
വാഷിംഗ്ടൺ: അമേരിക്കയിൽ പ്രതിവർഷം പതിനായിരക്കണക്കിന് ആളുകളുടെ മരണത്തിന് കാരണമാകുന്ന മാരക ലഹരിമരുന്നായ ഫെന്‍റാനിലിനെ കൂട്ടനാശം വരുത്തുന്ന ആയുധമായി പ്രഖ്യാപിച്ച് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ചു. മയക്കുമരുന്ന് കടത്തിനെതിരെ സൈനികവും സാമ്പത്തികവുമായ എല്ലാ മാർഗ്ഗങ്ങളും ഉപയോഗിക്കാൻ ഈ ഉത്തരവ് ഭരണകൂടത്തിന് അധികാരം നൽകുന്നു. തിങ്കളാഴ്ച ഓവൽ ഓഫീസിൽ വെച്ചാണ് ട്രംപ് ഈ ‘ചരിത്രപരമായ’ ഉത്തരവിൽ ഒപ്പിട്ടത്. അതിർത്തി സംരക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന സൈനികർക്ക് മെഡലുകൾ നൽകുന്ന ചടങ്ങിനിടെയായിരുന്നു ഈ പ്രഖ്യാപനം.
“ലഹരിമരുന്നിന്റെ വിപത്തിൽ നിന്ന് അമേരിക്കക്കാരെ സംരക്ഷിക്കാനാണ് ഈ നീക്കം. ഒരു ബോംബിനും ചെയ്യാൻ കഴിയാത്ത നാശമാണ് ഫെന്‍റാനിൽ വരുത്തിക്കൊണ്ടിരിക്കുന്നത്. പ്രതിവർഷം 2 ലക്ഷം മുതൽ 3 ലക്ഷം വരെ ആളുകൾ ഇതുകാരണം മരിക്കുന്നു,” ട്രംപ് പറഞ്ഞു. വെറും 2 മില്ലിഗ്രാം ഫെന്‍റാനിൽ മതി ഒരു മനുഷ്യൻ്റെ ജീവനെടുക്കാൻ. അതിനാൽ ഇതിനെ ഒരു നാർക്കോട്ടിക് എന്നതിലുപരി ഒരു രാസായുധമായിട്ടാണ് വൈറ്റ് ഹൗസ് ഇപ്പോൾ കാണുന്നത്.
പുതിയ മാറ്റത്തോടെ ഈ മയക്കുമരുന്ന് കടത്തുന്നവർക്കെതിരെ അതീവ ഗുരുതരമായ ക്രിമിനൽ കുറ്റങ്ങൾ ചുമത്താനും പരമാവധി ശിക്ഷ ഉറപ്പാക്കാനും ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്‍റിന് സാധിക്കും. അമേരിക്കൻ നിയമപ്രകാരം ഇത് ഉപയോഗിക്കുന്നത് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമായി മാറും. മയക്കുമരുന്ന് കടത്ത് ബോട്ടുകളെയും ലാവണങ്ങളെയും നേരിടാൻ സൈനിക വിഭവങ്ങൾ ഉപയോഗിക്കുന്നതിന് പ്രതിരോധ വകുപ്പിന് കൂടുതൽ അധികാരം ലഭിക്കും.














