
അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250–ാം വാർഷികം അടയാളപ്പെടുത്തിക്കൊണ്ട് ചെന്നൈ നഗരത്തിലുടനീളം ആകർഷകമായ രീതിയിൽ ആഘോഷങ്ങൾ അണിയിച്ചൊരുക്കി ചെന്നൈ യു.എസ്. കോൺസുലേറ്റ് ജനറൽ കാര്യാലയം. ഈ ചരിത്ര നിമിഷം ആദരിക്കുന്നതിനും അമേരിക്കയുടെ സമ്പന്നമായ ചരിത്രം എടുത്തുകാണിക്കുന്നതിനും അമേരിക്കയുടെയും ഇന്ത്യയുടെയും തന്ത്രപ്രധാന താൽപ്പര്യങ്ങളുടെ ആഴമേറിയ ഒത്തൊരുമ അടിവരയിടുന്നതിനുമായി “ഫ്രീഡം 250” എന്ന പേരിലാണ് ഈ ആഘോഷങ്ങൾ വിഭാവനം ചെയ്‌തിരിക്കുന്നത്.
ആഘോഷ പരിപാടികളിൽ ഏറ്റവും ശ്രദ്ധേയമായത് ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻറെ ആസ്ഥാനമായ ഐതിഹ്യ പ്രസിദ്ധ റിപ്പൺ ബിൽഡിംഗും, ദക്ഷിണേന്ത്യയിലെ പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ വി.ഐ.ടി. ചെന്നൈയും അമേരിക്കൻ പതാകയുടെ നിറങ്ങളിൽ പ്രകാശിപ്പിക്കപ്പെട്ടതാണ്. യു.എസ്. കോൺസുലേറ്റ് ജനറൽ കെട്ടിടം വലിയ അമേരിക്കൻ പതാകകളും ചുവപ്പ്, വെള്ള, നീല നിറങ്ങളിലുള്ള വിളക്കുകളും കൊണ്ട് അലങ്കരിക്കപ്പെട്ടു.
ഈ ആഘോഷ അന്തരീക്ഷത്തിന് മാറ്റ് ചാർത്തിക്കൊണ്ട് യു.എസ്. പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെയും ഐതിഹ്യ പ്രസിദ്ധ സ്റ്റാച്യൂ ഓഫ് ലിബർട്ടിയുടെയും ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന രണ്ടായിരത്തോളം ഓട്ടോറിക്ഷകൾ ചെന്നൈയുടനീളം നിരത്തുകളിലോടുന്നു. “ഫ്രീഡം 250” ആഘോഷം നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുന്നതിനും യു.എസ്.-ഇന്ത്യ ബന്ധത്തിൻറെ ശക്തി പ്രതീകപ്പെടുത്തുന്നതിനുമാണ് ഈ ഉദ്യമം.
ചെന്നൈ നഗരത്തിലെ സ്കൂളുകളുമായി സഹകരിച്ച് “യു.എസ്. അറ്റ് യുവർ സ്കൂൾ” എന്ന പേരിൽ യു.എസ്. കോൺസുലേറ്റ് ജനറൽ നവീന സാങ്കേതികവിദ്യ, നേതൃത്വം, സംസ്കാരം, ചരിത്രം എന്നീ മേഖലകളിലുള്ള അമേരിക്കൻ മികവ് എടുത്തുകാട്ടി. “ഫ്രീഡം 250” വിഷയമാക്കിക്കൊണ്ട് പോസ്റ്റർ, ക്വിസ് മത്സരങ്ങൾ, ഡോക്യുമെന്ററി പ്രദർശനങ്ങൾ എന്നിവയിലൂടെ വിദ്യാർത്ഥികളെ അമേരിക്കയുടെ നേട്ടങ്ങൾ പരിചയപ്പെടുത്തുകയും സ്വാതന്ത്ര്യം, അവസരം, പുരോഗതി എന്നിവയ്ക്ക് അമേരിക്ക നൽകിയ സംഭാവനകളെക്കുറിച്ചുള്ള അവബോധം ശക്തിപ്പെടുത്തുകയും ചെയ്തു.
ജൂൺ 22-ന് ചെന്നൈയിൽ നടന്ന ഗംഭീരമായ സ്വാതന്ത്ര്യദിന ആഘോഷത്തെ തുടർന്നാണ് പൊതു ഇടങ്ങളിലുള്ള ഈ സംരംഭങ്ങൾ തുടങ്ങിയത്. ആ ചടങ്ങിൽ ഇന്ത്യയിലെ യു.എസ്. അംബാസഡർ സെർജിയോ ഗോർ, ചെന്നൈ യു.എസ്. കോൺസൽ ജനറൽ മരിയാന എൽ. നൈഷുലർ, തമിഴ്‌നാട് പൊതുമരാമത്ത്-കായിക വികസന മന്ത്രി ആധവ് അർജുന, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, വ്യവസായ നേതാക്കൾ, നയതന്ത്ര പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
കോൺസുലേറ്റിൽ പ്രവർത്തിക്കുന്ന അമേരിക്കൻ സെൻറർ ദേശീയ ദിന ആഘോഷത്തിൽ “സ്‌പേസ് എക്‌സ്‌പീരിയൻഷ്യൽ ലേണിംഗ് സെന്റർ” ഉദ്ഘാടനം ചെയ്തു; ഈ പ്രദർശനം ഇപ്പോൾ കോൺസുലേറ്റിൽ പൊതുജനങ്ങൾക്കായി തുറന്നിരിക്കുന്നു. ഇത് കൂടാതെ ഒരു വർഷമുടനീളമുള്ള പ്രവർത്തനങ്ങളാണ് അമേരിക്കൻ സെൻറർ “ഫ്രീഡം 250”-യുമായി ബന്ധപ്പെട്ട് നടത്തുന്നത്. ഇതിൽ വിദ്യാർത്ഥികൾക്ക് യു.എസ്. നയതന്ത്രജ്ഞരുമായി സംവദിക്കാനുള്ള “ചാറ്റ് വിത്ത് എ ഡിപ്ലോമാറ്റ്” പരമ്പര, ശാസ്ത്ര മേഖലകളിലുള്ള അമേരിക്കൻ മികവ് എടുത്തുകാണിക്കുന്ന പ്രഭാഷണങ്ങൾ, ചെന്നൈ വിമൻസ് ക്രിസ്ത്യൻ കോളേജിൽ പ്രശസ്‌ത അമേരിക്കൻ എഴുത്തുകാരെപ്പറ്റി നടന്ന രണ്ടു ദിവസത്തെ കോൺഫറൻസ് എന്നിവ ഉൾപ്പെടുന്നു.
US Consulate General Chennai Marks 250 Years of American Independence with Freedom 250 Celebrations













