ട്രംപിസത്തിൽ കുലുങ്ങി ലോകം; യുഎസിൻ്റെ അന്താരാഷ്ട്ര ബന്ധങ്ങളുടെ സമവാക്യങ്ങൾ മാറുമ്പോൾ

അമേരിക്കൻ പ്രസിഡൻ്റുമാർ വാക്കുകളുടെ വശ്യതയും ഗാംഭീര്യവും കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ചിരുന്ന കാലമുണ്ടായിരുന്നു. എന്നാൽ ഡോണൾഡ് ട്രംപ് എന്ന നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് അതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തനാണ്. പ്രസിഡൻ്റായി അധികാരം ഏറ്റെടുക്കുന്നതിനു മുമ്പേ തന്നെ അദ്ദേഹം തൻ്റെ മുഖമുദ്രയായ സെൻസേഷണൽ പ്രസ്താവനകൾ കൊണ്ട് ലോകശ്രദ്ധ ആകർഷിക്കാൻ തുടങ്ങി. അങ്ങേയറ്റം പ്രകോപനപരമായ സോഷ്യൽമീഡിയ പോസ്റ്റുകൾ കാനഡ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ സ്വസ്ഥത കെടുത്തി .

അപകടകരമായ ഭാഷയും സമീപനവുമാണ് ട്രംപിൻ്റേത്. അമേരിക്കയുടെ മിത്രമെന്നോ ശത്രുവെന്നോ പരിഗണിക്കാതെ അദ്ദേഹം നടത്തുന്ന വാചാടോപങ്ങൾ ആഗോള തലത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഇന്ത്യയുടെ സുഹൃത്താണ് എന്ന് പറയുമ്പോൾ തന്നെ ഇന്ത്യയെ “താരിഫ് കിങ്” എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഗ്രീൻലാൻഡും പനാമ കനാലും അമേരിക്കക്ക് സ്വന്തമായി വേണമെന്ന പഴയ ആഗ്രഹം പലവുരു ആവർത്തിച്ചു.

കാനഡയെ “51-ാമത്തെ സംസ്ഥാനം” എന്ന് പരാമർശിച്ചു. മെക്സിക്കോ ഉൾക്കടലിനെ “അമേരിക്കൻ ഉൾക്കടൽ” എന്ന് പുനർനാമകരണം ചെയ്തു. അമേരിക്കയുടെ സഖ്യ കക്ഷികളായ ഡെൻമാർക്ക്, ഫ്രാൻസ്, ജർമ്മനി, കാനഡ, പനാമ തുടങ്ങിയ രാജ്യങ്ങൾ ഈ പരാമർശങ്ങളെ വിമർശിച്ചിട്ടുണ്ട്.

ലോക രാഷ്ട്രീയത്തിലെ വലിയ അധികാരകേന്ദ്രമായ അമേരിക്കയുടെ സ്വാര്‍ഥതാല്‍പര്യങ്ങളുടെയും, ഒരു മടിയും കൂടാതെ മറ്റു രാജ്യങ്ങളിലെ രാഷ്ട്രകാര്യങ്ങളില്‍ സായുധമായും കുത്സിതമായും നടത്തുന്ന ഇടപാടുകളുടേയും ഏറ്റവും വലിയ വക്താവായി മാറുകയാണ് ട്രംപ്.

അമേരിക്കയുടെ അടുത്ത സുഹൃത്തായ ഇസ്രയേലിൻ്റെ പ്രധാനമന്ത്രി ബന്യാമിൻ നെതന്യാഹു ഒരു യുദ്ധവെറിയനാണ് എന്ന പ്രമുഖ ഇക്കണോമിസ്റ്റ് ജെഫ്രി സാച്സിൻ്റെ പ്രസ്താവന ട്രംപ് ഷെയർ ചെയ്തു. ഒരു പ്രഹേളിക പോലെ എന്നു പറയുന്നതിനേക്കാൾ സൂക്ഷ്മദൃക്കായ ഒരു വ്യവസായിയെ പോലെ അദ്ദേഹത്തിന്റെ കഴുകൻ കണ്ണുകൾ ലോകം മുഴുവൻ വീക്ഷിക്കുകയാണ്.

ട്രംപ് ലക്ഷ്യമിടുന്നത് എന്തൊക്കെയാണ്?

അമേരിക്കയുടെ ആഗോള ആധിപത്യം നിലനിൽക്കുന്നത് അതിന്റെ സാമ്പത്തിക, സൈനിക ശക്തി കൊണ്ട് മാത്രമല്ല, അതിൻ്റെ സഖ്യ രാജ്യങ്ങളുടെ കരുത്തും പിന്തുണയും കൊണ്ടു കൂടിയാണ്. എന്നിട്ടും ട്രംപ് സഖ്യകക്ഷികളെ ഒറ്റപ്പെടുത്താനും ഭീഷണിപ്പെടുത്താനും സമ്മർദ്ദത്തിലാക്കാനും ശ്രമിക്കുന്നു. നാറ്റോ തന്നെ നിലനിൽക്കുമോ എന്ന സംശയം പല സഖ്യകക്ഷികൾക്കുമുണ്ട്.

കാനഡ, മെക്സിക്കോ

കാനഡയോടും മെക്സിക്കോയോടുമുള്ള അദ്ദേഹത്തിന്റെ സമീപനം സമ്മർദ്ദ തന്ത്രമാണ്. ഇരു രാജ്യങ്ങളുടെയും ഏറ്റവും വലിയ വ്യാപാര പങ്കാളി എന്ന നിലയിൽ, അമേരിക്ക അവരുമായുള്ള ഇടപാടിൽ ഗണ്യമായ വ്യാപാര കമ്മി നേരിടുന്നുണ്ട് . ട്രംപ് വളരെക്കാലമായി ഈ വിഷയം ലക്ഷ്യമിട്ടിരിക്കുകയായിരുന്നു. ഇപ്പോൾ തന്നെ ഈ രാജ്യങ്ങളിൽ അധിക തീരുവ ചുമത്താനുള്ള പദ്ധതികൾ അദ്ദേഹം പ്രഖ്യാപിച്ചു കഴിഞ്ഞു.

നോർത്ത് അമേരിക്ക ഫ്രീ ട്രേഡ് എഗ്രിമെന്റ് (NAFTA) 2.0 എന്നു കൂടി അറിയപ്പെടുന്ന കാനഡ-യുഎസ്-മെക്സിക്കോ കരാറിൻ്റെ (CUSMA) സംയുക്ത അവലോകനം 2026ൽ നടക്കാനിരിക്കെയാണ് ട്രംപിൻ്റെ പുതിയ നീക്കങ്ങൾ. തീരുവ കൂട്ടുന്നതിനൊപ്പം, CUSMA പ്രകാരം കാനഡയ്ക്കും മെക്സിക്കോയ്ക്കും നൽകിയിരുന്ന സബ്സിഡികൾ അവസാനിപ്പിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു കഴിഞ്ഞു.

ഗ്രീൻലാൻഡ് എന്ന നിധികുംഭം

ട്രംപ് യൂറോപ്പിൽ നിന്ന് പിൻവാങ്ങുകയാണെന്ന് വിമർശകർ വാദിക്കുന്നുണ്ട്. ഗ്രീൻലാൻഡ് ഏറ്റെടുക്കുന്നതിനെക്കുറിച്ചുള്ള ട്രംപിന്റെ പരാമർശങ്ങളും ഒരുപോലെ ശ്രദ്ധേയമാണ്. സമീപകാല ഭരണഘടനാ ഭേദഗതികൾ ഗ്രീൻലാൻഡിന് സ്വയംഭരണാവകാശം നൽകിയിട്ടുണ്ട്. ഡെൻമാർക്കിൽ നിന്ന് പൂർണമായും സ്വാതന്ത്ര്യം നേടാനുള്ള ലക്ഷ്യത്തിലാണ് ഗ്രീൻലാൻഡ് ഇപ്പോൾ. ഇതറിഞ്ഞുകൊണ്ടു തന്നെയാണ് ട്രംപിൻ്റെ നീക്കം.

ഗ്രീൻലാൻഡിനെ സംബന്ധിച്ച് ട്രംപിൻ്റെ സാമ്പത്തിക അഭിലാഷങ്ങൾ സുവ്യക്തമാണ്. ആർട്ടിക് ഐസ് ഉരുകുകയും പുതിയ ഷിപ്പിംഗ് റൂട്ടുകൾ തുറക്കുകയും ചെയ്യുമ്പോൾ ദ്വീപിന്റെ ഉപയോഗിക്കാത്ത വിശാലമായ വിഭവങ്ങൾ- അപൂർവ ധാതുക്കൾ ഉൾപ്പെടെ, ഖനനം ചെയ്തെടുക്കാം. ഗ്രീൻലാൻഡ് നിലവിൽ എണ്ണ ഖനനവും അപൂർവ ധാതു ഖനനവും നിരോധിച്ചിരിക്കുകയാണ്. ഗ്രീൻലാൻഡ് ഏറ്റെടുക്കാൻ സൈനിക ശക്തി ഉപയോഗിച്ചേക്കാമെന്ന ട്രംപിന്റെ വാദമാണ് സഖ്യകക്ഷികളെ ആശങ്കാകുലരാക്കിയത്.

യൂറോപ്പിനും വടക്കേ അമേരിക്കയ്ക്കും ഇടയിലുള്ള ഏറ്റവും എളുപ്പമുള്ള പാത എന്ന നിലയിൽ ഗ്രീൻലാൻഡിൻ്റെ തന്ത്രപരമായ സ്ഥാനം അതിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു, പ്രത്യേകിച്ച് ആർട്ടിക് മഞ്ഞു ഉരുകുന്നത് പുതിയ കപ്പൽ പാതകളെ പ്രായോഗികമാക്കുന്നു. റഷ്യയുമായും ചൈനയുമായും സംഘർഷം നിലനിൽക്കെ, യുഎസിനെ സംബന്ധിച്ച് ആർട്ടിക് ഭൂപ്രദേശത്തിന് വലിയ പ്രാധാന്യമുണ്ട്. കാനഡ, ഗ്രീൻലാൻഡ്, ഐസ്ലാൻഡ്, നോർവേ, സ്വീഡൻ, ഫിൻലാൻഡ് എന്നീരാജ്യങ്ങൾക്ക് പുറമെ, യുഎസ്എ, റഷ്യ എന്നീ രാജ്യങ്ങളും ആർട്ടിക്കുമായി അതിർത്തി പങ്കിടുന്നു. എന്നിട്ടും യുറോപ്പിനേയും കാനഡയേയും ട്രംപ് വെറുപ്പിക്കുന്നത് എന്തു ലക്ഷ്യത്തിനാണ് എന്നാണ് ചോദ്യം.

പനാമ കരാറിലെ പഴുത്

യുഎസ് കണ്ടെയ്നർ ഗതാഗതത്തിന്റെ 40 ശതമാനം ഒഴുകുന്ന തന്ത്രപ്രധാനമായ സമുദ്ര പാതയായ പനാമ കനാലിനെക്കുറിച്ച് സമാനമായ അഭിപ്രായങ്ങൾ ട്രംപ് നടത്തിയതും ആരും തമാശയായി കരുതുന്നില്ല. മേഖലയിൽ ചൈനയുടെ വർദ്ധിച്ചുവരുന്ന സ്വാധീനത്തിൽ ട്രംപ് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. പനാമയിലെ ജനസംഖ്യയുടെ ഏകദേശം 5 ശതമാനം ചൈനീസ് വംശജരാണ്, ആദ്യകാലത്ത് തൊഴിലാളികളായി രാജ്യത്തേക്ക് കൊണ്ടുവന്നവരുടെ പിൻഗാമികളാണ് അവർ. പസഫിക് സമുദ്രത്തെയും കരീബിയൻ കടലിനെയും ബന്ധിപ്പിക്കുന്ന ഒരു സുപ്രധാന സമുദ്ര പാതയാണ് പനാമ കനാൽ. 1914 ൽ യുഎസ് നിർമ്മിച്ച് വാണിജ്യത്തിനായി തുറന്നുകൊടുത്ത ഈ കനാൽ 1977 ലെ ടോറിജോസ്-കാർട്ടർ ഉടമ്പടികൾ പ്രകാരം പനാമയ്ക്ക് കൈമാറി, അതിനുശേഷം ഇത് പനാമയുടെ നിയന്ത്രണത്തിലാണ്.

എന്നിരുന്നാലും, പനാമയിൽ ചൈനയുടെ വർദ്ധിച്ചുവരുന്ന ഇടപെടൽ അമേരിക്കയുടെ ശ്രദ്ധ ആകർഷിച്ചു. 2017 മുതൽ, പനാമയിലെ ചൈനീസ് നിക്ഷേപങ്ങൾ ഗണ്യമായി വർധിച്ചിട്ടുണ്ട്. കനാലിന്റെ പ്രവേശന കവാടങ്ങൾക്ക് സമീപമുള്ള അഞ്ച് തുറമുഖങ്ങളിൽ രണ്ടെണ്ണം ഹോങ്കോംഗ് ആസ്ഥാനമായുള്ള സികെ ഹച്ചിസൺ ഹോൾഡിംഗ്സാണ് കൈകാര്യം ചെയ്യുന്നത്. കനാൽ ചൈന നിയന്ത്രിക്കുന്നുവെന്ന ട്രംപിന്റെ അവകാശവാദങ്ങൾക്കിടെ, കനാൽ പനാമയുടെ അധികാരത്തിൻ കീഴിലാണെന്ന് പനാമ പ്രസിഡന്റ് ജോസ് റൗൾ മുലിനോ വീണ്ടും വീണ്ടും ആവർത്തിക്കുന്നുണ്ട്.

ടോറിജോസ്-കാർട്ടർ ഉടമ്പടി പ്രകാരം കനാലിന്റെ നിയന്ത്രണം പിടിച്ചെടുക്കാൻ യുഎസിന് അധികാരമില്ല. എന്നാൽ ബാഹ്യ ഭീഷണികളിൽ നിന്ന് കനാലിനെ സംരക്ഷിക്കാൻ യുഎസിന് സൈന്യത്തെ ഉപയോഗിക്കാൻ കരാർ അനുമതി നൽകുന്നുണ്ട്. ആ പഴുതാണ് ട്രംപ് ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നത് .

അന്താരാഷ്ട്രനിയമങ്ങൾ , അർദ്ധസത്യങ്ങൾ, പ്രകോപനപരമായ വാചകകസർത്തുകൾ എന്നിവയുടെ ഒരു മിശ്രിതമാണ് ട്രംപ് പ്രയോഗിക്കുന്നത്. ഇത് സഖ്യകക്ഷികളെയും എതിരാളികളെയും ഒരുപോലെ അനിശ്ചിതത്വത്തിലാക്കുന്നു.

ആർട്ടിക് മേഖലയിൽ ചൈനയുടെയും റഷ്യയുടെയും പങ്കിനെ കുറിച്ചും ലാറ്റിൻ അമേരിക്കയിലും കരീബിയൻ ദ്വീപിലും ചൈനയുടെ വർദ്ധിച്ചുവരുന്ന സ്വാധീനത്തെ കുറിച്ചും ട്രംപ് നന്നായി മനസ്സിലാക്കിയിട്ടുണ്ട്. ഇൻഡോ-പസഫിക്കിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുള്ള നയത്തിൽ നിന്ന് അമേരിക്ക മാറി ചിന്തിക്കുന്നത് അതുകൊണ്ടുകൂടിയാണ്.

ട്രംപിന്റെ സമീപനങ്ങൾ പ്രവചനാതീതമാണ്. എന്നിരുന്നാലും, യൂറോപ്യൻ, ഇന്തോ-പസഫിക് സഖ്യകക്ഷികളുടെ പിന്തുണയില്ലാതെ യുഎസിന് റഷ്യയെയോ ചൈനയെയോ നേരിടാൻ കഴിയില്ല.

ഇപ്പോഴത്തെ നടപടികർ യുഎസിന് ഹ്രസ്വകാല നേട്ടങ്ങൾ നൽകിയേക്കാം, പക്ഷേ അമിതമായി അധികാരം ഉപയോഗിച്ചാൽ അമേരിക്കൻ ആഗോളമേധാവിത്തം ദുർബലമാകാൻ സാധ്യതയുമുണ്ട്. ഈ നിലപാടുകൾ വഴി ഉടനടി ചില താൽകാലിക നേട്ടങ്ങൾ യുഎസിനു കിട്ടുമെങ്കിലും പിന്നീട് അത് യുഎസിൻ്റെ ഭാവിക്ക് നേട്ടമായിരിക്കില്ല.

ട്രംപ് ഒരു ഒന്നാന്തരം ഡീൽ മേക്കറാണ്. ഒരാൾ ദുർബലനായിരിക്കുന്ന അവസരത്തിൽ കേറി ഇടപെടുക, സമ്മർദ്ദത്തിലാക്കുക, തനിക്ക് അനുകൂലമായ ഡീൽ ഉണ്ടാക്കുക. ഇതാണ് ട്രംപിൻ്റെ തന്ത്രം. കാനഡയിലും ഗ്രീൻലാൻഡിലും ട്രംപ് പയറ്റുന്നത് അതു തന്നെ. ബിസിനസുകാരനായ ട്രംപിൻ്റെ രാഷ്ട്രീയ വ്യാകരണങ്ങൾ മറ്റു രാജ്യങ്ങൾക്ക് വേഗം പിടികിട്ടിയെന്നു വരില്ല.

The world is shaken by Trumpism as the equations of US international relations change