
ഡൽഹി: ഹരിയാനയിലെ ഹത്‌നികുണ്ഡ് ബാരേജിൽ നിന്ന് വെള്ളം തുറന്നുവിട്ടതിനെത്തുടർന്ന് യമുന നദിയിലെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലായി ഉയർന്നു. ജലനിരപ്പ് അപകടനിലയായ 205.33 മീറ്റർ കടന്നതോടെ പ്രളയഭീഷണിയിലായി തലസ്ഥാനം. നദീതീരങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ ഡൽഹി സർക്കാർ നടപടികൾ ആരംഭിച്ചു.
താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും ചേരികളിലുമുള്ള നൂറുകണക്കിന് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുകയാണ്. ദുരന്ത നിവാരണ സേനയുടെയും പോലീസിൻ്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ഡൽഹി മുഖ്യമന്ത്രി വ്യക്തമാക്കി.
നദിയുടെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും, അധികൃതർ നൽകുന്ന നിർദേശങ്ങൾ അനുസരിക്കണമെന്നും ജില്ലാ ഭരണകൂടം നിർദ്ദേശിച്ചു. യമുനയിലെ ജലനിരപ്പ് ഉയരാൻ പ്രധാന കാരണം ഹരിയാന, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയാണ്. ഇനിയും ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര ജലകമ്മീഷൻ മുന്നറിയിപ്പ് നൽകി.