ഇന്ത്യ–ഉസ്ബെക്കിസ്ഥാൻ ദീർഘകാല യുറേനിയം കരാറിലേക്ക്; ഇന്ത്യക്കാർക്ക് 30 ദിവസം വരെ വിസയില്ലാതെ ഉസ്ബെക്കിസ്ഥാനിൽ തങ്ങാം, മോദിയുടെ സന്ദർശനത്തിൽ നിർണായക ധാരണ

താഷ്കെന്റ്: ഇന്ത്യയും ഉസ്ബെക്കിസ്ഥാനും തമ്മിൽ ദീർഘകാല യുറേനിയം വിതരണ കരാറിൽ ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റ് ഷവ്കത്ത് മിർസിയോയേവും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് നിർണായക പ്രഖ്യാപനം. ഇന്ത്യയുടെ ആണവോർജ പദ്ധതികൾക്ക് കരാർ ഏറെ സഹായകരമാകുമെന്നാണ് വിലയിരുത്തൽ.

യുറേനിയം വിതരണത്തിനായി ദീർഘകാല സംവിധാനം ഏർപ്പെടുത്തുമെന്ന് ചർച്ചകൾക്ക് ശേഷം മോദി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചയിലെ പ്രധാന നേട്ടങ്ങളിലൊന്നായാണ് അദ്ദേഹം കരാറിനെ വിശേഷിപ്പിച്ചത്. ഇന്ത്യയും ഉസ്ബെക്കിസ്ഥാനും മൂന്ന് സിസ്റ്റർ സിറ്റി, സിസ്റ്റർ സ്റ്റേറ്റ് കരാറുകൾക്കും അന്തിമരൂപം നൽകുന്നുണ്ട്. ഒപ്പുവെക്കുന്ന കരാറുകൾ കടലാസിൽ മാത്രം ഒതുങ്ങാതെ പ്രാവർത്തികമാക്കുന്നതിനുള്ള വ്യക്തമായ കർമപദ്ധതി തയ്യാറാക്കണമെന്നും മോദി ആവശ്യപ്പെട്ടു.

ഉസ്ബെക്കിസ്ഥാൻ പുതുതായി വികസിപ്പിക്കുന്ന ന്യൂ താഷ്കെന്റ് നഗരത്തിന്റെ നിർമാണവും ചർച്ചയായി. ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റി നഗരവികസനത്തിന് മാതൃകയാക്കാമെന്ന് മോദി ചൂണ്ടിക്കാട്ടി. ഗിഫ്റ്റ് സിറ്റിയുടെ ആസൂത്രണവും സാങ്കേതികവിദ്യയും നടപ്പാക്കൽ രീതികളും പരിചയപ്പെടുത്തുന്നതിനായി ഉസ്ബെക്കിസ്ഥാൻ പ്രതിനിധി സംഘത്തെ ഇന്ത്യയിലേക്ക് ക്ഷണിക്കാനും മോദി സന്നദ്ധത അറിയിച്ചു.

ഇന്ത്യയെ വിശ്വസനീയമായ തന്ത്രപ്രധാന പങ്കാളി എന്നാണ് മിർസിയോയേവ് വിശേഷിപ്പിച്ചത്. കഴിഞ്ഞ വർഷം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ആദ്യമായി ഒരു ബില്യൺ ഡോളർ കടന്നതായും അദ്ദേഹം പറഞ്ഞു. ഏതാനും വർഷങ്ങൾക്ക് മുമ്പുള്ളതിനെ അപേക്ഷിച്ച് സംയുക്ത സംരംഭങ്ങളുടെ എണ്ണം ഏഴിരട്ടിയായി വർധിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയ്ക്കും ഉസ്ബെക്കിസ്ഥാനുമിടയിൽ നിലവിൽ ആഴ്ചയിൽ 14 നേരിട്ടുള്ള വിമാന സർവീസുകൾ നടത്തുന്നുണ്ടെന്നും മിർസിയോയേവ് പറഞ്ഞു.

ഇന്ത്യൻ പൗരന്മാർക്ക് 30 ദിവസം വരെ വിസയില്ലാതെ ഉസ്ബെക്കിസ്ഥാനിൽ പ്രവേശിക്കാനുള്ള സൗകര്യം ഏർപ്പെടുത്താനും ഉസ്ബെക്കിസ്ഥാൻ തീരുമാനിച്ചിട്ടുണ്ട്. വിനോദസഞ്ചാരം, ബിസിനസ് യാത്ര, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവ വർധിപ്പിക്കാൻ ഇത് സഹായിക്കുമെന്ന് മിർസിയോയേവ് പറഞ്ഞു.

ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക ബന്ധവും കൂടുതൽ ശക്തമാകുകയാണ്. ലാൽ ബഹദൂർ ശാസ്ത്രി സെന്റർ ഫോർ ഇന്ത്യൻ കൾച്ചറും മഹാത്മാഗാന്ധി സെന്റർ ഫോർ ഇന്ത്യൻ സ്റ്റഡീസും ജനങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നതായി മിർസിയോയേവ് പറഞ്ഞു. ഉസ്ബെക്കിസ്ഥാനിൽ യോഗയ്ക്കും വലിയ പ്രചാരമാണ് ലഭിക്കുന്നത്. 2018 മുതൽ രാജ്യത്ത് ദേശീയ യോഗ ഫെഡറേഷൻ പ്രവർത്തിക്കുന്നുണ്ട്. ജൂണിൽ സംഘടിപ്പിച്ച യോഗ ഫെസ്റ്റിവലിൽ മേഖലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തിരുന്നു.

വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, ഫാർമസ്യൂട്ടിക്കൽസ്, ഐടി, സംസ്കാരം തുടങ്ങിയ മേഖലകളിൽ ഇന്ത്യയും ഉസ്ബെക്കിസ്ഥാനും നേരത്തെ സഹകരിക്കുന്നുണ്ട്. ആണവോർജവും നഗരാസൂത്രണവും കൂടി ഇപ്പോൾ സഹകരണത്തിന്റെ പുതിയ മേഖലകളാകുകയാണ്.

അതേസമയം, മോദിയുടെ ഉസ്ബെക്കിസ്ഥാൻ സന്ദർശനം ഓഗസ്റ്റ് 30ന് പൂർത്തിയാകും. തുടർന്ന് ഷാങ്ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി അദ്ദേഹം ബിഷ്കെക്കിലേക്ക് യാത്രതിരിക്കും.

India, Uzbekistan Strike Long-Term Uranium Deal As PM Modi Wraps Key Visit