
കാരക്കാസ്: വെനസ്വേലയെ പിടിച്ചുകുലുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിനിടയിലും ലക്ഷക്കണക്കിന് ജനങ്ങൾക്ക് രക്ഷയായത് ഗൂഗിളിൻ്റെ അത്യാധുനിക സാങ്കേതികവിദ്യ. ഒരു നൂറ്റാണ്ടിനിടെ രാജ്യം കണ്ട ഏറ്റവും വലിയ ഭൂകമ്പം ഉണ്ടാകുന്നതിന് തൊട്ടുമുമ്പ് ദശലക്ഷക്കണക്കിന് ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിലേക്ക് ഗൂഗിളിൻ്റെ ഭൂകമ്പ മുന്നറിയിപ്പ് എത്തിയതാണ് വൻ ദുരന്തത്തിൻ്റെ വ്യാപ്തി കുറച്ചത്.
രാജ്യത്ത് ഔദ്യോഗികമായി മറ്റ് ഭൂകമ്പ മുന്നറിയിപ്പ് സംവിധാനങ്ങൾ ഇല്ലാതിരുന്നിട്ടും, സ്മാർട്ട്ഫോൺ സാങ്കേതികവിദ്യ ജനങ്ങൾക്ക് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ വിലപ്പെട്ട ഏതാനും സെക്കൻഡുകൾ സമ്മാനിച്ചു. ശക്തമായ കുലുക്കം അനുഭവപ്പെടുന്നതിന് തൊട്ടുമുമ്പ് ഫോണുകളിൽ ഉച്ചത്തിലുള്ള സൈറൺ ശബ്ദത്തോടെയാണ് മുന്നറിയിപ്പ് സന്ദേശം എത്തിയത്. ഇതോടെ കെട്ടിടങ്ങൾക്കുള്ളിൽ ഉണ്ടായിരുന്നവർക്ക് സുരക്ഷിതമായി പുറത്തേക്ക് ഓടി രക്ഷപ്പെടാൻ സാധിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പ്രവർത്തിച്ചത് ‘ഫോൺ സെൻസർ’
ഭൂകമ്പം മുൻകൂട്ടി പ്രവചിക്കുകയല്ല, മറിച്ച് ഭൂമിയിലുണ്ടാകുന്ന ആദ്യ ചലനങ്ങളെ അതിവേഗം തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നൽകുകയാണ് ഈ സംവിധാനം ചെയ്യുന്നത്. സ്മാർട്ട്ഫോണുകളിലുള്ള ‘ആക്സിലറോമീറ്റർ’ എന്ന സെൻസറുകളെ മിനി സീസ്മോമീറ്ററുകളായി മാറ്റിയാണ് ഗൂഗിൾ ഈ സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നത്.
ഭൂകമ്പം ഉണ്ടാകുമ്പോൾ ആദ്യം പുറപ്പെടുന്നതും നാശനഷ്ടങ്ങൾ ഉണ്ടാക്കാത്തതുമായ ‘പി-തരംഗങ്ങളെ’ ഈ സെൻസറുകൾ തിരിച്ചറിയുന്നു. ഒരു നിശ്ചിത പ്രദേശത്തെ നിരവധി ഫോണുകൾ ഒരേസമയം ഇത്തരം ചലനങ്ങൾ രേഖപ്പെടുത്തുമ്പോൾ, ഗൂഗിളിൻ്റെ സെർവറുകൾ നിമിഷങ്ങൾക്കകം ഡാറ്റ വിശകലനം ചെയ്ത് ഭൂകമ്പത്തിൻ്റെ തീവ്രത കണക്കാക്കും. ഭൂകമ്പ തരംഗങ്ങൾ സഞ്ചരിക്കുന്നതിനേക്കാൾ വേഗത്തിൽ ഇൻ്റർനെറ്റ് സിഗ്നലുകൾ സഞ്ചരിക്കുമെന്നതിനാലാണ് സെക്കൻഡുകൾക്ക് മുൻപ് ആളുകളിലേക്ക് മുന്നറിയിപ്പ് സന്ദേശം എത്തുന്നത്.
കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് വെനസ്വേലയുടെ വടക്കൻ തീരങ്ങളിൽ മിനിറ്റുകളുടെ ഇടവേളയിൽ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ഇരട്ട ഭൂചലനങ്ങൾ ഉണ്ടായത്. നൂറുകണക്കിന് കെട്ടിടങ്ങൾ തകരുകയും വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്ത ദുരന്തത്തിൽ സാങ്കേതികവിദ്യയുടെ ഈ ഇടപെടൽ വലിയ ജീവഹാനിയാണ് ഒഴിവാക്കിയത്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ 2023 മുതൽ തന്നെ ഗൂഗിൾ ഈ സംവിധാനം ലഭ്യമാക്കിയിട്ടുണ്ട്. ഫോണിലെ ‘Safety & Emergency’ ക്രമീകരണങ്ങളിൽ ഈ സൗകര്യം ആർക്കും ഓൺ ചെയ്യാവുന്നതാണ്.
Android phones receive warnings moments before earthquake; Millions of people miraculously escaped in Venezuela, this system is also available in India













