ആരെങ്കിലും ഒരു ഡോക്ടറെ വിളിക്കൂ എന്ന് ട്രംപ്, ഹനൂക്ക ആഘോഷത്തിനിടെ നാടകീയ രംഗങ്ങൾ; സദസ്സിലുണ്ടായിരുന്നയാൾക്ക് ശാരീരിക അസ്വസ്ഥത

വാഷിംഗ്ടൺ: വൈറ്റ് ഹൗസിൽ നടന്ന ജൂത ഉത്സവമായ ഹനൂക്ക ആഘോഷത്തിനിടെ പ്രസംഗം നിർത്തിവെച്ച് ഡോക്ടറുടെ സഹായം തേടി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. സദസ്സിലുണ്ടായിരുന്ന ഒരാൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്നാണ് ട്രംപ് ഉടൻ ഇടപെട്ടത്. “അവിടെ കുഴപ്പമൊന്നുമില്ലല്ലോ? ആരെങ്കിലും ഒരു ഡോക്ടറെ വിളിക്കൂ, ദയവായി അങ്ങോട്ട് ശ്രദ്ധിക്കൂ” എന്ന് ട്രംപ് ആവശ്യപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥരും ഡോക്ടർമാരും ഉടൻ തന്നെ അവിടെ എത്തുകയും സ്ഥിതിഗതികൾ ശാന്തമാണെന്ന് ഉറപ്പാക്കുകയും ചെയ്തു.

സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനൂക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിൽ 14 പേർ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ അതീവ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് വൈറ്റ് ഹൗസിലെ ചടങ്ങുകൾ നടന്നത്. ഓസ്‌ട്രേലിയയിലുണ്ടായ ഈ ഭീകരാക്രമണത്തിൽ ട്രംപ് അനുശോചനം രേഖപ്പെടുത്തി. ഇതൊരു ജൂത വിരുദ്ധ ഭീകരാക്രമണമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ അമേരിക്ക പങ്കുചേരുന്നുവെന്നും ഇത്തരം ക്രൂരമായ പ്രവർത്തികൾ ലോകത്തിന് തന്നെ ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തന്‍റെ ആരോഗ്യത്തെക്കുറിച്ചുള്ള ചർച്ചകളിലേക്കും ട്രംപ് പ്രസംഗം തിരിച്ചുവിട്ടു. ചടങ്ങിൽ സന്നിഹിതനായിരുന്ന മുൻ വൈറ്റ് ഹൗസ് ഫിസിഷ്യൻ റോണി ജാക്‌സനെ പരാമർശിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ വാക്കുകൾ. ബരാക് ഒബാമ, ജോ ബൈഡൻ എന്നിവരേക്കാൾ ആരോഗ്യവാൻ താനാണെന്ന് റോണി ജാക്‌സൺ മുൻപ് പറഞ്ഞിട്ടുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടു. എന്നാൽ ബൈഡന്‍റെ ഔദ്യോഗിക ഡോക്ടറായി ജാക്‌സൺ സേവനമനുഷ്ഠിച്ചിട്ടില്ലെന്നതും, 2021-ൽ ബൈഡൻ അധികാരമേൽക്കുന്നതിന് മുൻപ് തന്നെ അദ്ദേഹം കോൺഗ്രസ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു എന്നതും ശ്രദ്ധേയമാണ്. 2018ൽ ട്രംപിന്റെ ആരോഗ്യം മികച്ചതാണെന്ന് സാക്ഷ്യപ്പെടുത്തിയ ജാക്‌സൺ, ട്രംപ് ആഹാരക്രമത്തിൽ കൂടുതൽ ശ്രദ്ധിച്ചിരുന്നുവെങ്കിൽ 200 വയസ് വരെ ജീവിക്കുമായിരുന്നുവെന്നും മുൻപ് അഭിപ്രായപ്പെട്ടിട്ടുണ്ട്.

More Stories from this section

family-dental
witywide