
മയാമി: കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ ഒരു കൂറ്റൻ കെട്ടിടം അപ്രത്യക്ഷമാകുന്നത് കണ്ടിട്ടുണ്ടോ? മയാമിയിലെ പ്രശസ്തമായ മന്ദാരിൻ ഓറിയൻ്റൽ ഹോട്ടൽ ഇപ്പോൾ അക്ഷരാർത്ഥത്തിൽ അപ്രത്യക്ഷമായിരിക്കുകയാണ്. 23 നിലകളിലായി തലയുയർത്തി നിന്നിരുന്ന ഈ ആഡംബര ഹോട്ടൽ വെറും 20 സെക്കൻഡുകൾ കൊണ്ടാണ് മണ്ണടിഞ്ഞത്.
സാധാരണ കെട്ടിടങ്ങൾ പൊളിക്കുന്നത് പോലെയായിരുന്നില്ല ഇത്. സ്ഫോടനത്തിന് തൊട്ടുമുമ്പ് ഹോട്ടലിൻ്റ മുകൾഭാഗത്ത് വർണ്ണാഭമായ പടക്കങ്ങൾ പൊട്ടിച്ചിരുന്നു. കെട്ടിടത്തിൻ്റെ 25 വർഷത്തെ പ്രതാപത്തിന് നൽകിയ ഒരു ‘യാത്ര അയപ്പ്’ പോലെയായിരുന്നു ഈ ദൃശ്യം. പിന്നാലെ വന്ന നിയന്ത്രിത സ്ഫോടനത്തിൽ സെക്കൻഡുകൾക്കുള്ളിൽ കെട്ടിടം നിലംപൊത്തി. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഈ വീഡിയോ ദൃശ്യങ്ങൾ പടരുകയാണ്.
പുതിയ കെട്ടിടം നിർമ്മിക്കുന്നതിനുവേണ്ടിയായിരുന്നു ഈ തകർക്കൽ. അതേ സ്ഥാനത്ത് ‘മന്ദാരിൻ ഓറിയൻ്റൽ’ എന്ന പേരിൽ തന്നെ രണ്ട് അതിനൂതന ടവറുകൾ ഉയരും. ലോകത്തെ ഏറ്റവും മികച്ച ആഡംബര അപ്പാർട്ട്മെൻ്റുകളും ഹോട്ടൽ സൗകര്യങ്ങളുമാണ് ഇവിടെ പണിയാൻ പോകുന്നത്.
സ്ഫോടനത്തിന് പിന്നാലെ ബ്രിക്വൽ കീ പ്രദേശം മുഴുവൻ കനത്ത പൊടിപടലങ്ങൾ കൊണ്ട് മൂടി. കഴിഞ്ഞ പത്ത് വർഷത്തിനിടെ മയാമി കണ്ട ഏറ്റവും വലിയ സ്ഫോടനമാണിതെന്ന് അധികൃതർ പറയുന്നു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സമീപപ്രദേശങ്ങളിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു.
23-story building collapses in Miami in 20 seconds; Mandarin Oriental Hotel destroyed by explosion















