
വാഷിങ്ടന്‍: വ്യാപാര തര്‍ക്കങ്ങള്‍ക്കിടയിലും ചൈനയുമായി നല്ല ബന്ധം സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചൈനീസ് വിദ്യാര്‍ത്ഥികളില്ലെങ്കില്‍ യുഎസ് കോളേജുകള്‍ നരകമാകുമെന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍. ചൊവ്വാഴ്ച വൈകുന്നേരം വൈറ്റ് ഹൗസിൽ നടന്ന മന്ത്രിസഭാ യോഗത്തിൽവെച്ച് ട്രംപ് ചൈനീസ് വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുമെന്നും അവരില്ലെങ്കിൽ അമേരിക്കൻ കോളേജ് സംവിധാനം “വളരെ വേഗത്തിൽ നരകത്തിലേക്ക് പോകുമെന്നും” അദ്ദേഹം വാദിച്ചതായി ഹോങ്കോംഗ് ആസ്ഥാനമായുള്ള സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. അതോടൊപ്പം അമേരിക്കന്‍ സര്‍വകലാശാലകളില്‍ 600,000 ചൈനീസ് വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം അനുവദിക്കുമെന്നും ട്രംപ് പറഞ്ഞു.
നിലവില്‍ ഏകദേശം 270,000 ചൈനീസ് വിദ്യാര്‍ഥികളാണ് അമേരിക്കയിലുള്ളത്. ട്രംപിന്റെ വാക്കുകേട്ട് ചൈനീസ് വിദ്യാര്‍ത്ഥികള്‍ അമേരിക്കയിലേക്ക് എത്തിയാല്‍ നിലവിലെ എണ്ണത്തിന്റെ ഇരട്ടിയിലധികം വിദ്യാര്‍ഥികള്‍ക്ക് അമേരിക്കയില്‍ പഠിക്കാന്‍ അവസരം കൈവരും.
ചൈനയുമായി വ്യാപാര ബന്ധം മോശമായപ്പോള്‍ ചൈനീസ് വിദ്യാര്‍ഥികളുടെ വീസകള്‍ റദ്ദാക്കുമെന്ന ഭീഷണിയുമായി ട്രംപ് രംഗത്തെത്തിയിരുന്നു. ഈ നിലപാടില്‍ നിന്നുള്ള മലക്കം മറിച്ചിലാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.
നിലവില്‍ യുഎസിലെ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഇന്ത്യ മുന്നിലാണ്. 2023-ലെ കണക്കനുസരിച്ച് ഏകദേശം 2.7 ലക്ഷം ചൈനീസ് വിദ്യാര്‍ഥികള്‍ അമേരിക്കയിലുണ്ടായിരുന്നപ്പോള്‍ ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ എണ്ണം 3.3 ലക്ഷത്തിലധികമായിരുന്നു. എന്നാല്‍ ട്രംപിന്റെ പുതിയ തീരുമാനം നടപ്പിലായാല്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഇന്ത്യയെ ചൈന മറികടക്കും.
ഈ വര്‍ഷം ആദ്യം ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 145% താരിഫ് ഏര്‍പ്പെടുത്തിയപ്പോള്‍, അതിന് മറുപടിയായി ചൈന അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 125% താരിഫ് ചുമത്തി. ഈ അധിക തീരുവകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ മെയ് മാസത്തില്‍ ജനീവയില്‍ നടന്ന ചര്‍ച്ചകളില്‍ ധാരണയായിരുന്നു. എന്നാല്‍ ട്രംപ് താരിഫ് വര്‍ദ്ധിപ്പിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്നത് തുടര്‍ന്നു.