ബന്ദിപ്പൂർ ടൈഗർ റിസർവിലെ കാട്ടാന ആക്രമണം; സെൽഫിയെടുത്ത സഞ്ചാരിക്ക് 25,000 രൂപ പിഴയിട്ട് വനംവകുപ്പ്

കാട്ടാനക്കൊപ്പം സെൽഫി എടുക്കാൻ ഇറങ്ങി തലനാരിഴക്ക് രക്ഷപ്പെട്ട സഞ്ചാരിക്ക് 25,000 രൂപ പിഴ ചുമത്തി വനം വകുപ്പ്. കർണാടകയിലെ ബന്ദിപ്പൂർ ടൈഗർ റിസർവിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വനംവകുപ്പിന്റെ കർശന നിർദ്ദേശങ്ങൾ അവഗണിച്ചതിനാണ് ഈ നടപടി. കർണാടക വനംവകുപ്പ് അവരുടെ ഔദ്യോഗിക പേജിൽ സഞ്ചാരി ക്ഷമാപണം നടത്തുന്ന വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.

ഇന്നലെ ലോറിയിൽ നിന്ന് വീണ ക്യാരറ്റ് തിന്നുകൊണ്ട് നിൽക്കുകയായിരുന്ന കാട്ടാനയുടെ അടുത്ത് റീൽസ് എടുക്കാനായി ഇയാൾ വാഹനത്തിൽ നിന്ന് ഇറങ്ങി ആനയുടെ അടുത്ത് എത്തുകയായിരുന്നു. ഇതോടെ പ്രകോപിതനായ ആന ഇയാളെ ആക്രമിക്കാൻ ശ്രമിച്ചു. തലനാരിഴയ്ക്കാണ് ആ ആക്രമണത്തിൽ നിന്ന് ഇയാൾ രക്ഷപ്പെട്ടത്. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വനംവകുപ്പ് അധികൃതർ അന്വേഷണം ആരംഭിക്കുകയും ഇയാളെ കണ്ടെത്തുകയുമായിരുന്നു.

വന്യജീവി സങ്കേതങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ വാഹനത്തിൽ നിന്ന് പുറത്തിറങ്ങരുത്. വന്യമൃഗങ്ങളെ പ്രകോപിപ്പിക്കരുത്. നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും വനംവകുപ്പ് മുന്നറിയിപ്പ് നൽകി.

More Stories from this section

family-dental
witywide