ചേരാനല്ലൂർ വാഹനാപകടം: പ്രതിഷേധം ശക്തമായതോടെ 17കാരനെ പൊലീസ് വീണ്ടും അപ്രിഹെൻഡ് ചെയ്തു; ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി, ജാമ്യം? ജഡ്ജിയായ അച്ഛനെതിരെയും കേസെടുത്തേക്കും

ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ 17കാരനെതിരെ കുടുംബത്തിന്റെയും വിവിധ സംഘടനകളുടെയും ശക്തമായ പ്രതിഷേധത്തിനൊടുവിൽ പോലീസ് വീണ്ടും നടപടിയെടുത്തു. പ്രതിയായ 17കാരനെ പോലീസ് വീണ്ടും അപ്രിഹെൻഡ് ചെയ്യുകയായിരുന്നു. മുതിർന്നവരുടെ അറസ്റ്റിന് തുല്യമായ ഈ നടപടിക്ക് ശേഷം പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. രാത്രി തന്നെ 17 കാരന് ജാമ്യം ലഭിച്ചു എന്നാണ് റിപ്പോർട്ട്. ഇത് അംഗീകരിക്കില്ലെന്ന് മരണപ്പെട്ടയാളുടെ കുടുംബം വ്യക്തമാക്കി. അതേസമയം വാഹന ഉടമയും ജഡ്ജിയുമായ അച്ഛനെതിരേയും കേസെടുക്കാൻ സാധ്യതയുണ്ട്.

അപകടത്തിന് പിന്നാലെ കസ്റ്റഡിയിലെടുത്ത പ്രതിക്ക് പോലീസ് ഞായറാഴ്ച വൈകിട്ടോടെ സ്റ്റേഷൻ ജാമ്യം നൽകിയതാണ് വലിയ പ്രതിഷേധങ്ങൾക്ക് വഴിതുറന്നത്. ഇത് ജഡ്ജിയായ അച്ഛന്റെ സമ്മർദ്ദം കാരണം ആണെന്ന ആരോപണം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ നിയമം അനുശാസിക്കുന്ന ശിക്ഷ ഉറപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രസ്താവന നടത്തി മണിക്കൂറുകൾക്കുള്ളിലാണ് പ്രതിക്ക് ജാമ്യം ലഭിച്ചത്. ഇതിൽ പ്രതിഷേധിച്ച് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബാംഗങ്ങൾ ചേരാനല്ലൂർ പോലീസ് സ്റ്റേഷന് മുൻപിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.

പോലീസ് സ്റ്റേഷന് മുന്നിലെ പ്രതിഷേധത്തിനിടെ മരിച്ച ജയബാലകൃഷ്ണന്റെ മകൾ തളർന്നുവീണതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. പ്രതിയെ വീണ്ടും അപ്രിഹെൻഡ് ചെയ്തില്ലെങ്കിൽ സ്റ്റേഷന് മുന്നിൽ നിന്ന് പോകില്ലെന്ന് കുടുംബം കടുത്ത നിലപാടെടുത്തു. അർദ്ധരാത്രിയിലും പ്രതിഷേധം തുടരുമെന്ന് കണ്ടതോടെയാണ് പോലീസ് അതിവേഗ നടപടികളിലേക്ക് കടന്നത്. ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ തീരുമാനം അറിഞ്ഞ ശേഷം മാത്രമേ പിരിഞ്ഞുപോകൂ എന്നും വാഹന ഉടമയ്ക്കെതിരെ കേസെടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.

ഞായറാഴ്ച പുലർച്ചെയാണ് ജഡ്ജിയുടെ മകനായ 17 കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് മഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ (55) മരണപ്പെട്ടത്. പ്രതി അപകടസമയത്ത് 104 കിലോമീറ്റർ വേഗതയിലാണ് കാർ ഓടിച്ചിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. ലൈസൻസ് ഇല്ലാതെയും അമിതവേഗതയിലും വാഹനം ഓടിച്ചതിന് മോട്ടോർ വാഹന നിയമത്തിലെ 181, 183 വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.

Cheranalloor Accident Case: Police Re-apprehend 17-Year-Old Son of Judge After Protests, to Produce Before Juvenile Justice Board

More Stories from this section

family-dental
witywide