
വാഷിംഗ്ടണ്‍ : മികച്ച ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ സ്വപ്‌ന ഇടങ്ങളിലൊന്നാണ് യുഎസ്. എന്നാല്‍, കുടിയേറ്റ നിയന്ത്രണങ്ങളും വീസാ നിയന്ത്രണങ്ങളും ഉള്‍പ്പെടെ പൊറുതിമുട്ടിക്കുന്ന യുഎസില്‍ മറ്റൊരു നിയന്ത്രണത്തിനും കളമൊരുങ്ങുന്നു. യുഎസ് സര്‍വകലാശാലയില്‍ പഠിക്കാന്‍ പോകുന്ന വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയായി ട്രംപ് ഭരണകൂടത്തിന്റെ പുതിയ ഉത്തരവ് പുറത്തിറങ്ങി. അന്താരാഷ്ട്ര ബിരുദ വിദ്യാര്‍ഥികളുടെ അളവ് മൊത്തം പ്രവേശനത്തിന്റെ 15 ശതമാനമായി പരിമിതപ്പെടുത്തണം. അതില്‍ 5 ശതമാനത്തില്‍ കൂടുതല്‍ ഒരു രാജ്യത്ത് നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കാന്‍ അനുവാദം ഇല്ല. ഇനി മുതല്‍ ഫെഡറല്‍ ഫണ്ടുകളിലേക്ക് മുന്‍ഗണന പ്രവേശനം നേടണമെങ്കില്‍ യൂണിവേഴ്‌സിറ്റികള്‍ നിരവധി ആവശ്യകതകള്‍ പാലിക്കണം എന്ന് അറിയിച്ചുകൊണ്ട് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഗവണ്‍മെന്റ് ഒമ്പത് സര്‍വകലാശാലകള്‍ക്ക് മെമ്മോ അയച്ചിട്ടുണ്ട്. അതിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്തുകൊണ്ടാണ് കുറച്ച് സര്‍വകലാശാലകളെ മാത്രം തിരഞ്ഞെടുത്തിരിക്കുന്നത് എന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിട്ടില്ല.
വിദേശ വിദ്യാര്‍ഥികളുടെ എണ്ണം കുറയ്ക്കാന്‍ മാത്രമല്ല, യാഥാസ്ഥിതിക ആശയങ്ങളെ വിമര്‍ശിക്കുകയോ അവഗണിക്കുകയോ ചെയ്യുന്ന വകുപ്പുകളെ എടുത്ത് മാറ്റാനും സര്‍ക്കര്‍ സര്‍വകലാശാലകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എ കോംപാക്റ്റ് ഫോര്‍ അക്കാഡമിക് എക്‌സ്‌കല്ലെന്‍സ് ഇന്‍ ഹയര്‍ എഡ്യൂക്കേഷന്‍ എന്ന പേരിലാണ് സര്‍ക്കാര്‍ മെമോ അയച്ചിരിക്കുന്നത്.
വിദ്യാര്‍ഥികള്‍, അധ്യാപകര്‍ , ജീവനക്കര്‍ എന്നിവരുടെ വംശമോ, ലിംഗമോ, കോളേജുകളില്‍ പ്രവേശനം നല്‍കുന്നതിലോ, സാമ്പത്തിക സഹായത്തിലോ, പരിഗണിക്കരുതെന്നും മെമോയിലുണ്ട്. എല്ലാ അപേക്ഷകരും സാറ്റ് പോലുള്ള സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റുകള്‍ എഴുതിയിരിക്കണമെന്നും അഞ്ചു വര്‍ഷത്തേക്കുള്ള ട്യൂഷന്‍ ഫീസ് മാറ്റമില്ലാതെ തുടരണമെന്നും .അതുപോലെ ഭരണപരമായ ചെലവുകള്‍ കുറക്കണം, വിദേശ വിദ്യാര്‍ത്ഥികള്‍ അമേരിക്കന്‍, പാശ്ചാത്യ മൂല്യങ്ങള്‍ പങ്കിടുന്നുണ്ടോ അല്ലെങ്കില്‍ സംരക്ഷിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം എന്നിങ്ങനെയാണ് മെമോയിലുള്ളത്.
കൂടാതെ, യുഎസ് സര്‍ക്കാരിന്റെ മെമ്മോയില്‍ പറഞ്ഞിട്ടുള്ള തീരുമാനങ്ങള്‍ അനുസരിക്കുന്ന സര്‍വകലാശാലകള്‍ക്ക് ഫണ്ടിങ് റീവാര്‍ഡുകള്‍ ലഭിക്കുകയും അനുസരിക്കാന്‍ വിസമ്മതിക്കുന്ന സര്‍വകലാശാലകള്‍ക്ക് ഫെഡറല്‍ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാനും സാധ്യതയുണ്ട്.
ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് വെല്ലുവിളി
യുഎസ് സര്‍ക്കാരിന്റെ മെമോ പ്രകാരം, കോളേജുകള്‍ക്ക് മൊത്തത്തില്‍ 15 ശതമാനം വിദേശ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ കഴിയൂ എന്നതും ഒരു രാജ്യത്ത് നിന്നും 5 ശതമാനം മാത്രമേ അനുവദിക്കുകയുള്ളൂ എന്നതും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയും സാരമായി ബാധിക്കും. ഓരോ വര്‍ഷവും ഇന്ത്യയില്‍ നിന്നും നിരവധി വിദ്യാര്‍ഥികളാണ് യുഎസ് കോളേജുകള്‍ ലക്ഷ്യംവെച്ച് പോകുന്നുണ്ട്. അങ്ങനെ വരുമ്പോള്‍ വിദ്യാര്‍ഥികള്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന കോളേജുകളില്‍ ചിലപ്പോള്‍ പ്രവേശനം ലഭിക്കണമെന്നില്ല, അതുമല്ലെങ്കില്‍ അവര്‍ ഉദ്ദേശിച്ചതില്‍ കൂടുതല്‍ തുകക്ക് മറ്റു കോളേജുകളില്‍ പ്രവേനം നേടേണ്ടി വരും. അല്ലെങ്കില്‍ യുഎസ് എന്ന സ്വപ്നം ഉപേക്ഷിക്കേണ്ടതായും വരാം.