
തിരുവനന്തപുരം : രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പരാതികളില്‍ രാഹുലിനെ ന്യായീകരിച്ച് ഷാഫി പറമ്പില്‍ എം.പി. രാഹുലിനെതിരെ ആരും നിയമപരമായി പരാതി നല്‍കിയിട്ടില്ലെന്നും കോടതി വിധിയോ എഫ് ഐ ആറോ ഇല്ലാതെ തന്നെ ഇത്തരം ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി പ്രഖ്യാപിച്ചുവെന്നും ഷാഫി ന്യായീകരിച്ചു. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ എതിര്‍പക്ഷം വിമര്‍ശനം തുടരുന്നുവെന്നും ഷാഫി പറഞ്ഞു. രാഹുല്‍ എം എല്‍ എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നും കത്ത് വിവാദം കത്തുമ്പോള്‍ മറയ്ക്കാനുള്ള ശ്രമമാണിതെന്നും കോണ്‍ഗ്രസ് പ്രതിരോധം ഉയര്‍ത്തിയിരുന്നു.
സ്ത്രീകളോട് അശ്ലീല സന്ദേശങ്ങളയച്ച് മോശമായി പെരുമാറിയെന്നും ഒരു യുവതിയെ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ഹന്ധിച്ചെന്നും ആരോപണങ്ങളുണ്ട്. ആരോപണങ്ങള്‍ ഉന്നയിച്ച സ്ത്രീകളെല്ലാം ചില തെളിവുകളും പുറത്തുവിട്ടിരുന്നു. ഇതാണ് രാഹുലിനെ കുടുക്കിയത്. ഇതോടെ സംസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുലിന് രാജിവെക്കേണ്ടി വന്നിരുന്നു.
ഈ വിമര്‍ശനങ്ങളിലൊന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിര്‍വീര്യമാകില്ലെന്നും സര്‍ക്കാരിന്റെ പരാജയങ്ങള്‍ തുറന്നുകാണിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും കോണ്‍ഗ്രസിനെ നിശബ്ദമാക്കാനാണ് ചില കോണുകളുടെ ശ്രമമെന്നും രാഹുല്‍ പ്രതികരിച്ചു. താന്‍ ബിഹാറിലേക്ക് മുങ്ങിയെന്നും ഒളിച്ചോടിയെന്നുമടക്കം ഉയര്‍ന്ന പരിഹാസങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ഷാഫി. ബിഹാറില്‍ നടക്കുന്ന വോട്ടര്‍ അധികാര്‍ യാത്രയുടെ പ്രാധാന്യം കാണാതെ പോകരുതെന്നും വരും ദിനങ്ങളില്‍ മറ്റു പരിപാടികളുള്ളതിനാലാണ് അന്ന് ബിഹാറിലേക്ക് പോയതെന്നും ഷാഫി പറഞ്ഞു.
കോണ്‍ഗ്രസിനെ ധാര്‍മികത പഠിപ്പിക്കാന്‍ സിപിഎമ്മിനും ബിജെപിക്കും എന്ത് അവകാശമാണുളളതെന്നും ഷാഫി കുറ്റപ്പെടുത്തി. മാത്രമല്ല, രാഹുല്‍ വിഷയത്തില്‍ മുതിര്‍ന്ന നേതാക്കള്‍ മാധ്യമങ്ങളെ കണ്ട് വിശദീകരണം നല്‍കിയിരുന്നുവെന്നും വടകരയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ഷാഫി പറഞ്ഞു.