
ടെക്സസ്: ടെക്സസ് സെനറ്റ് ഡേലൈറ്റ് സേവിംഗ് ടൈം ബിൽ പാസാക്കി. ഇതോടെ സംസ്ഥാനം സ്ഥിരമായ ഡേലൈറ്റ് സേവിംഗ് ടൈമിലേക്ക് മാറും. ഓരോ വർഷവും സ്പ്രിംഗിംഗ് ഫോർവേഡ്, ഫോളിംഗ് ബാക്ക് ചെയ്യുന്ന ദീർഘകാല പാരമ്പര്യത്തിനാണ് അവസാനമാകുന്നത്. റിപ്പബ്ലിക്കൻ പ്രതിനിധി വിൽ മെറ്റ്കാഫ് അവതരിപ്പിച്ച ഹൗസ് ബിൽ 1393, ടെക്സസിനെ വർഷം മുഴുവൻ ഡേലൈറ്റ് സേവിംഗ് ടൈമിൽ (DST) നിലനിർത്തിക്കൊണ്ട് സമയമാറ്റം ഇല്ലാതാക്കാൻ ലക്ഷ്യമിടുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്ക് 27-4 വോട്ടുകൾക്കാണ് സെനറ്റ് ബിൽ പാസാക്കിയത്. കഴിഞ്ഞ മാസം ടെക്സസ് ഹൗസിലും ഈ ബിൽ പാസായിരുന്നു. ഇപ്പോൾ ഇത് ഗവർണർ ഗ്രെഗ് അബോട്ടിന്‍റെ അനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ്. വൈകുന്നേരങ്ങളിൽ കൂടുതൽ വെളിച്ചം ലഭിക്കുന്നത് ആധുനിക സമ്പദ്‌വ്യവസ്ഥയിലും ആധുനിക കാലഘട്ടത്തിലും ടെക്സസ് നിവാസികൾക്ക് കൂടുതൽ അനുയോജ്യമാണെന്നാണ് ഹ്യൂസ്റ്റണിൽ നിന്നുള്ള റിപ്പബ്ലിക്കൻ സെനറ്റർ പോൾ ബെറ്റൻകോർട്ട് വാദിച്ചത്. ബിൽ ടെക്സസ് നിവാസികൾക്ക് നിരവധി പ്രയോജനങ്ങൾ നൽകും. സ്കൂളിലോ ജോലിസ്ഥലത്തോ രാവിലെ 8 മണിക്ക് മുമ്പുള്ള ആ മണിക്കൂർ ഫലപ്രദമായി ഉപയോഗിക്കാൻ വളരെ ബുദ്ധിമുട്ടാണ്. എന്നാൽ സൂര്യാസ്തമയം വരെ പല മണിക്കൂറുകൾ പിന്നീട് ഉപയോഗിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ ബിൽ പ്രകാരം, സംസ്ഥാനം മുഴുവൻ സ്ഥിരമായി ഡേലൈറ്റ് സേവിംഗ് സമയം പാലിക്കും. എന്നാൽ കേന്ദ്ര നടപടിയില്ലാതെ ഈ മാറ്റം സാധ്യമല്ല. നിലവിൽ, ഫെഡറൽ നിയമം സംസ്ഥാനങ്ങൾക്ക് ഡിഎസ്ടി പൂർണ്ണമായും ഒഴിവാക്കാൻ മാത്രമേ അനുവാദം നൽകുന്നുള്ളൂ. അല്ലാതെ വർഷം മുഴുവൻ ഇത് സ്വീകരിക്കാൻ അനുവാദമില്ല. അതായത്, ഗവര്‍ണര്‍ അംഗീകരിച്ച് നിയമമാക്കിയാലും, കോൺഗ്രസ് ഫെഡറൽ സമയനിർണ്ണയ നിയമങ്ങളിൽ മാറ്റം വരുത്തിയാൽ മാത്രമേ ഇത് പ്രാബല്യത്തിൽ വരൂ.