
വാഷിംഗ്ടൺ: യെമനിൽ ഹൂതികളെ പിന്തുണച്ചാൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന് യുഎസിന്‍റെ മുന്നറിയിപ്പ്. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ആണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഇറാനും യുഎസും തമ്മിൽ ആണവ കരാർ നടപ്പാക്കുന്നതു സംബന്ധിച്ചു ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് പീറ്റ് ഹെഗ്‌സെത്തിന്‍റെ മുന്നറിയിപ്പ് എന്നുള്ളതാണ് ശ്രദ്ധേയം.
‘ഹൂതികൾക്കുള്ള ഇറാന്റെ പിന്തുണയെ കുറിച്ച് ഞങ്ങൾക്കറിയാം. നിങ്ങൾ എന്താണ് ചെയ്യുന്നതെന്ന് ഞങ്ങൾക്കു വ്യക്തമായി ബോധ്യമുണ്ട്. യുഎസ് സൈന്യത്തിന് എന്തൊക്കെ സാധിക്കുമെന്ന് നിങ്ങൾക്കു നന്നായി അറിയാം. നിങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നതാണ്. ഞങ്ങൾ തീരുമാനിക്കുന്ന സ്ഥലത്തും സമയത്തും നിങ്ങൾ പ്രത്യാഘാതം നേരിടേണ്ടി വരും’ എന്ന് പീറ്റ് ഹെഗ്‌സെത് വ്യക്തമാക്കി.ഹൂതികൾ നടത്തുന്ന ഏത് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇറാനാണെന്ന് കണക്കാക്കുമെന്ന യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ മാർച്ചിലെ സമൂഹമാധ്യമ പോസ്റ്റും അദ്ദേഹം പിന്നാലെ പങ്കുവച്ചു.