ദില്ലി: ദുബായ് എയർ ഷോയിൽ തേജസ് വിമാനം തകർന്ന് വീരമൃത്യു വരിച്ച വിംഗ് കമാൻഡർ നമൻഷ് സ്യാലിന്‍റെ മൃതദേഹം സുലൂരിലെത്തിച്ചു. മൃതദേഹം സുലൂരിലെ ബേസ് ക്യാമ്പിലാണ് എത്തിച്ചിരിക്കുന്നത്. നാളെ ജന്മനാടായ ഹിമാചൽ പ്രദേശിലെ കാംഗ്രയിൽ സംസ്കാര ചടങ്ങുകൾ നടക്കും. മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരും മുൻപ് യുഎഇ ഉദ്യോഗസ്ഥരും സൈനികരും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും അന്തിമോപചാരം അർപ്പിച്ചു.
യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ ദീപക് മിത്തൽ, ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ എന്നിവർ അന്തിമോചാരമർപ്പിച്ചു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വീരമൃത്യു വരിച്ച വിംഗ് കമാൻഡർ നമൻഷ് സ്യാലിൻറെ കുടുംബവുമായി ഫോണിൽ സംസാരിച്ചു. വ്യോമസേനയിൽ ഇതേ റാങ്കിലുള്ള ഉദ്യോഗസ്ഥയാണ് നമാൻഷിന്‍റെ ഭാര്യ.
അതേസമയം, അപകടത്തെക്കുറിച്ച് ഇന്നലെ തന്നെ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വിമാനം തകർന്നതിനെക്കുറിച്ച് വ്യോമസേന നിയോഗിച്ച അന്വേഷണ സംഘം വിശദ പരിശോധന തുടങ്ങി. ദുബായ് വ്യാമയാന അതോറിറ്റിയുമായി വ്യോമസേന നിരന്തരം സമ്പർക്കത്തിലാണ്. അപകടത്തിന്‍റെ കൂടുതൽ ദൃശ്യങ്ങൾ ഇന്ന് പുറത്തു വന്നു.
സ്യാലിന്‍റെ അച്ഛൻ ജഗൻ നാഥ് സ്യാൽ മകൻറെ അഭ്യാസപ്രകടനം സാമൂഹ്യമാധ്യങ്ങളിൽ തിരയുമ്പോഴാണ് ഈ അപകടത്തെക്കുറിച്ച് അറിഞ്ഞത്. തേജസ് വിമാനം ദുബായ് എയർഷോയ്ക്കിടെ തകർന്നതിന്‍റെ കൂടുതൽ ദൃശ്യങ്ങൾ സിംഗപ്പൂരിൽ പ്രവർത്തിക്കുന്ന ഒരു ഫോട്ടോഗ്രാഫറാണ് പുറത്തു വിട്ടത്. താഴ്ന്ന് പറന്നുള്ള അഭ്യാസത്തിനിടെ പെട്ടെന്ന് വിമാനം നിലത്തു വീണ് തകരുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
വ്യോമസേനയ്ക്ക് തേജസ് വിമാനങ്ങളുടെ രണ്ട് സ്ക്വാഡ്രണുകളാണ് നിലവിലുള്ളത്. രണ്ടിൽ നിന്നുമായി ആകെ മൂന്നു വിമാനങ്ങളാണ് ദുബായിലെ എയർ ഷോയ്ക്കായി അയച്ചത്. 180 തേജസ് വിമാനങ്ങൾക്കു കൂടിയാണ് വ്യോമസേന എച്ച് എ എല്ലിന് കരാർ നല്കിയിരിക്കുന്നത്. മിഗ് 29, മിറാഷ് വിമാനങ്ങൾ തുടങ്ങിയവ ഒഴിവാകുമ്പോൾ തേജസ് ആകും സേനയുടെ പ്രധാന കരുത്ത്. പല രാജ്യങ്ങളും തേജസ് വിമാനങ്ങളോട് താല്പര്യം പ്രകടിപ്പിക്കുമ്പോഴാണ് ഈ അപകടം നടന്നിരിക്കുന്നത്.
Wing Commander Namansh Syal died; body brought to Sulur









