
വാഷിംഗ്ടൺ: പസഫിക് തീരത്തും ഹവായിലും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചതിനെ തുടർന്ന് ജാഗ്രത പാലിക്കണമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. പസഫിക് സമുദ്രത്തിൽ ഉണ്ടായ അതിശക്തമായ ഭൂകമ്പത്തെ തുടർന്നാണ് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. “പസഫിക് സമുദ്രത്തിൽ ഉണ്ടായ അതിശക്തമായ ഭൂകമ്പം കാരണം ഹവായിയിൽ താമസിക്കുന്നവർക്ക് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അലാസ്കയ്ക്കും യുഎസിന്‍റെ പസഫിക് തീരത്തിനും സുനാമി മുന്നറിയിപ്പ് നിലവിലുണ്ട്. ജപ്പാനും ഈ ഭീഷണി നേരിടുന്നുണ്ട്. കരുത്തോടെയും സുരക്ഷിതരായും ഇരിക്കുക” – ട്രംപ് തന്‍റെ പോസ്റ്റിൽ കുറിച്ചു.
ജപ്പാന്റെ വടക്കുകിഴക്കന്‍ തീരത്ത് മൂന്ന് മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ആഞ്ഞടിച്ചതായി ജപ്പാന്‍ കാലാവസ്ഥ ഏജന്‍സി അറിയിച്ചു. റഷ്യയില്‍ റിക്ടര്‍ സ്‌കെയിലില്‍ 8.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. റഷ്യയുടെ കിഴക്കന്‍ തീരത്താണ് ഭൂചലനം ഉണ്ടായത്. റഷ്യയിലെ കാംചത്ക ഉപദ്വീപിലെ പെട്രോപ്ലാവ്‌ലോവ്‌സ്‌കില്‍ നിന്ന് ഏകദേശം 136 കിലോമീറ്റര്‍ കിഴക്കായിട്ടാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. റഷ്യയില്‍ വലിയ കെട്ടിടങ്ങള്‍ തകര്‍ന്നു വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഒരു കിന്‍ഡര്‍ ഗാര്‍ഡന്‍ പൂര്‍ണമായും തകര്‍ന്നതിനെ തുടര്‍ന്ന് ഒരു കുട്ടിയെ കാണാതായതായും വിവരമുണ്ട്. അമേരിക്കയിലും സുനാമി മുന്നറിയിപ്പുണ്ട്. അലാസ്കയും ഹവായിയുമടക്കമുള്ള അമേരിക്കയിലെ തീരങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.