
വാഷിംഗ്ടൺ: മ്യാൻമറിലെ സൈനിക ഭരണാധികാരി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് പ്രശംസ അർപ്പിച്ച് കത്തയച്ചതിന് പിന്നാലെ ഉപരോധങ്ങൾ നീക്കി യുഎസ്. മ്യാൻമറിലെ സൈനിക ജനറലിന്‍റെ നിരവധി സഖ്യകക്ഷികൾക്കും അവരുടെ സൈന്യവുമായി ബന്ധമുള്ള സ്ഥാപനങ്ങൾക്കും ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങൾ നീക്കിയതായി യുഎസ് ട്രഷറി പുറത്തുവിട്ട അറിയിപ്പിലാണ് വ്യക്തമാക്കുന്നത്. 2021ൽ മിൻ ഓങ് ലായിംഗ് സൈനിക അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുക്കുകയും ജനാധിപത്യ സര്‍ക്കാരിനെ പുറത്താക്കുകയും ചെയ്തിരുന്നു. ഇത് ആഭ്യന്തര യുദ്ധത്തിന് വഴിവെക്കുകയും ആയിരക്കണക്കിന് ആളുകൾ മരിക്കാനിടയാക്കുകയും ചെയ്തു. രാജ്യത്തിന്റെ പകുതിയോളം ജനങ്ങൾ ദാരിദ്ര്യത്തിലാകുകയും ചെയ്തു.
രണ്ടാഴ്ച മുൻപ്, ഉയർന്ന സൈനിക ജനറൽ ട്രംപിന് ഒരു കത്തയച്ചിരുന്നു. താരിഫ് ഭീഷണിയോട് പ്രതികരിച്ചുകൊണ്ട്, സംഘർഷം റിപ്പോർട്ട് ചെയ്യുന്ന യുഎസ് ധനസഹായം ലഭിക്കുന്ന മാധ്യമ സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതടക്കം ട്രംപിന്റെ പ്രസിഡൻസിയെ പ്രശംസിച്ചുകൊണ്ടാണ് കത്തെഴുതിയത്. വ്യാഴാഴ്ച യുഎസ് ട്രഷറി പുറത്തുവിട്ട അറിയിപ്പ് പ്രകാരം, കെ ടി സർവീസസ് ആൻഡ് ലോജിസ്റ്റിക്സ്, മ്യാൻമർ കെമിക്കൽ ആൻഡ് മെഷിനറി കമ്പനി, സൺടാക് ടെക്നോളജീസ് എന്നിവയ്ക്കും അവയുടെ മാനേജർമാർക്കും എതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങൾ നീക്കിയിട്ടുണ്ട്.