
ജറുസലേം: ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് പിന്നാലെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അധികാരത്തിൽ നിന്ന് പുറത്താക്കി പുതിയ സർക്കാർ രൂപീകരിക്കാൻ ശ്രമിക്കുന്ന ‘യാഷർ’ പാർട്ടി നേതാവ് ഗാഡി ഐസൻകോട്ട്, ഇറാനിൽ നിന്ന് നിലവിൽ അടിയന്തര സൈനിക നടപടി ആവശ്യമായ നേരിട്ടുള്ള ഭീഷണിയൊന്നും കാണുന്നില്ലെന്ന് വ്യക്തമാക്കി. തിങ്കളാഴ്ച നടന്ന പാർട്ടി യോഗത്തിൽ സംസാരിക്കവെയാണ് മുൻ സൈനിക മേധാവി കൂടിയായ അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പുതിയ സർക്കാർ രൂപീകരിക്കുന്നതിന് മുൻപ് ഇസ്രായേൽ സൈനിക നടപടിക്ക് മുതിരേണ്ട യാതൊരു അടിയന്തര സാഹചര്യവും ഇപ്പോഴില്ലെന്ന് ഐസൻകോട്ട് ചൂണ്ടിക്കാട്ടി. ഇറാൻ ഉയർത്തുന്ന ഏറ്റവും വലിയ ഭീഷണി അവർ സമ്പുഷ്ടീകരിച്ച് സൂക്ഷിച്ചിരിക്കുന്ന യുറേനിയം ശേഖരമാണെന്നും (ഏകദേശം 440 കിലോഗ്രാം), അത് നീക്കം ചെയ്യുന്നതിലും നശിപ്പിക്കുന്നതിലുമാണ് ഇസ്രായേൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഇറാനെതിരെ വീണ്ടും ആക്രമണം നടത്താൻ കാവൽ പ്രധാനമന്ത്രിയായ ബെഞ്ചമിൻ നെതന്യാഹു താൽപ്പര്യം പ്രകടിപ്പിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇറാനെതിരെ പുതിയൊരു ആക്രമണം നടത്തുന്നതിനെക്കുറിച്ച് ഇസ്രായേലും അമേരിക്കയും ആലോചിക്കുന്നതായി ബന്ധപ്പെട്ട വൃത്തങ്ങൾ കഴിഞ്ഞ ആഴ്ച സി.ബി.എസ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നഷ്ടപ്പെട്ട നെതന്യാഹു ഈ ഇടക്കാലത്ത് വലിയ ദേശീയ സുരക്ഷാ തീരുമാനങ്ങളൊന്നും എടുക്കരുതെന്ന് ഐസൻകോട്ട് ആവശ്യപ്പെട്ടു. പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത് വരെ കാത്തിരിക്കാവുന്ന അപകടകരമായ നീക്കങ്ങളിൽ നിന്ന് കാവൽ പ്രധാനമന്ത്രി വിട്ടുനിൽക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
മറുവശത്ത്, രാജ്യം നേരിടുന്ന ഗുരുതരമായ ഭീഷണികളെ രാഷ്ട്രീയ കാരണങ്ങളാൽ കുറച്ചുകാണുന്നത് അപകടകരമാണെന്ന് നെതന്യാഹു പ്രതികരിച്ചു. ഒക്ടോബർ 27-ന് നടന്ന തിരഞ്ഞെടുപ്പിന് ശേഷം പുതിയ സർക്കാർ രൂപീകരിക്കാൻ പ്രസിഡന്റ് ഐസക് ഹെർസോഗ് നിയോഗിച്ച ഐസൻകോട്ടിന് ഡിസംബർ ആറ് വരെയാണ് ഇതിനായി സമയം അനുവദിച്ചിരിക്കുന്നത്.















