
ഫിറോസാബാദ്: സ്വന്തം ജന്മദിനത്തിൽ ഹോട്ടൽ മുറിയിലെത്തിച്ച് 22-കാരിയായ പെൺസുഹൃത്തിനെ ക്രൂരമായി പീഡിപ്പിച്ച ശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഫിറോസാബാദ് സ്വദേശിയായ രാഹുൽ എന്ന നിതിൻ യാദവ് (23) ആണ് പൊലീസിൻ്റെ പിടിയിലായത്.
ഗുരുഗ്രാമിലെ ഒരു ഇ-കോമേഴ്സ് കമ്പനിയിൽ ജോലി ചെയ്തിരുന്ന യുവതി, രക്ഷാബന്ധൻ പ്രമാണിച്ച് നാട്ടിലേക്ക് മടങ്ങുന്ന വഴിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 26-ന് തൻ്റെ ജന്മദിനമാണെന്ന് പറഞ്ഞ് രാഹുൽ യുവതിയെ ഫിറോസാബാദിലെ ശിഖോഹാബാദിലുള്ള ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
പൊലീസ് റിപ്പോർട്ട് അനുസരിച്ച്, ഹോട്ടൽ മുറിയിലെത്തിയ പ്രതി ലൈംഗിക ഉത്തേജക ഗുളികകൾ കഴിച്ച ശേഷം യുവതിയെ പീഡിപ്പിച്ചു. തുടർന്ന് ഓഗസ്റ്റ് 27-ന് പുലർച്ചെ വീണ്ടും പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ യുവതി ശക്തമായി എതിർത്തു. ഇതിൽ പ്രകോപിതനായ പ്രതി യുവതിയുടെ തല ഭിത്തിയിലിടിച്ച് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. തലയ്ക്കേറ്റ ഗുരുതരമായ പരിക്കും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ കൊലപാതകം, ബലാത്സംഗം എന്നീ വകുപ്പുകളും എസ്‌സി/എസ്ടി അതിക്രമ നിരോധന നിയമപ്രകാരവും പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതിയിൽ നിന്ന് പെൺകുട്ടിയുടെ മൊബൈൽ ഫോണും ഉത്തേജക ഗുളികകളും പൊലീസ് കണ്ടെടുത്തു. ക്രൂരകൃത്യത്തിന് പ്രതിയെ സഹായിച്ച മറ്റൊരു സുഹൃത്തിനായി പൊലീസ് തിരച്ചിൽ തുടരുകയാണ്.
23-year-old arrested in Uttar Pradesh for raping and killing girlfriend after consuming sex stimulants














