
വാഷിംഗ്ടണ്‍ : ടിക് ടോകിന് യുഎസ് കമ്പനിയുടെ ഉടമസ്ഥതയില്‍ യുഎസില്‍ തുടരാം. ട്രംപ് ടിക്ടോക് വിൽപനക്ക് അനുമതി നൽകി. ടിക്ടോക്കിന്റെ അമേരിക്കൻ ഓപ്പറേഷൻസ് 14 ബില്യൻ ഡോളറിന് വിൽക്കുന്നതിനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവെച്ചു.
എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ അനുസരിച്ച്, ചൈന ആസ്ഥാനമായുള്ള ബൈറ്റ്ഡാന്‍സ് ടിക് ടോക്കിന്റെ യുഎസ് പ്രവര്‍ത്തനങ്ങള്‍ വില്‍ക്കുകയോ രാജ്യത്ത് ഫലപ്രദമായ നിരോധനം നേരിടുകയോ ചെയ്യണമെന്ന് ആവശ്യപ്പെടുന്നു. ഉടമ്പടി പ്രകാരം, ടിക്ടോക്കിന്റെ ഡേറ്റ സെന്ററുകൾ അമേരിക്കയിൽ തന്നെ സ്ഥാപിക്കപ്പെടുകയും അമേരിക്കൻ അധികാരികളുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുകയും ചെയ്യും. ദേശീയ സുരക്ഷാ നിയമത്തിന്റെ ചുവടുപിടിച്ചാണ് നീക്കം. കരാറില്‍ ഏര്‍പ്പെടുന്ന പുതിയ കമ്പനി ടിക് ടോക്കിന്റെ യുഎസ് ബിസിനസിന് മേല്‍നോട്ടം വഹിക്കും. ബൈറ്റ്ഡാന്‍സ് 20% ല്‍ താഴെ ഓഹരികള്‍ നിലനിര്‍ത്തും.
എന്റര്‍പ്രൈസ് ടെക് ഭീമനായ ഒറാക്കിള്‍, സില്‍വര്‍ ലേക്ക്, അബുദാബി ആസ്ഥാനമായുള്ള എംജിഎക്‌സ് നിക്ഷേപ ഫണ്ട് എന്നിവ ടിക് ടോക്കിന്റെ യുഎസ് ബിസിനസിലെ പ്രധാന നിക്ഷേപകരായിരിക്കും. ഇവര്‍ സ്ഥാപനത്തില്‍ ഏകദേശം 45% ഓഹരികള്‍ നിയന്ത്രിക്കും. അതേസമയം ബൈറ്റ്ഡാന്‍സ് നിക്ഷേപകരും പുതിയ ഉടമകളും 35% ഓഹരികള്‍ സ്വന്തമാക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, ട്രംപ് ഉത്തരവില്‍ ഒപ്പുവയ്ക്കുമ്പോള്‍ ബൈറ്റ്ഡാന്‍സില്‍ നിന്നുള്ള പ്രതിനിധികളാരും പങ്കെടുത്തില്ലെന്നാണ് വിവരം. കൂടാതെ ഒരു ഇടപാട് നടക്കുന്നുണ്ടെന്നതിനെക്കുറിച്ച് കമ്പനിയുടെ ഭാഗത്തുനിന്നും പ്രതികരണം വന്നിട്ടുമില്ല. എന്നാല്‍, കരാറിന് മുമ്പ് ചൈനീസ് സര്‍ക്കാര്‍ ചില എതിര്‍പ്പുകള്‍ ഉന്നയിച്ചെങ്കിലും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ഇടപാടിന് അനുമതി നല്‍കിയതായി ട്രംപ് പറഞ്ഞു.
ടിക് ടോക്കിന്റെ യുഎസ് പ്രവര്‍ത്തനങ്ങള്‍ വില്‍ക്കാനോ മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പിട്ട ദേശീയ സുരക്ഷാ നിയമത്തിന് വിധേയമാക്കാനോ ബൈറ്റ്ഡാന്‍സിന്റെ സമയപരിധി നീട്ടിക്കൊണ്ടുള്ള ഒരു എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് കഴിഞ്ഞ ആഴ്ച ഒപ്പുവെച്ചിരുന്നു. പിന്നീടാണ് ടിക് ടോക്ക് വില്‍പ്പനയ്ക്ക് തയ്യാറാണെന്ന് പ്രഖ്യാപിക്കുന്ന ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചത്.
ചൈനീസ് കമ്പനിയായ ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ടിക്ടോക്, അമേരിക്കൻ ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്നുവെന്ന ആരോപണങ്ങൾ കാരണം രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആപ്പിന് നിരോധനം ഏർപ്പെടുത്തിയിരുന്നത്.