
വാഷിംഗ്ടണ്‍ : കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന വ്യക്തിയാണ് ന്യൂയോര്‍ക്ക് മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മംദാനി. കമ്മ്യൂണിസ്റ്റ് ഭ്രാന്തനെന്നാണ് ഇദ്ദേഹത്തെ സാക്ഷാല്‍ ട്രംപ് വിളിച്ചത്. ഇപ്പോഴിതാ കൈകൊണ്ട് ഭക്ഷണം കഴിച്ചതിന്റെ പേരിലാണ് സൊഹ്‌റാന്‍ മംദാനിക്ക് അധിക്ഷേപം നേരിടേണ്ടി വന്നത്.
യുഎസ് കോണ്‍ഗ്രസ് അംഗം ബ്രാന്‍ഡന്‍ ഗില്‍ ‘അപരിഷ്‌കൃതമായ’ പ്രവൃത്തി എന്നാണ് മംദാനി ആഹാരം കഴിക്കുന്ന വീഡിയോയെ പരിഹസിച്ചത്. ഇതോടെ മംദാനി കൈകൊണ്ട് ചോറ് വാരിക്കഴിക്കുന്ന വീഡിയോ ഓണ്‍ലൈനില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്.
വീഡിയോയില്‍, മംദാനി കൈകൊണ്ട് ചോറും പരിപ്പും കഴിക്കുന്നത് കാണാം. ചില ഉപയോക്താക്കള്‍ അദ്ദേഹം ഒരു ‘പ്രകടന രാഷ്ട്രീയ’ത്തിന്റെ ഭാഗമായി സാംസ്‌കാരിക സൂചനകള്‍ ഉപയോഗിക്കുന്നതായി ആരോപിച്ചപ്പോള്‍, മറ്റുള്ളവര്‍ ഒരാളുടെ സാംസ്‌കാരിക ശീലങ്ങളുടെ പേരില്‍ വിമര്‍ശിക്കുന്നത് വംശീയമാണെന്ന് വാദിച്ചു.
എക്സിലെ തന്റെ പോസ്റ്റില്‍ ഗില്‍ കടുത്ത വാക്കുകള്‍ ഉപയോഗിച്ചാണ് മംദാനി കൈകൊണ്ട് ഭക്ഷണം കഴിക്കുന്നതിനെ വിമര്‍ശിച്ചത്. എന്നാല്‍, രസകരമെന്നു പറയട്ടെ, ഇന്ത്യന്‍ വംശജയായ കമന്റേറ്റര്‍ ഡാനിയേല്‍ ഡിസൂസയെയാണ് ഗില്‍ വിവാഹം കഴിച്ചിരിക്കുന്നത്. ഗില്‍ യുഎസ് കോണ്‍ഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ റിപ്പബ്ലിക്കന്‍ ആണ്. ”അമേരിക്കയിലെ പരിഷ്‌കൃതരായ ആളുകള്‍ ഇങ്ങനെ ഭക്ഷണം കഴിക്കില്ല. നിങ്ങള്‍ പാശ്ചാത്യ ആചാരങ്ങള്‍ സ്വീകരിക്കാന്‍ വിസമ്മതിക്കുകയാണെങ്കില്‍, മൂന്നാം ലോകത്തിലേക്ക് മടങ്ങുക.’- ഗില്‍ പരിഹസിച്ചതിങ്ങനെ.
യുഗാണ്ടൻ എഴുത്തുകാരന്‍ മഹമൂദ് മംദാനിയുടെയും ‘സലാം ബോംബെ’, ‘മണ്‍സൂണ്‍ വെഡ്ഡിങ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തിയിലേക്കുയര്‍ന്ന ചലച്ചിത്ര സംവിധായിക മീരാ നായരുടെയും മകനാണ് സൊഹ്‌റാന്‍ മംദാനി. വിജയിച്ചാല്‍ ന്യൂയോര്‍ക്കില്‍ ചരിത്രം കുറിച്ച് ആദ്യത്തെ മുസ്ലീം മേയറാകും. മംദാനിക്ക് ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്‌സ് ഓഫ് അമേരിക്ക പാര്‍ട്ടിയുടെ പിന്തുണയുണ്ട്. നിലവില്‍ ക്വീന്‍സിന്റെ ബറോയെ പ്രതിനിധീകരിക്കുന്ന ന്യൂയോര്‍ക്ക് സ്റ്റേറ്റ് അസംബ്ലി അംഗമായ മംദാനിയുടെ ശ്രദ്ധേയമായ നയ നിര്‍ദ്ദേശങ്ങളില്‍ ന്യൂയോര്‍ക്കുകാര്‍ക്ക് വാടക മരവിപ്പിക്കല്‍, സൗജന്യ ബസ് സര്‍വീസ്, സാര്‍വത്രിക ശിശു സംരക്ഷണം എന്നിവ ഉള്‍പ്പെടുന്നു. ഈ നിര്‍ദേശങ്ങളൊക്കെ ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.










