
വാഷിംഗ്ടൺ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ വീണ്ടും വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുക്രൈൻ യുദ്ധം അവസാനിപ്പിക്കാമെന്ന് റഷ്യയും പുടിനും നാലുതവണ തെറ്റിദ്ധരിപ്പിച്ചതായി ട്രംപ് ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ ആരോപിച്ചു. റഷ്യക്കെതിരെ പുതിയ ഉപരോധ മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ ഈ വിമർശനം. യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാമെന്ന് തുടർച്ചയായി വാഗ്ദാനം ചെയ്ത് വഞ്ചിക്കുന്നതിനാലാണ് ഉപരോധ മുന്നറിയിപ്പ് പ്രഖ്യാപിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. നാറ്റോ സൈനിക സഖ്യം കാലഹരണപ്പെട്ടിട്ടില്ലെന്നും, അതിന്റെ പ്രസക്തി ഇപ്പോൾ കൂടുതൽ വർധിച്ചിട്ടുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അതിനിടെ, യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട് ട്രംപ് പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നൽകിയതിനോട് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് പ്രതികരിച്ചു. ട്രംപിന്റെ നീക്കങ്ങൾക്ക് പിന്നിലെ ഉദ്ദേശ്യം മനസിലാക്കാൻ റഷ്യ ആഗ്രഹിക്കുന്നുവെന്നും, ഏത് ഉപരോധവും നേരിടാൻ തങ്ങൾക്ക് കഴിയുമെന്നും ലാവ്റോവ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ട്രംപിന്റെ 50 ദിവസത്തെ വെടിനിർത്തൽ അന്ത്യശാസനത്തോട് അദ്ദേഹം രൂക്ഷമായി പ്രതികരിച്ചു. പുടിൻ നിശ്ചിത സമയത്തിനുള്ളിൽ വെടിനിർത്തലിന് സമ്മതിച്ചില്ലെങ്കിൽ സെക്കൻഡറി താരിഫുകൾ ഏർപ്പെടുത്തുമെന്ന ട്രംപിന്റെ ഭീഷണിയെ ലാവ്റോവ് തള്ളിക്കളഞ്ഞു, റഷ്യയ്ക്ക് ഏത് വെല്ലുവിളിയും നേരിടാനുള്ള ശേഷിയുണ്ടെന്ന് അവകാശപ്പെട്ടു.