ഹണിട്രാപ്പിൽ യുവാവിനെ കുടുക്കി 60 ലക്ഷവും 61 പവനും തട്ടിയ കോട്ടയം സ്വദേശിനി പൊലീസില്‍ കീഴടങ്ങി

കോട്ടയം: തേൻ കെണിയിൽ കുടുക്കി ഭീഷണിപ്പെടുത്തി യുവാവില്‍ നിന്നും 60 ലക്ഷവും 61 പവനും തട്ടിയെടുത്ത സംഭവത്തില്‍ പ്രതിയായ യുവതി പൊലീസിന് കീഴടങ്ങി. കോട്ടയം അതിരമ്പുഴ അമ്മഞ്ചേരി കുമ്മണ്ണൂര്‍ വീട്ടില്‍ ധന്യ അര്‍ജുനാ (37)ണ് കീഴടങ്ങിയത്.

അമേരിക്കയില്‍ സോഫ്‌റ്റ്വേര്‍ എന്‍ജിനീയറായ അയല്‍വാസിയായ യുവാവിനെ ഭീഷണിപ്പെടുത്തി ധന്യ പണം തട്ടിയെന്നാണ് കേസ്.

2022 മാര്‍ച്ച് മുതല്‍ 2024 ഡിസംബര്‍ കാലയളവിലായിരുന്നു സംഭവം. ഭാര്യയുടെ പഠനസൗകര്യത്തിനായി അമ്മഞ്ചേരിയില്‍ പ്രതിയുടെ വീടിനടുത്ത് വാടകയ്ക്ക് താമസിച്ചിരുന്ന യുവാവാണ് തട്ടിപ്പിന് ഇരയായത്. യുവാവിനോട് അടുപ്പം സ്ഥാപിച്ച ധന്യ സ്വകാര്യചിത്രങ്ങള്‍ പകര്‍ത്തി ചിത്രങ്ങള്‍ പരാതിക്കാരന്റെ ബന്ധുക്കള്‍ക്കും മറ്റും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുകയായിരുന്നു. പലതവണകളായി 60 ലക്ഷം രൂപ യുവതിയും ഭര്‍ത്താവ് അര്‍ജുനും ചേര്‍ന്ന് തട്ടിയെടുത്തു. പ്രതികളുടെ സുഹൃത്തായ മണര്‍കാട് സ്വദേശി അലന്‍ തോമസും യുവാവിനെ ഭീഷണിപ്പെടുത്തി പണം വാങ്ങിയിരുന്നു.

പണത്തിന് പുറമെ യുവാവിന്റെ ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന കുടുംബാംഗങ്ങളുടെ 61 പവന്‍ സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തു. ഇതോടെ യുവാവ് പൊലീസിന്റെ സഹായംതേടുകയായിരുന്നു. ഇതിനിടെയാണ് ധന്യ മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയാണ് ഇവര്‍ പോലീസിനുമുന്നില്‍ കീഴടങ്ങിയത്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം ഇവരെ കോടതിയില്‍ ഹാജരാക്കി. ഗര്‍ഭിണിയായതിനാല്‍ ഇവര്‍ക്ക് കോടതി ജാമ്യംനല്‍കി.

ലൈംഗികബന്ധവും മദ്യവും കൈക്കൂലിയായി ആവശ്യപ്പെട്ടുവെന്നാരോപിച്ച് ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ കേസില്‍ കുടുക്കിയ സംഭവത്തിലും പ്രധാന പ്രതിയാണ് ധന്യ.

Woman who honey trapped a young man and defrauded him surrenders to police

More Stories from this section

family-dental
witywide