലെ പൗരാവകാശ നിയമത്തിനെതിരെ 24 മണിക്കൂറും 18 മിനിറ്റും വാദിച്ച വംശീയവാദിയായ സ്‌ട്രോം തുര്‍മണ്ടിന്റെ റെക്കോര്‍ഡാണ് ബുക്കര്‍ തകര്‍ത്തത്. 2013 ല്‍ ആദ്യമായി സെനറ്റില്‍ എത്തിയ 55 വയസ്സുള്ള ഇപ്പോള്‍ നാലാം റാങ്കിലുള്ള ഡെമോക്രാറ്റായ ബുക്കര്‍ തിങ്കളാഴ്ച വൈകുന്നേരം 7 മണിയോടെ പ്രസംഗിക്കാന്‍ തുടങ്ങി, ‘എനിക്ക് ശാരീരികമായി കഴിയുന്നിടത്തോളം’ പ്രസംഗം തുടരുമെന്ന് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ സൂര്യന്‍ ഉദിച്ചപ്പോഴും പകല്‍ മുഴുവനും അദ്ദേഹം സെനറ്റ് ഫ്ളോറില്‍ നിന്ന് സംസാരിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ ചൊവ്വാഴ്ച രാത്രി 8:05 ന് പ്രസംഗം അവസാനിപ്പിച്ചു. ബുക്കര്‍ റെക്കോര്‍ഡ് തകര്‍ത്തപ്പോള്‍ സെനറ്റ് ചേംബര്‍ കരഘോഷത്തില്‍ മുഴങ്ങി, സെനറ്റ് ന്യൂനപക്ഷ നേതാവ് ചക്ക് ഷൂമര്‍ ആ നിമിഷം അടയാളപ്പെടുത്താന്‍ എഴുന്നേറ്റു. ‘ഈ കോക്കസ് നിങ്ങളെക്കുറിച്ച് എത്രമാത്രം അഭിമാനിക്കുന്നുവെന്ന് നിങ്ങള്‍ക്കറിയാമോ, അമേരിക്ക നിങ്ങളെക്കുറിച്ച് എത്രമാത്രം അഭിമാനിക്കുന്നുവെന്ന് നിങ്ങള്‍ക്കറിയാമോ?’ ഷൂമര്‍ സന്തോഷം പങ്കുവെച്ചു.
പ്രസിഡന്റ് ട്രംപിനെയും ഡോജിന് നേതൃത്വം നല്‍കുന്ന ശതകോടീശ്വരന്‍ എലോണ്‍ മസ്‌കിനെയും ലക്ഷ്യം വച്ചുള്ളതായിരുന്നു. ട്രംപിന്റെ നയങ്ങള്‍ അമേരിക്കയുടെ നിയമവാഴ്ച, ഭരണഘടന, ജനതയുടെ ആവശ്യങ്ങള്‍ എന്നിവയോടുള്ള തികഞ്ഞ അവഗണനയാണ് എന്നതടക്കമുള്ള വിമര്‍ശനങ്ങളാണ് കോറി ബുക്കര്‍ ചൂണ്ടിക്കാട്ടുന്നത്.
ആരോഗ്യ സംരക്ഷണം, സാമൂഹിക സുരക്ഷ എന്നിവ മുതല്‍ കുടിയേറ്റം, സമ്പദ്വ്യവസ്ഥ, പൊതുവിദ്യാഭ്യാസം, സ്വതന്ത്രമായ സംസാരം, വിദേശനയം തുടങ്ങി നിരവധി വിഷയങ്ങളില്‍ ട്രംപ് ഭരണകൂടത്തിനെതിരെ ബുക്കര്‍ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്.
കേവലം 71 ദിവസത്തിനുള്ളില്‍ പ്രസിഡന്റ് ട്രംപ് അമേരിക്കക്കാരുടെ സുരക്ഷ, സാമ്പത്തിക സ്ഥിരത, രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ അടിത്തറ, പൊതു മാന്യത എന്നിവയുടെ മേല്‍ ഒന്നിനു പുറകെ ഒന്നായി ദോഷം വരുത്തിവച്ചെന്നും അദ്ദേഹം വിമര്‍ശിച്ചു.















