
അപകടകരമായ രോഗകാരിയായ ഫംഗസിനെ യുഎസിലേക്ക് കടത്താൻ ശ്രമിച്ചെന്ന് ആരോപിച്ച് രണ്ട് ചൈനീസ് പൗരന്മാർക്കെതിരെ കേസെടുത്തു. 33 കാരനായ യുങ്കിംഗ് ജിയാനും 34 കാരനായ സുൻയോങ് ലിയുവിനും എതിരെ ഗൂഢാലോചന, സാധനങ്ങൾ കടത്തൽ, തെറ്റായ വിവരങ്ങൾ നൽകൽ, വീസ തട്ടിപ്പ് എന്നീ കുറ്റങ്ങൾ ചുമത്തിയതായി മിഷിഗണിലെ ഈസ്റ്റേൺ ഡിസ്ട്രിക്റ്റിനായുള്ള യുഎസ് അറ്റോർണി ഓഫിസ് അറിയിച്ചു.
തന്റെ കാമുകി ജിയാൻ ഗവേഷണം ചെയ്തിരുന്ന മിഷിഗൺ സർവകലാശാലയിലെ ഒരു ലബോറട്ടറിയിലേക്കാണ് ലിയു ഫംഗസ് കൊണ്ടുവരാൻ ശ്രമിച്ചത്. ജിയാന് അതിനെ കുറിച്ച് പഠിക്കുന്നതിനാണ് ഫംഗസിനെ കൊണ്ടുവന്നത് എന്നു പറയപ്പെടുന്നു. ചൈനയിലെ രോഗകാരിയെക്കുറിച്ചുള്ള ഗവേഷണത്തിന് ജിയാൻ ചൈനീസ് സർക്കാരിൽ നിന്ന് ധനസഹായം സ്വീകരിച്ചതായും അവർ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമാണെന്നും യുഎസ് അധികൃതർ ആരോപിക്കുന്നു.
ഫ്യൂസേറിയം ഗ്രാമിനേരം എന്ന പേരിൽ അറിയപ്പെടുന്ന ഫംഗസ് ഗോതമ്പ്, ബാർലി, ചോളം, അരി എന്നീ വിളകളെ നശിപ്പിക്കുന്ന ഒരു രോഗകാരിയാണ്. ഭക്ഷണത്തിൽ ഉൾപ്പെട്ടാൽ ഗുരുതര കരൾ രോഗത്തിന് ഇത് കാരണമാകും. രാജ്യ സുരക്ഷക്ക് ഭീഷണിയായ ശക്തമായ ഒരു ബയോ ടെററിസ്റ്റ് ആയുധമായാണ് അമേരിക്ക ഈ ഫംഗസിനെ കണക്കാക്കുന്നത്.
tried to smuggle dangerous biological pathogen fungus 2 Chinese nationals in US custody