സിക്കിമില്‍ മണ്ണിടിച്ചില്‍ : സൈനിക ക്യാംപ് തകര്‍ന്ന് 3 സൈനികര്‍ മരിച്ചു, 6 പേരെ കാണാതായി; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ന്യൂഡല്‍ഹി : സിക്കിമിലെ ഛാത്തനില്‍ മണ്ണിടിച്ചിലില്‍പ്പെട്ട് സൈനിക ക്യാമ്പ് തകര്‍ന്നുണ്ടായ ദുരന്തത്തില്‍ മൂന്ന് സൈനികര്‍ മരിച്ചു. ഹവല്‍ദാര്‍ ലഖ്വീന്ദര്‍ സിംഗ്, ലാന്‍സ് നായിക് മുനീഷ് താക്കൂര്‍, പോര്‍ട്ടര്‍ അഭിഷേക് ലഖാഡ എന്നീ മൂന്ന് സൈനികരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ആറ് പേരെ കാണാതാവുകയും ചെയ്തിട്ടുണ്ടെന്ന് പ്രതിരോധ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഞായറാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം.

പ്രദേശത്ത് കനത്ത മഴയായിരുന്നു. ഇതോടെയാണ് മണ്ണിടിച്ചിലുണ്ടായത്. രക്ഷാ പ്രവര്‍ത്തകര്‍ നാല് സൈനികരെ നിസാര പരിക്കുകളോടെ രക്ഷപ്പെടുത്തിയിരുന്നു. മലകളും ചെരിവോടുകൂടി വെല്ലുവിളി നിറഞ്ഞ ഭൂ പ്രകൃതിയും മോശം കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാണ്. 24 മണിക്കൂറോളമായി രക്ഷാപ്രവര്‍ത്തര്‍ തിരച്ചില്‍ തുടരുകയാണ്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴ പെയ്യുന്നതിനാല്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സിക്കിമിലെ ലാച്ചുങ്ങില്‍, മോശം കാലാവസ്ഥയെത്തുടര്‍ന്ന് രണ്ട് പാലങ്ങള്‍ ഭാഗികമായി തകര്‍ന്നതിനെത്തുടര്‍ന്ന് നൂറുകണക്കിന് വിനോദസഞ്ചാരികള്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇവരില്‍ ആദ്യ സംഘത്തെ രക്ഷപ്പെടുത്തി 18 വാഹനങ്ങളിലായി ഫിഡാങ്ങിലേക്ക് കൊണ്ടുവന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. സിക്കിമില്‍ ഇന്ന് കനത്ത മഴയുണ്ടാകുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

More Stories from this section

family-dental
witywide