
വാഷിംഗ്ടണ്‍ : റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്നുവെന്ന് കാട്ടി ഇന്ത്യയ്ക്ക് മേല്‍ ദ്വിതീയ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇത് റഷ്യക്കുള്ള പണിയാണെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മാധ്യമപ്രവര്‍ത്തകനോട് വ്യക്തമാക്കി. കൂടുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്ന മുന്നറിയിപ്പും ട്രംപ് നല്‍കി. ഓവല്‍ ഓഫീസില്‍ പോളിഷ് പ്രസിഡന്റ് കരോള്‍ നവ്‌റോക്കിയുമായുള്ള ഒരു ഉഭയകക്ഷി കൂടിക്കാഴ്ചയിലാണ് ട്രംപിന്റെ പരാമര്‍ശം. ഈ നടപടിയിലൂടെ മോസ്‌കോയ്ക്ക് ഇതിനകം തന്നെ നൂറുകണക്കിന് ബില്യണ്‍ ഡോളര്‍ നഷ്ടമായെന്നും രണ്ടാം ഘട്ടവും ‘മൂന്നാം ഘട്ട’വും ഇപ്പോഴും പരിഗണനയിലുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
യുക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ നീക്കത്തില്‍ നിരാശ പ്രകടിപ്പിക്കുകയും എന്നാല്‍, നടപടിയെടുക്കാതിരിക്കുകയും ചെയ്ത ട്രംപിനോട് ഇതേക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത് ട്രംപിനെ ചൊടിപ്പിച്ചു. ‘നടപടിയില്ലെന്ന് നിങ്ങള്‍ക്ക് എങ്ങനെ അറിയാം? ഇന്ത്യയ്ക്ക് മേല്‍ ദ്വിതീയ ഉപരോധം ഏര്‍പ്പെടുത്തിയത് റഷ്യക്കുള്ള നടപടിയാണ്. അത് റഷ്യയ്ക്ക് നൂറുകണക്കിന് ബില്യണ്‍ ഡോളര്‍ നഷ്ടമാക്കി. നിങ്ങള്‍ അതിനെ നടപടിയില്ലെന്ന് വിളിക്കുന്നുണ്ടോ? നടപടിയും എടുത്തില്ലെന്ന് പറയുന്ന നിങ്ങള്‍ പുതിയ ജോലി നോക്കണം”ഒരു പോളിഷ് റിപ്പോര്‍ട്ടറോട് കയര്‍ത്ത് ട്രംപിന്റെ മറുപടി എത്തി.
ഇന്ത്യയ്ക്കുള്ള തന്റെ മുന്നറിയിപ്പ് വ്യക്തമായിരുന്നുവെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു. ‘രണ്ടാഴ്ച മുമ്പ്, ഞാന്‍ പറഞ്ഞു, ഇന്ത്യ വാങ്ങുകയാണെങ്കില്‍, ഇന്ത്യയ്ക്ക് വലിയ പ്രശ്നങ്ങളുണ്ടെന്ന്, അതാണ് സംഭവിക്കുന്നത്. അതിനാല്‍, അതിനെക്കുറിച്ച് എന്നോട് പറയരുത്,’ അദ്ദേഹം പറഞ്ഞു.
പുടിന്‍, ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് എന്നിവര്‍ ബീജിംഗില്‍ നടന്ന സൈനിക പരേഡില്‍ ഒരുമിച്ച് എത്തിയതിനെക്കുറിച്ചും മോസ്‌കോയില്‍ ദ്വിതീയ ഉപരോധം ഏര്‍പ്പെടുത്തുന്നത് പരിഗണിക്കുന്നുണ്ടോ എന്നതിനെക്കുറിച്ചുമുള്ള മറ്റൊരു ചോദ്യത്തിന് മറുപടിയായി, ഇന്ത്യയ്ക്കെതിരായ ഉപരോധങ്ങളിലൂടെ തന്റെ സര്‍ക്കാര്‍ ഇതിനകം തന്നെ മോസ്‌കോയ്ക്കെതിരെ നീങ്ങിയിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു.
ഓഗസ്റ്റ് 27 മുതല്‍ പ്രാബല്യത്തില്‍ വന്ന അമേരിക്കയുടെ പുതിയ തീരുവനടപടികള്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ തീരുവ ഇരട്ടിയാക്കി. തീരുവ 50 ശതമാനമാക്കി ഉയര്‍ത്തിയതോടെ ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാര സംഘര്‍ഷത്തിലാണ്.