‘മരണം നിങ്ങളെ കാത്തിരിക്കുന്നു’; ജർമനിയിൽ 450ലധികം സ്കൂളുകൾക്ക് ബോംബ് ഭീഷണി

ബെർലിൻ: ജർമനിയിലെ 450ലധികം സ്കൂളുകൾക്ക് തിങ്കളാഴ്ച ഇ-മെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചു. എന്നാൽ സ്കൂളുകൾക്ക് നേരെ അടിയന്തര ആക്രമണ ഭീഷണിയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. യൂറോപ്പിലെ വിവിധ രാജ്യങ്ങളിലെ സ്കൂളുകൾക്ക് സമീപകാലത്ത് വ്യാജ ബോംബ് ഭീഷണികൾ ലഭിച്ചതിന് പിന്നാലെയാണ് ജർമനിയിലും സമാന സംഭവം റിപ്പോർട്ട് ചെയ്തത്.

തലസ്ഥാനമായ ബെർലിനിലും ബാഡൻ-വ്യൂർട്ടംബർഗ്, തുറിംഗിയ, സാക്സണി-അൻഹാൾട്ട്, റൈൻലാൻഡ്-പാലറ്റിനേറ്റ് തുടങ്ങിയ സംസ്ഥാനങ്ങളിലുമുള്ള സ്കൂളുകൾക്കാണ് ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്. തെക്കുപടിഞ്ഞാറൻ സംസ്ഥാനമായ ബാഡൻ-വ്യൂർട്ടംബർഗിൽ മാത്രം 450ലധികം സ്കൂളുകൾക്ക് ഇ-മെയിൽ ലഭിച്ചതായി പൊലീസ് അറിയിച്ചു.

ഭീഷണികൾ ഗൗരവമുള്ളതല്ലെന്നും സ്കൂളുകൾക്ക് നേരെ വ്യക്തമായ അപകടസാധ്യതയില്ലെന്നും ബന്ധപ്പെട്ട പ്രദേശങ്ങളിലെ പൊലീസ് വ്യക്തമാക്കി. ഭീഷണി ലഭിച്ച സ്കൂളുകൾക്കോ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കോ നേരെ പ്രത്യേക ആക്രമണസാധ്യതയുണ്ടെന്ന സൂചനകളൊന്നുമില്ലെന്ന് ബെർലിൻ പൊലീസ് അറിയിച്ചു. അതേസമയം, മുൻകരുതൽ നടപടിയുടെ ഭാഗമായി ചില സ്കൂളുകൾ ഒഴിപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സ്കൂൾ കെട്ടിടങ്ങളിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടെന്നും അവ പൊട്ടിത്തെറിക്കുമെന്നുമാണ് അജ്ഞാതരായ ആളുകൾ അയച്ച ഇ-മെയിലുകളിലെ ഭീഷണിയെന്ന് റൈൻലാൻഡ്-പാലറ്റിനേറ്റ് പൊലീസ് വ്യക്തമാക്കി. മിക്ക സന്ദേശങ്ങളുടെയും ഉള്ളടക്കം സമാനമായിരുന്നു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

‘മരണം നിങ്ങളെ കാത്തിരിക്കുന്നു’ (Death Awaits You) എന്നായിരുന്നു ഭീഷണി സന്ദേശങ്ങളുടെ വിഷയം. ഇത്തരം സന്ദേശങ്ങൾ പൊതുജനങ്ങളിൽ വലിയ ആശങ്കയുണ്ടാക്കുമെന്നും നിയമപ്രകാരം കുറ്റകരമാണെന്നും പൊലീസ് ചൂണ്ടിക്കാട്ടി.

നിലവിലെ സുരക്ഷാ സാഹചര്യത്തിന്റെ അടിസ്ഥാനത്തിൽ സ്കൂളുകൾ ഒഴിപ്പിക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന് ജർമൻ ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു. ഇത്തരം സംഭവങ്ങളെ നേരിടാൻ സ്കൂളുകളും സംസ്ഥാനങ്ങളിലെ സുരക്ഷാ സംവിധാനങ്ങളും സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭീഷണിക്ക് പിന്നിൽ ആരാണെന്ന കാര്യത്തിൽ പ്രതികരിക്കാൻ വക്താവ് തയ്യാറായില്ല.

കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇറ്റലി, ബ്രിട്ടൻ, ഹംഗറി, സെർബിയ തുടങ്ങിയ രാജ്യങ്ങളിലെ സ്കൂളുകൾക്കും സമാനമായ വ്യാജ ബോംബ് ഭീഷണികൾ ലഭിച്ചിരുന്നു. ഈ സംഭവങ്ങൾ തമ്മിൽ ബന്ധമുണ്ടോയെന്ന് വ്യക്തമല്ല.

യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ വിമാനങ്ങൾക്ക് നേരെയും വ്യാജ ബോംബ് ഭീഷണികൾ ഉയർന്നിരുന്നു. കൂടാതെ, നിരവധി രാജ്യങ്ങളിലെ സൂപ്പർമാർക്കറ്റുകളിലെ ശീതീകരണ സംവിധാനങ്ങൾ ലക്ഷ്യമിട്ട് സൈബർ ആക്രമണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

More Stories from this section

family-dental
witywide