
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം ആറുമാസം പിന്നിടുന്ന പശ്ചാത്തലത്തിൽ, മേഖലയിലെ സമാധാനം മുൻനിർത്തി അയൽരാജ്യങ്ങളുമായി സംയുക്ത സുരക്ഷാ സഖ്യത്തിന് തയ്യാറാണെന്ന് പ്രഖ്യാപിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയൻ. ടെഹ്റാനിൽ നടന്ന 40-ാമത് അന്താരാഷ്ട്ര ഇസ്‌ലാമിക ഐക്യ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇറാൻ്റെ ഈ നീക്കം ഒരു ബലഹീനതയല്ലെന്നും യുദ്ധത്തിൻ്റെ ഭീകരത നേരിട്ടറിഞ്ഞ അനുഭവത്തിൽ നിന്നാണെന്നും അദ്ദേഹം പറഞ്ഞു. “യുദ്ധം എന്താണെന്ന് ഞങ്ങൾക്ക് നന്നായി അറിയാം. മിസൈലുകളും ബോംബുകളും വന്ന് വീഴുമ്പോൾ, അവ ഒരു ഇറാനിയൻ അമ്മയുടെയും അറബ് അമ്മയുടെയും സ്വപ്നങ്ങൾ തമ്മിൽ വേർതിരിച്ചു കാണാറില്ല,” പെസെഷ്കിയൻ വ്യക്തമാക്കി. നിലവിൽ ഇറാൻ മികച്ച പ്രതിരോധ ശക്തിയിലാണുള്ളതെന്നും സംഘർഷം ഇപ്പോൾ അവസാനിപ്പിക്കുന്നതാണ് എല്ലാവർക്കും നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ, ഇറാനുമായുള്ള യുദ്ധം നീണ്ടുപോകുന്നത് യൂറോപ്പിൽ അമേരിക്കൻ സൈന്യത്തിന് കനത്ത പ്രതിസന്ധി സൃഷ്ടിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ കീഴിൽ ഇറാനുമായി നടക്കുന്ന യുദ്ധത്തിൻ്റെ ആവശ്യങ്ങൾ കാരണം, യൂറോപ്പിൽ അമേരിക്കയുടെ നൂതന മിസൈൽ പ്രതിരോധ സംവിധാനങ്ങൾക്ക് കടുത്ത ക്ഷാമം നേരിടുന്നതായാണ് സൂചന.
റഷ്യയുടെ അതിവേഗ ബാലിസ്റ്റിക് മിസൈലുകളെ തകർക്കാൻ ശേഷിയുള്ള ‘പേട്രിയറ്റ് മിസൈൽ ഇൻ്റർസെപ്റ്ററുകളുടെ’ സ്റ്റോക്ക് യൂറോപ്പിലെ യു.എസ് – നാറ്റോ സഖ്യസേനകളുടെ പക്കൽ വളരെ കുറവാണെന്ന് പ്രതിരോധ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഈ ആയുധക്ഷാമം മുതലെടുത്ത് റഷ്യയുടെ ഭാഗത്തുനിന്ന് പെട്ടെന്നൊരു ആക്രമണമുണ്ടായാൽ, യുക്രെയ്ന് സമാനമായി നാറ്റോ സഖ്യവും പ്രതിരോധത്തിലാകുമെന്നും തുടർച്ചയായ പ്രഹരങ്ങൾ ഏറ്റുവാങ്ങേണ്ടി വരുമെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു.
Iran’s President says he is ready for a joint security alliance with neighboring countries, a decisive move six months after the war with the United States















