വാഷിങ്ടൺ: അമേരിക്കൻ പൗരന്മാർക്ക് 5,000 ഡോളർ വീതം നൽകാനുള്ള തന്റെ നിർദേശത്തിന് കോൺഗ്രസിന്റെ അനുമതി ആവശ്യമില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം ഓരോ അമേരിക്കൻ പൗരനും 5,000 ഡോളർ വീതം നൽകുന്ന ‘ട്രംപ് ഡിവിഡൻഡ്’ പദ്ധതി നടപ്പാക്കുന്നതിന് കോൺഗ്രസ് അംഗീകാരം വേണ്ടിവരില്ലെന്നാണ് ട്രംപ് വ്യാഴാഴ്ച വ്യക്തമാക്കിയത്.
CBS ന്യൂസിന് നൽകിയ അഭിമുഖത്തിൽ നിർദേശിച്ചിരിക്കുന്ന സാമ്പത്തിക സഹായത്തെ “വലിയ ഉത്തേജനം” എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ലഭിക്കുന്ന പണം മറ്റ് രാജ്യങ്ങളിൽ ചെലവഴിക്കാതെ അമേരിക്കയിൽ തന്നെ ചെലവഴിക്കണമെന്നും അദ്ദേഹം പറഞ്ഞു.“ആവശ്യമുണ്ടെങ്കിൽ അവർ (കോൺഗ്രസ്) അത് ചെയ്യും. എന്നാൽ ആവശ്യമില്ലെന്നാണ് ഞങ്ങൾ കരുതുന്നത്. രാജ്യം വളരെ മികച്ച രീതിയിലാണ് മുന്നേറുന്നത്. തീരുവയിലൂടെയും മറ്റ് മാർഗങ്ങളിലൂടെയും ട്രില്യൺ കണക്കിന് ഡോളർ വരുമാനം ലഭിച്ചു. നിലവിൽ 20 ട്രില്യൺ ഡോളറിലധികം മൂല്യമുള്ള നിർമ്മാണ പ്ലാന്റുകളും മറ്റ് നിക്ഷേപങ്ങളും അമേരിക്കയിൽ നടക്കുന്നുണ്ട്. ഇത് മുമ്പത്തേക്കാൾ വളരെ കൂടുതലാണ്,” ട്രംപ് പറഞ്ഞു.
പണം അമേരിക്കയിൽ തന്നെ ചെലവഴിക്കണമെന്നതാണ് പദ്ധതിയുടെ പ്രധാന വ്യവസ്ഥയെന്നും അദ്ദേഹം വ്യക്തമാക്കി. ആ പണം മറ്റ് രാജ്യങ്ങളിൽ ചെലവഴിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഇത് വളരെ നല്ലതും ജനപ്രിയവുമായ പദ്ധതിയാണെന്നാണ് ഞങ്ങൾ കരുതുന്നത് എന്നും ട്രംപ് കൂട്ടിച്ചേർത്തു. നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം റിപ്പബ്ലിക്കൻ പാർട്ടി കോൺഗ്രസിന്റെ ഇരുസഭകളിലുമുള്ള നിയന്ത്രണം നിലനിർത്തിയാൽ പ്രായപൂർത്തിയായ ഓരോ അമേരിക്കക്കാരനും 5,000 ഡോളർ വീതം നൽകുമെന്ന് ഡാലസിൽ നടന്ന ഒരു കൺവെൻഷനിലെ പ്രസംഗത്തിനിടെ ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ടെക്സസിലെ ആർലിങ്ടണിലുള്ള നാഷണൽ മെഡൽ ഓഫ് ഓണർ മ്യൂസിയത്തിൽ നടന്ന അഭിമുഖത്തിൽ, ഇടക്കാല തിരഞ്ഞെടുപ്പിനെ താൻ നേരിട്ട് മത്സരിക്കുന്ന തിരഞ്ഞെടുപ്പായി കണ്ട് പിന്തുണക്കണമെന്നും ട്രംപ് അനുയായികളോട് ആവശ്യപ്പെട്ടു.
ഇത്തവണ ഞാൻ മത്സരിക്കുന്നില്ല. മത്സരിക്കുമ്പോഴും മത്സരിക്കാതിരിക്കുമ്പോഴും വലിയ വ്യത്യാസമുണ്ട്. എന്നാൽ ഞാൻ മത്സരിക്കുന്നതായി കരുതി പ്രവർത്തിക്കണമെന്ന് എല്ലാവരോടും ആവശ്യപ്പെടുകയാണ്. കാരണം നമുക്ക് വിജയിക്കണമെന്നും ട്രംപ് പറഞ്ഞു. രാജ്യം നിലവിലെ ദിശയിൽ മുന്നോട്ട് പോകുന്നത് ഉറപ്പാക്കാൻ റിപ്പബ്ലിക്കൻ പാർട്ടിയുടെ വിജയം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച് രാജ്യത്ത് ഏകദേശം 24.5 കോടി പ്രായപൂർത്തിയായ യുഎസ് പൗരന്മാരുണ്ട്. ഓരോരുത്തർക്കും 5,000 ഡോളർ വീതം നൽകിയാൽ സർക്കാരിന് ഏകദേശം 1.2 ട്രില്യൺ ഡോളർ ചെലവ് വരും.
$5,000 DBT scheme in US: Trump says Congress’ approval not needed for payout















