
ഓക്ലഹോമ : വളര്‍ത്തു കടുവയുടെ ആക്രമത്തില്‍ വന്യജീവി സംരക്ഷകനായ റയാന്‍ ഈസ്ലിക്ക് ദാരുണാന്ത്യം. ഓക്ലഹോമയിലെ ഗ്രൗളര്‍ പൈന്‍സ് ടൈഗര്‍ പ്രിസര്‍വിലാണ് സംഭവം. കുട്ടിയായിരുന്നപ്പോള്‍ മുതല്‍ പരിശീലിപ്പിച്ച ഒരു കടുവയാണ് റയാനെ ആക്രമിച്ചത്. കടുവ നടത്തിയ അപ്രതീക്ഷിതമായ ആക്രമണത്തില്‍ നിന്നും റയാന് പെട്ടെന്ന് ഒഴിഞ്ഞുമാറാനായില്ല. ഇതാണ് ദാരുണമായ അപകടത്തിലേക്ക് നയിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തതെന്ന് പാര്‍ക്ക് അധികൃതര്‍ പറഞ്ഞു. ഉടന്‍ തന്നെ പൊലീസിനെയും എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസസ് സംഘത്തെയും വിവരം അറിയിച്ചു. എന്നാല്‍ അവര്‍ എത്തുമ്പോഴേക്കും ഈസ്ലി മരിച്ചിരുന്നു.
നെറ്റ്ഫ്‌ലിക്‌സിന്റെ ‘ടൈഗര്‍ കിങ്’ എന്ന ചിത്രത്തിലെ താരമായ ജോ എക്‌സോട്ടിക്കിന്റെ ‘സഹകാരി’യായിരുന്നു റയാന്‍. വന്യജീവികളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു റയാന്റേത്. സംഭവത്തെ തുടര്‍ന്ന് മൃഗങ്ങളെ കണ്ടുമുട്ടുന്നതിനുള്ള ടൂറുകളും പരിപാടികളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ റദ്ദാക്കിയിരിക്കുന്നതായി ഗ്രൗളര്‍ പൈന്‍സ് ടൈഗര്‍ പ്രിസര്‍വ് അറിയിച്ചു.
ഈസ്ലിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഒക്ലഹോമയിലെ തുള്‍സയിലുള്ള സ്റ്റേറ്റ് മെഡിക്കല്‍ എക്സാമിനര്‍ ഓഫീസിലേക്ക് കൊണ്ടുപോയി, പാര്‍ക്ക് പറഞ്ഞു.