
ഹാംബർഗ്: പ്രമുഖ പ്രൊ-ഇസ്രായേൽ പൊതുപ്രവർത്തകർക്കും ജൂത സമൂഹത്തിനുമെതിരെ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുകയും ഇറാൻ രഹസ്യാന്വേഷണ വിഭാഗത്തിന് വേണ്ടി ചാരവൃത്തി നടത്തുകയും ചെയ്ത രണ്ട് പ്രതികൾക്ക് ജർമൻ കോടതി തടവ് ശിക്ഷ വിധിച്ചു. ജർമൻ-ഇസ്രായേൽ സൊസൈറ്റി തലവൻ വോൾക്കർ ബെക്ക്, ജർമനിയിലെ സെൻട്രൽ കൗൺസിൽ ഓഫ് ജ്യൂസ് മേധാവി ജോസഫ് ഷുസ്റ്റർ എന്നിവരെ ലക്ഷ്യമിട്ട് മാരകമായ ആക്രമണങ്ങൾ പദ്ധതിയിട്ട ഡെന്മാർക്ക് പൗരനായ അലി എസ്. എന്നയാൾക്ക് ഹാംബർഗ് കോടതി എട്ടര വർഷം തടവ് ശിക്ഷ വിധിച്ചു.
ഇയാളുടെ അഫ്ഗാൻ സഹായിയായ തവാബ് എം. എന്നയാൾക്ക് നാലര വർഷം തടവും വിധിച്ചിട്ടുണ്ട്. വോൾക്കർ ബെക്കിനെ ആക്രമിക്കുന്നതിനായി മൂന്നാമതൊരാളെ റിക്രൂട്ട് ചെയ്യാനും അയാൾക്ക് ആയുധം നൽകാനും ഇയാൾ സമ്മതിച്ചിരുന്നുവെന്ന് പ്രോസിക്യൂട്ടർമാർ വ്യക്തമാക്കി. ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ വിദേശഘടകമായ ഖുദ്സ് ഫോഴ്സിന്റെ നിർദ്ദേശപ്രകാരമാണ് പ്രതികൾ പ്രവർത്തിച്ചിരുന്നതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. കഴിഞ്ഞ വർഷം ഡെന്മാർക്കിൽ നിന്ന് അറസ്റ്റ് ചെയ്ത് ജർമനിയിലേക്ക് കൈമാറിയ ഇവർ വിചാരണക്കാലം മുതൽ കസ്റ്റഡിയിൽ കഴിയുകയായിരുന്നു.
യുകെയിലും യൂറോപ്പിലുടനീളമുള്ള ജൂത സമൂഹങ്ങളെയും ഗ്രൂപ്പുകളെയും ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന രഹസ്യ നീക്കങ്ങളെക്കുറിച്ച് ബ്രിട്ടീഷ് ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസി മുന്നറിയിപ്പ് നൽകി ദിവസങ്ങൾക്കുള്ളിലാണ് കോടതിയുടെ ഈ ഉത്തരവ് വന്നിരിക്കുന്നത്.














