
വാഷിങ്ടൻ: ഏകദേശം 4.9 ബില്യൺ ഡോളർ വിദേശ സഹായം വെട്ടിച്ചുരുക്കാനുള്ള തീരുമാനവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കോൺഗ്രസിന്റെ അനുമതിയില്ലാതെ ‘പോക്കറ്റ് റിസഷൻ’ എന്ന അസാധാരണ നിയമപരമായ നടപടിയിലൂടെയാണ് ട്രംപ് ഭരണകൂടം ഈ നീക്കം നടത്തുന്നത്. ഇത് യുഎസ് കോൺഗ്രസിന്റെ സാമ്പത്തിക അധികാരത്തിന്മേലുള്ള വെല്ലുവിളിയാണെന്ന് വിമർശനം ഉയർന്നിട്ടുണ്ട്.
ട്രംപ് ഈ നീക്കത്തിലൂടെ രാജ്യാന്തര സമാധാന ദൗത്യങ്ങൾ, വികസന സഹായം, ഐക്യരാഷ്ട്രസഭയുടെ ബജറ്റ്, ജനാധിപത്യ പ്രോത്സാഹന ഫണ്ടുകൾ എന്നിവയ്ക്കുള്ള ഫണ്ടുകളാണ് വെട്ടിക്കുറയ്ക്കുന്നത്. കോൺഗ്രസ് ഇതിനോടകം അംഗീകാരം നൽകിയ ഫണ്ടുകൾ ചെലവഴിക്കുന്നതിൽ നിന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിനെയും യുഎസ് ഏജൻസി ഫോർ ഇന്റർനാഷനൽ ഡെവലപ്മെന്റ് (USAID) പോലുള്ള സ്ഥാപനങ്ങളെയും തടയാനാണ് ഇതിലൂടെ ട്രംപ് ശ്രമിക്കുന്നത്.
‘പോക്കറ്റ് റിസിഷൻ’ നിയമം അനുസരിച്ച്, സാമ്പത്തിക വർഷം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് പ്രസിഡന്റ് ഫണ്ട് വെട്ടിച്ചുരുക്കാൻ നിർദ്ദേശിച്ചാൽ, 45 ദിവസത്തിനുള്ളിൽ കോൺഗ്രസിന് അതിൽ നടപടിയെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ഫണ്ട് കാലഹരണപ്പെടും. ട്രംപിന്റെ ഈ നടപടിക്ക് ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ പാർട്ടികളിൽ നിന്നും ഒരുപോലെ വിമർശനം നേരിടുന്നുണ്ട്. ഈ നീക്കം നിയമവിരുദ്ധമാണെന്ന് റിപ്പബ്ലിക്കൻ സെനറ്റർ സൂസൻ കോളിൻസ് അഭിപ്രായപ്പെട്ടു.