
ന്യൂഡല്‍ഹി: മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് കാട്ടി ശിവസേന എംപി സഞ്ജയ് റാവത്തും രംഗത്ത്. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി രാജിവച്ച ജഗ്ദീപ് ധന്‍കറിന്റെ നിലവിലെ ആരോഗ്യ സ്ഥിതി എന്താണ്?, ഇപ്പോള്‍ എവിടെയാണ്?, ഈ ചോദ്യവുമായി ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തു നല്‍കി.
ജഗ്ദീപ് ധന്‍കറിനെ വീട്ടുതടങ്കലില്‍ ആക്കിയിരിക്കുന്നു എന്ന പ്രചാരണങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും സഞ്ജയ് റാവത്ത് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ധന്‍കറിന്റെ വിഷയത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തുന്നില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും കോടതിയിലേക്ക് പോകാന്‍ പ്രതിപക്ഷത്തെ നിര്‍ബന്ധിക്കരുതെന്നും റാവത്ത് കത്തിലൂടെ കേന്ദ്രത്തെ ധരിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം കപില്‍ സിബലും ഇതേ വിഷയം ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവന്നിരുന്നു. ധന്‍കര്‍ തന്റെ അടുത്ത സുഹൃത്തുകൂടിയാണെന്നും രാജിവെച്ചതിനു പിന്നാലെ അദ്ദേഹത്തെ ബന്ധപ്പെടാനാകുന്നില്ലെന്നും കപില്‍ സിബല്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ജൂലൈ 21 ന് രാത്രിയാണ് സമൂഹമാധ്യമങ്ങളിലൂടെ അപ്രതീക്ഷിതമായി ജഗ്ദീപ് ധന്‍കര്‍ രാജി അറിയിച്ചത്. പിന്നാലെ ഇതിലെ ദുരൂഹത പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആരോഗ്യകാരണങ്ങളാണ് രാജിക്കു പിന്നിലെന്നാണ് ധന്‍കര്‍ പറഞ്ഞതെങ്കിലും ഇതും വിശ്വാസത്തിലെടുക്കാന്‍ രാഷ്ട്രീയ നിരീക്ഷകര്‍ തയ്യാറായിട്ടില്ല. പതിവുള്ള വിടവാങ്ങല്‍ പ്രസംഗമോ, യാത്രയയപ്പോ ഇല്ലാതിരുന്നതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഉപരാഷ്ട്രപതിയുടെ രാജിയില്‍ കേന്ദ്ര സര്‍ക്കാറിന്റെ മൗനം തുടരുകയാണ്. രാജിക്ക് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. രാജ്യസഭയിലുള്‍പ്പെടെ വിഷയത്തില്‍ പ്രതിഷേധവുമുയര്‍ത്തിയിരുന്നു.












