
പത്തനംതിട്ട: മലയാള ചലച്ചിത്ര-സീരിയൽ നടൻ സന്തോഷ് കെ. നായർ (60) അന്തരിച്ചു. ഇന്ന് പുലർച്ചെ പത്തനംതിട്ട ഏനാത്ത് വെച്ചുണ്ടായ വാഹനാപകടത്തെത്തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. പരിക്കുകളോടെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ചികിത്സയ്ക്കിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
അപകടസമയത്ത് ഒപ്പമുണ്ടായിരുന്ന ഭാര്യ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. 1982 മുതൽ സിനിമാരംഗത്ത് സജീവമായിരുന്ന സന്തോഷ്, തന്റെ ഗാംഭീര്യമുള്ള ശബ്ദം കൊണ്ടും ആക്ഷൻ വേഷങ്ങൾ കൊണ്ടും ശ്രദ്ധേയനായിരുന്നു.
ചന്ദ്രോത്സവം, കാര്യസ്ഥൻ, ടൈഗർ, തിരുവമ്പാടി തമ്പാൻ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. 2014-ന് ശേഷം സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുത്തിരുന്ന അദ്ദേഹം, അടുത്തിടെ പുറത്തിറങ്ങിയ ‘ഭരതനാട്യം’ എന്ന സിനിമയുടെ രണ്ടാം ഭാഗമായ ‘മോഹിനിയാട്ടം’ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയായിരുന്നു.
സിനിമകൾക്ക് പുറമെ ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം സജീവസാന്നിധ്യമായിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ അദ്ദേഹത്തിന്റെ വേർപാട് സിനിമാ-സീരിയൽ ലോകത്തിന് വലിയ നഷ്ടമാണ്.
Actor Santosh K Nair dies in a car accident















