
വാഷിംഗ്ടണ്‍: പാകിസ്ഥാന്‍റെ അഭ്യർത്ഥനയെ തുടർന്നാണ് ഇന്ത്യ വെടിനിർത്തലിന് സമ്മതിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കുമ്പോഴും ക്രെഡിറ്റ് തനിക്കാണെന്ന് ആവർത്തിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം നിർത്തിയത് താനാണെന്ന് അദ്ദേഹം ഒരിക്കൽ കൂടി അവകാശപ്പെടുകയും അതിനെക്കുറിച്ച് ഒരു വാർത്ത പോലും വന്നിട്ടില്ലെന്ന പരാതി ട്രംപ് വീണ്ടും ഉയര്‍ത്തുകയും ചെയ്തു.
കാനഡയിൽ നടന്ന ജി7 ഉച്ചകോടിയിൽ നിന്ന് യുഎസ് പ്രസിഡന്‍റിന് നേരത്തെ പോകേണ്ടി വന്നതിനാൽ മോദിയും ട്രംപും കണ്ടിരുന്നില്ല. ഇതോടെയാണ് ബുധനാഴ്ച പ്രധാനമന്ത്രി മോദിയും ട്രംപും 35 മിനിറ്റ് ഫോണിൽ സംസാരിച്ചത്. പാകിസ്ഥാൻ വെടിനിർത്തൽ അഭ്യർത്ഥിക്കാൻ നിർബന്ധിതരായെന്ന് പ്രധാനമന്ത്രി ട്രംപിനോട് പറഞ്ഞതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി മാധ്യമപ്രവർത്തകരെ അറിയിച്ചു.
എന്നാൽ, വൈറ്റ് ഹൗസിൽ പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീറുമായുള്ള കൂടിക്കാഴ്ചയ്ക്ക് മണിക്കൂറുകൾക്ക് മുമ്പ് താൻ യുദ്ധം നിർത്തിയെന്നാണ് ട്രംപ് വീണ്ടും അവകാശപ്പെട്ടത്. അതേസമയം, പ്രധാനമന്ത്രി മോദി വളരെ സ്വാധീനമുള്ള വ്യക്തിയാണെന്നും ട്രംപ് പറഞ്ഞു.
ഞാൻ പാകിസ്ഥാനെ സ്നേഹിക്കുന്നുവെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യയുമായുള്ള അവരുടെ യുദ്ധം നിർത്തി. മോദി ഒരു മികച്ച മനുഷ്യനാണെന്ന് ഞാൻ കരുതുന്നു. ഞാൻ ഇന്നലെ രാത്രി അദ്ദേഹത്തോട് സംസാരിച്ചു. ഇന്ത്യയുമായി ഞങ്ങൾ ഒരു വ്യാപാര കരാർ ഉണ്ടാക്കാൻ പോകുന്നു… കൂടാതെ പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള യുദ്ധം ഞാൻ നിർത്തി. ഈ മനുഷ്യൻ (ഒരുപക്ഷേ ആസിം മുനീറിനെ പരാമർശിച്ചുകൊണ്ട്) പാകിസ്ഥാൻ പക്ഷത്ത് നിന്ന് ഇത് നിർത്തുന്നതിൽ അതീവ സ്വാധീനമുള്ള വ്യക്തിയായിരുന്നു, ഇന്ത്യയുടെ പക്ഷത്ത് നിന്ന് മോദിയും മറ്റുള്ളവരും. അവർ യുദ്ധത്തിലേക്ക് പോകുകയായിരുന്നു, അവർ രണ്ട് ആണവ രാജ്യങ്ങളാണ്. ഞാൻ അത് നിർത്തി,” ട്രംപ് അവകാശപ്പെട്ടു.
ഇന്ത്യ-പാകിസ്ഥാൻ സംഘർഷം അവസാനിപ്പിക്കുന്നതിൽ യുഎസിന് യാതൊരു പങ്കുമില്ലെന്ന് മോദി ട്രംപിനോടും പറഞ്ഞു. പാകിസ്ഥാൻ അഭ്യർത്ഥിച്ചതുകൊണ്ടാണ് സൈനിക നടപടി അവസാനിപ്പിച്ചതെന്നും കശ്മീർ വിഷയത്തിൽ ഇന്ത്യ ഒരു മധ്യസ്ഥ ശ്രമവും ആഗ്രഹിക്കുന്നില്ലെന്നുമുള്ള നിലപാടും മോദി വ്യക്തമാക്കി.














