
സി പി ഐയുടെ പാർട്ടി കോൺഗ്രസിന്റെ സംഘടനാ റിപ്പോർട്ടിൽ പാർട്ടിയിലെ മുരടിപ്പിനെതിരെ രൂക്ഷ വിമർശനം. ചില നേതാക്കൾ ഒരേ പദവിയിൽ ദീർഘകാലം തുടരുന്നത് പാർട്ടിയുടെ ഊർജ്ജം കെടുത്തുന്നതായി ചൂണ്ടിക്കാട്ടുന്നാണ് സി പി ഐ പാർട്ടി കോൺഗ്രസിലെ സംഘടനാ റിപ്പോർട്ട്. യുവാക്കളെയും സ്ത്രീകളെയും നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന് റിപ്പോർട്ട് ശുപാർശ ചെയ്യുമ്പോൾ, പുരുഷ മേധാവിത്വ പ്രവണതയും സ്ത്രീകൾക്ക് അധികാരം നൽകേണ്ടെന്ന ചിന്താഗതിയും പാർട്ടിക്കുള്ളിൽ നിലനിൽക്കുന്നതായി വിമർശനം ഉയർത്തുന്നുണ്ട്.
‘അന്യ പ്രവണതകൾ’ വർധിക്കുന്നു: നേതാക്കൾക്കെതിരെ ആരോപണം
പാർട്ടിയിൽ ‘അന്യ പ്രവണതകൾ’ വർധിക്കുന്നതായി റിപ്പോർട്ട് ആരോപിക്കുന്നു. ചില നേതാക്കൾ പാർട്ടി സ്ഥാനങ്ങൾ ദുരുപയോഗം ചെയ്ത് സ്വന്തം നേട്ടങ്ങൾക്കായി പണം സമ്പാദിക്കുന്നതായി വിമർശനം. മത്സരിക്കാൻ സീറ്റ് ലഭിക്കാത്തവർ പാർട്ടി വിടുന്ന പ്രവണതയും വർധിക്കുന്നുണ്ട്. കൂടാതെ, സ്ഥാനങ്ങളിൽ നിന്ന് മാറ്റപ്പെടുന്ന ചിലർ പാർട്ടിയെ അപമാനിക്കുന്ന പ്രവൃത്തികളിൽ ഏർപ്പെടുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു, ഇത് പാർട്ടിയുടെ ആന്തരിക ഐക്യത്തിന് വെല്ലുവിളിയാകുന്നു.
ഫണ്ട് പിരിവിൽ കേരളം മാതൃക
ഫണ്ട് സമാഹരണത്തിൽ കേരളം മാതൃകയാണെന്ന് റിപ്പോർട്ട് എടുത്തുപറയുന്നു. ജനങ്ങളിലേക്കിറങ്ങി നടത്തുന്ന ഫണ്ട് പിരിവാണ് കേരളത്തിന്റെ വിജയ രഹസ്യം. എന്നാൽ, പാർട്ടിയുടെ ആന്തരിക പ്രശ്നങ്ങൾ പരിഹരിക്കേണ്ടതിന്റെ ആവശ്യകതയും റിപ്പോർട്ട് ഊന്നിപ്പറയുന്നു. യുവാക്കളെയും സ്ത്രീകളെയും കൂടുതൽ ഉൾപ്പെടുത്തി, അനാവശ്യ പ്രവണതകൾ ഒഴിവാക്കി പാർട്ടിയെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നാണ് സി പി ഐ നേതൃത്വത്തിന് മുന്നിലുള്ള വെല്ലുവിളി.