
വാഷിംഗ്ടൺ: യുഎസിൽ വീണ്ടും അഞ്ചാംപനി ബാധിക്കുന്നവരുടെ എണ്ണം കൂടുന്നു. 2024ൽ ആകെ റിപ്പോർട്ട് ചെയ്ത കേസുകളെക്കാൾ അധികം കേസുകൾ 2025ൽ ഇതുവരെ കണ്ടെത്തിയിട്ടുണ്ട് എന്നാണ് കണക്കുകൾ. കഴിഞ്ഞവർഷം 285 പേർക്കാണ് അഞ്ചാംപനി ബാധിച്ചത്. എന്നാൽ, 2025 മാർച്ച് 14 വരെ മാത്രം 320 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ടെക്‌സസ് സംസ്ഥാനത്ത് 259 പേർക്കാണ് രോഗം ബാധിച്ചത്. ന്യൂമെക്‌സിക്കോയിൽ 35 പേർക്കും ഒക്‌ലഹോമയിൽ രണ്ടു പേർക്കും രോഗം ബാധിച്ചു.
യുഎസിൽ നിന്നും അഞ്ചാം പനിയെ നിർമാർജനം ചെയ്തതായി 2000ൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അതിന് ശേഷവും കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഓരോ വർഷവും രോഗബാധ കൂടി വരുന്നത് വലിയ ആശങ്കയായി മാറുന്നുണ്ട്. ഒന്നു മുതൽ 17 വരെ വയസുള്ളവരിലാണ് രോഗം കൂടുതലായും വരുന്നത്. ടെക്‌സസിലെ 259 രോഗികളിൽ 257 പേരും വാക്‌സിൻ എടുക്കാത്തവരായിരുന്നു. ന്യൂമെക്‌സിക്കോയിലെ 35 പേരിൽ 33 പേരും വാക്‌സിൻ എടുത്തിരുന്നില്ല. കഴിഞ്ഞ മാസം ടെക്‌സസിൽ മരിച്ച കുട്ടിയും വാക്‌സിൻ എടുത്തിരുന്നില്ലെന്ന് വ്യക്തമായിരുന്നു.