
വാഷിംഗ്ടൺ: ഡോണൾഡ് ട്രംപ് രണ്ടാം തവണ അധികാരത്തിൽ വന്നതിന്‍റെ ആദ്യ 100 ദിവസം ആഘോഷമാക്കി വൈറ്റ് ഹൗസ്. നൂറോളം മത നേതാക്കളെ പ്രാർഥനയ്ക്കായി മൈതാനത്തേക്ക് ക്ഷണിച്ചാണ് ആഘോഷത്തിന് സമാപനമായത്. ട്രംപിന്റെ അധികാരത്തിലെ ആദ്യ 100 ദിവസങ്ങൾ ലോകത്തെയാകെ ഞെട്ടിച്ച തീരുമാനങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്.
നിയമവിരുദ്ധ കുടിയേറ്റം തടയുക, സർക്കാർ ചെലവുകൾ കുറയ്ക്കുക, കായികരംഗത്ത് സ്ത്രീകളെയും പെൺകുട്ടികളെയും സംരക്ഷിക്കുന്ന നിയമ നിർമാണം നടത്തുക തുടങ്ങിയ തിരഞ്ഞെടുപ്പ് പ്രചാരണ വാഗ്ദാനങ്ങളുടെ പൂർത്തീകരണം കൂടിയായിരുന്നു കഴിഞ്ഞ 100 ദിനങ്ങൾ. തികഞ്ഞ വിശ്വാസിയായ ട്രംപ് പ്രാർഥനയോടെ തന്നെയായിരുന്നു ആദ്യ മന്ത്രിസഭാ യോഗത്തിന് തുടക്കമിട്ടത്. ഈസ്റ്റർ പ്രഖ്യാപനത്തിലും വിശുദ്ധ വാരത്തിലും ജീവനക്കാരുടെ ആരാധനയിലുമെല്ലാം ട്രംപ് തികഞ്ഞ ഭക്തി പ്രകടിപ്പിക്കുകയും ചെയ്തു.