ടെക്‌സസിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിക്കുമെന്ന് ട്രംപ്; പ്രളയത്തിൽ മരണം 82ആയി

ടെക്സസ്: ടെക്‌സസിലുണ്ടായ മിന്നല്‍ പ്രളയത്തിൽ 82 പേർ മരിച്ചതായും 41 പേരെ കാണാതായെന്നും അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മരിച്ചവരിൽ 28 കുട്ടികളുമുണ്ടെന്നും റിപ്പോർട്ടുകൾ. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെള്ളിയാഴ്ച വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിക്കുമെന്ന് അറിയിച്ചു. ഇത് നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തവും ഏറെ ഭയാനകമായ ഒന്നാണെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. പ്രളയ ദുരന്തത്തിലുണ്ടായ നാശനഷ്ടങ്ങൾക്ക് സഹായം വാ​ഗ്ദാനം ചെയ്ത ട്രംപ് ടെക്‌സസ് ഗവര്‍ണറുമായി സംസാരിച്ചതായും മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

അതേസമയം, പ്രളയത്തിൽ കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. അടുത്ത മണിക്കൂറിനുള്ളിൽ കൂടുതൽ കൊടുങ്കാറ്റുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ടെക്സസിലെ വെള്ളപ്പൊക്കത്തിൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് ടെക്സസ് പബ്ലിക് സേഫ്റ്റി മേധാവി ഫ്രീമാൻ മാർട്ടിൻ അറിയിച്ചു. വെള്ളിയാഴ്‌ച പുലർച്ചെയാണ് ടെക്‌സസിനെ ദുരിതഭൂമിയാക്കിയ മിന്നൽ പ്രളയം ആരംഭിച്ചത്. ഗ്വാഡലൂപ്പ് നദിയില്‍ വെളളപ്പൊക്കമുണ്ടാവുന്നത് സാധാരണ സംഭവമാണെങ്കിലും ഇത്രയും കുറഞ്ഞ സമയത്തിനുളളില്‍ ക്രമാതീതമായ നിലയില്‍ ജലനിരപ്പുയരുന്നത് ആദ്യമായാണ്.

ടെക്സസിലെ ഹിൽ കൺട്രിയിലെ കെർ കൗണ്ടിയിലാണ് ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കം ഉണ്ടായത്, ഗ്വാഡലൂപ്പ് നദിക്കരയിലുണ്ടായ വെള്ളപ്പൊക്കത്തിൽ 28 കുട്ടികൾ ഉൾപ്പെടെ 68 പേർ മരിച്ചു. ഹണ്ടിലെ ക്യാമ്പ് മിസ്റ്റിക്കിൽ നിന്നുള്ള 10 പെൺകുട്ടികളും ഒരു കൗൺസിലറും ഉൾപ്പെടെ നിരവധി പേരെ കാണാതായെന്നും റിപ്പോ‍ർട്ടുകളുണ്ട്.ട്രാവിസ് കൗണ്ടിയിൽ വെള്ളപ്പൊക്കത്തിൽ വീടുകളും വാഹനങ്ങളും തകർന്ന് ആറ് പേർ മരിച്ചു. ഏകദേശം 50 പേരെ രക്ഷപ്പെടുത്തി പുനരധിവാസിപ്പിച്ചു. ബർനെറ്റ് കൗണ്ടിയിൽ മൂന്ന് പേർ മരിച്ചു, അഞ്ച് പേരെ കാണാതായി.

കെൻഡാൽ, വില്യംസൺ കൗണ്ടികളിൽ രണ്ട് പേരും സാൻ ആഞ്ചലോയിൽ ഒരു മരണവും സ്ഥിരീകരിച്ചു. നിരവധി വീടുകളും വാഹനങ്ങളും പ്രളയത്തിൽ ഒലിച്ചുപോയി. 850 ഓളം പേരെ രക്ഷപ്പെടുത്തി. 1,700-ലധികം ആളുകളാണ് രക്ഷാപ്രവർത്തനത്തിനായി സജ്ജരായിരിക്കുന്നതെന്നും അധികൃതർ അറിയിച്ചു.

More Stories from this section

family-dental
witywide