ആ ചെയ്തത് ശരിയായില്ല! ട്രംപിനെതിരെ കേസ് നല്‍കി 20 സംസ്ഥാനങ്ങള്‍; സ്വകാര്യ മെഡിക്കെയ്ഡ് വിവരങ്ങള്‍ എന്തിന് നാടുകടത്തല്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കി ?

വാഷിംഗ്ടണ്‍ : മെഡിക്കെയ്ഡ് പ്രോഗ്രാമുകളിലെ ദശലക്ഷക്കണക്കിന് ആളുകളുടെ സ്വകാര്യ ആരോഗ്യ വിവരങ്ങള്‍ നാടുകടത്തല്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നുവെന്ന് കാട്ടി ട്രംപ് ഭരണകൂടത്തിനെതിരെ കേസ് നല്‍കി 20 സംസ്ഥാനങ്ങള്‍. ഭരണകൂടം സ്വകാര്യതാ നിയമങ്ങള്‍ ലംഘിച്ചുവെന്ന് കാലിഫോര്‍ണിയ അറ്റോര്‍ണി ജനറല്‍ റോബ് ബോണ്ട ചൊവ്വാഴ്ച ആരോപിച്ചു. താനും മറ്റ് 19 സംസ്ഥാനങ്ങളിലെ അറ്റോര്‍ണി ജനറലും ഈ നീക്കത്തിനെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കാലിഫോര്‍ണിയ, ഇല്ലിനോയിസ്, വാഷിംഗ്ടണ്‍ സ്റ്റേറ്റ്, വാഷിംഗ്ടണ്‍ ഡിസി എന്നിവിടങ്ങളില്‍ താമസിക്കുന്ന ആളുകളുടെ സ്വകാര്യ ആരോഗ്യ വിവരങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ഡാറ്റാസെറ്റ് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പിന് നല്‍കാന്‍ ആരോഗ്യ സെക്രട്ടറി റോബര്‍ട്ട് എഫ്. കെന്നഡി ജൂനിയറിന്റെ ഉപദേഷ്ടാക്കള്‍ ഉത്തരവിട്ടതായി അസോസിയേറ്റഡ് പ്രസ് കഴിഞ്ഞ മാസം ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വിലാസങ്ങള്‍, പേരുകള്‍, സാമൂഹിക സുരക്ഷാ നമ്പറുകള്‍, ഇമിഗ്രേഷന്‍ സ്റ്റാറ്റസ്, ആ സംസ്ഥാനങ്ങളിലെ എന്റോള്‍ ചെയ്തവരുടെ ക്ലെയിം ഡാറ്റ എന്നിവയുള്‍പ്പെടെയുള്ള സ്വകാര്യ ആരോഗ്യ വിവരങ്ങളാണ് നാടുകടത്തല്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയത്. കൂട്ട നാടുകടത്തല്‍ കാമ്പെയ്നില്‍ കുടിയേറ്റക്കാരെ കണ്ടെത്താന്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പിനെ സഹായിക്കുന്നതിന് ഈ ഡാറ്റ ഉപയോഗിക്കാമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

മെഡിക്കെയ്ഡ്

പരിമിതമായ വരുമാനവും വിഭവങ്ങളുമുള്ള യോഗ്യരായ വ്യക്തികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഒരു സംയുക്ത ഫെഡറല്‍, സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയാണ് മെഡിക്കെയ്ഡ്. താഴ്ന്ന വരുമാനക്കാരായ മുതിര്‍ന്നവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, വൈകല്യമുള്ളവര്‍ എന്നിവരുടെ ആരോഗ്യ സംരക്ഷണ ചെലവുകള്‍ സഹായിക്കുന്നതിനായാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഫെഡറല്‍, സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി ഈ പരിപാടിക്ക് ധനസഹായം നല്‍കുന്നു.

More Stories from this section

family-dental
witywide