
വാഷിംഗ്ടണ്‍ : അമിത വണ്ണമുള്ളവര്‍ക്ക് സുഗമമായി വിമാനയാത്ര നടത്താന്‍ അധികമായി ഒരു ടിക്കറ്റുകൂടി വാങ്ങാനുള്ള കർശന നിയമം മുന്നോട്ടുവയ്ക്കാന്‍ അമേരിക്കയിലെ സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് തയ്യാറെടുക്കുന്നു. അമിത വണ്ണമുള്ളവര്‍ക്കൊപ്പം യാത്ര ചെയ്യുന്നവരുടെ ബുദ്ധിമുട്ടുകള്‍ക്കൂടി പരിഗണിച്ച് ഇത്തരക്കാര്‍ക്ക് ഒരു സീറ്റിനുപകരം രണ്ട് സീറ്റ് ബുക്കുചെയ്യേണ്ടതായി വരുമെന്ന് സാരം. രണ്ടാമത്തെ സീറ്റിന്റെ പണം യാത്രയ്ക്കു ശേഷം റീഫണ്ട് ചെയ്യാനുള്ള സാധ്യത കുറവാണെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അമിതവണ്ണക്കാര്‍ യാത്രയില്‍ നേരിടുന്ന പ്രശ്‌നങ്ങളെ നേരിടാന്‍ ഒട്ടുമിക്ക എയര്‍ലൈന്‍സും ‘ഒബിസിറ്റി പോളിസി’ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരക്കാര്‍ക്ക് സീറ്റ് എക്‌സ്റ്റെന്‍ഡ് ചെയ്തു നല്‍കി അധിക തുക ഈടാക്കാറുണ്ട്. സൗത്ത് വെസ്റ്റും ഇത്തരത്തിലുള്ള നിര്‍ദേശങ്ങള്‍ യാത്രക്കാര്‍ക്ക് നല്‍കിയിരുന്നെങ്കിലും അതൊരു കര്‍ശന നിയമമായി അവതരിപ്പിച്ചിരുന്നില്ല. എന്നാല്‍ ഇനിയിത് യാത്രക്കാര്‍ നിര്‍ബന്ധമായി പാലിക്കേണ്ടതുണ്ട്.
വരുന്ന ജനുവരി 27 മുതല്‍ സൗത്ത് വെസ്റ്റ് സീറ്റുകളുമായി ബന്ധപ്പെട്ട പുതിയ നിയമം പ്രാബല്യത്തില്‍ വരും. നിലവില്‍, പ്ലസ്-സൈസ് യാത്രക്കാര്‍ക്ക് അധിക സീറ്റിന് മുന്‍കൂട്ടി പണം നല്‍കാം, ആ പണം പിന്നീട് തിരികെ ലഭിക്കാനുള്ള ഓപ്ഷനുമുണ്ട്. എന്നാല്‍ ഇനി അതിനുള്ള സാധ്യത തീരെ കുറവാണ്. വിമാനത്തില്‍ കയറിയതിനുശേഷം യാത്രക്കാര്‍ക്ക് സ്വന്തമായി സീറ്റുകള്‍ തിരഞ്ഞെടുക്കാന്‍ അനുവദിക്കുന്ന ഒരു പോളിസി ഇവര്‍ക്കുണ്ടായിരുന്നു. മാത്രമല്ല, കുറഞ്ഞ നിരക്കിലുള്ള യാത്രാസേവനങ്ങള്‍ നല്‍കുന്നതില്‍ പേരുകേട്ടതായിരുന്നു സൗത്ത്വെസ്റ്റ് എയര്‍ലൈന്‍സ്. ടെക്‌സസിലെ ഡാളസിലാണ് ഇതിന്റെ ആസ്ഥാനം. യാത്രക്കാരുടെ എണ്ണമനുസരിച്ച് വടക്കേ അമേരിക്കയിലെ നാലാമത്തെ വലിയ എയര്‍ലൈന്‍ കൂടിയാണിത്. ബോയിംഗ് 737 വിമാനങ്ങള്‍ മാത്രമാണ് സൗത്ത്വെസ്റ്റ് എയര്‍ലൈന്‍സ് ഉപയോഗിക്കാറുള്ളത്. ഒരൊറ്റ മോഡല്‍ വിമാനം മാത്രം ഉപയോഗിക്കുന്നതിലൂടെ പരിശീലന ചെലവ് കുറയ്ക്കാനും ജീവനക്കാര്‍ക്ക് സൗകര്യം വര്‍ദ്ധിപ്പിക്കാനും സൗത്ത്വെസ്റ്റ് എയര്‍ലൈന്‍സ് ശ്രദ്ധിക്കുന്നു.