അമേരിക്കയിൽ നിന്ന് വീണ്ടും സങ്കടവാർത്ത; ഫ്ലോറിഡയിൽ കാർ മരത്തിലിടിച്ച് തീപിടിച്ചു, തെലങ്കാനയിൽ നിന്നുള്ള മൂന്ന് വിദ്യാർത്ഥികൾ മരിച്ചു

ഫ്ലോറിഡ : അമേരിക്കയിലെ ഫ്ലോറിഡയിലുണ്ടായ വാഹനാപകടത്തിൽ തെലങ്കാന സ്വദേശികളായ മൂന്ന് ഇന്ത്യൻ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. ബ്രെവാർഡ് കൗണ്ടിയിലെ പാം ബേ പ്രദേശത്ത് ഇന്റർസ്റ്റേറ്റ് 95-ലൂടെ സഞ്ചരിക്കുകയായിരുന്ന കാർ നിയന്ത്രണം വിട്ട് വഴിയരികിലെ മരത്തിലിടിച്ച് തീപിടിച്ചാണ് അപകടമുണ്ടായത്.

മരിച്ചവരിൽ ഒരാളെ തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലെ നാവിപേട്ട് സ്വദേശിയായ എന്. രാഹുൽ ആയി തിരിച്ചറിഞ്ഞിട്ടുണ്ട്. ഉന്നത പഠനാർത്ഥം മൂന്ന് മാസം മുൻപാണ് രാഹുൽ അമേരിക്കയിലേക്ക് പോയത്. സുഹൃത്തുക്കളോടൊപ്പം പാർട്ട് ടൈം ജോലി സ്ഥലത്തേക്ക് പോകുന്ന വഴിക്കായിരുന്നു ദുരന്തം.

ഫ്ലോറിഡ ഹൈവേ പട്രോൾ നൽകുന്ന വിവരമനുസരിച്ച് 2025 മോഡൽ ഹ്യുണ്ടായ് എലാന്റ്ര കാറാണ് അപകടത്തിൽപ്പെട്ടത്. ഇടിച്ചതിന് പിന്നാലെ കാറിന് തീപിടിച്ചതോടെ രണ്ട് പേർ സംഭവസ്ഥലത്തു വെച്ച് തന്നെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ രാഹുലിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഫ്ലോറിഡയിൽ എം.എസ് പൂർത്തിയാക്കിയ രാഹുൽ പി.എച്ച്.ഡിക്ക് പ്രവേശനം നേടി തൊഴിൽ അന്വേഷിക്കുകയായിരുന്നുവെന്ന് പിതാവ് ഹരിബാബു പറഞ്ഞു. അപകടത്തിന് തൊട്ടുമുൻപ് രാഹുൽ അമ്മയോട് ഫോണിൽ സംസാരിച്ചിരുന്നുവെന്നും, സുഹൃത്തുക്കൾ വാഹനവുമായി എത്തിയിട്ടുണ്ടെന്ന് പറഞ്ഞ് ഫോൺ വെച്ചതാണ് അവസാനത്തെ സംഭാഷണമായതെന്നും കുടുംബം കണ്ണീരോടെ ഓർക്കുന്നു.

മരണപ്പെട്ട മറ്റ് രണ്ട് വിദ്യാർത്ഥികളുടെ വിവരങ്ങൾ ഔദ്യോഗികമായി ലഭ്യമായിട്ടില്ല. തെലുങ്ക് അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ സഹകരണത്തോടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

മറ്റൊരു സംഭവത്തിൽ, ഓഗസ്റ്റ് 13-ന് കാലിഫോർണിയയിൽ വാഹനം വെസ്റ്റ് ക്ലിഫ് ഡ്രൈവിന് സമീപം സമുദ്രത്തിലേക്ക് മറിഞ്ഞ് 19 കാരിയായ ഇന്ത്യൻ വംശജ അലി റെനെ സിംഗ് മരണപ്പെട്ടിരുന്നു. കാറിനുള്ളിൽ കുടുങ്ങിപ്പോയ അലിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വാഹനം ഓടിച്ചിരുന്ന യുവാവ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

More Stories from this section

family-dental
witywide