ഹോർമുസ് കടലിടുക്കിൽ രണ്ട് വാണിജ്യക്കപ്പലുകൾക്കു നേരെയുണ്ടായ ആക്രമണങ്ങളെ ഇന്ത്യ ഞായറാഴ്ച ശക്തമായി അപലപിച്ചു. ഡ്രോൺ ആക്രമണത്തിൽ കപ്പലിന് കേടുപാടുകൾ സംഭവിച്ചതിനെത്തുടർന്ന് രണ്ട് ഇന്ത്യൻ നാവികരെ കാണാതായതോടെയാണ് ഇന്ത്യയുടെ പ്രതികരണം. എം.ടി. പെട്രോ ഡോൾഫിൻ എന്ന കപ്പലിനുനേരെയാണ് ഞായറാഴ്ച ഡ്രോൺ ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ട്.
കപ്പലിലുണ്ടായിരുന്ന 11 ഇന്ത്യൻ നാവികരിൽ രണ്ടുപേരെ കാണാതായി. മറ്റൊരു സംഭവത്തിൽ എം.ടി. വാൽതെറ എന്ന കപ്പലിനു നേരെ അജ്ഞാതമായ ഒരു പ്രോജക്ടൈൽ പതിച്ചതിനെത്തുടർന്ന് തീപിടിത്തമുണ്ടായി. ഈ കപ്പലിലുണ്ടായിരുന്ന 11 ഇന്ത്യൻ നാവികരും സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. കാണാതായ നാവികരെ കണ്ടെത്തുന്നതിനും ഇന്ത്യൻ ജീവനക്കാർക്ക് ആവശ്യമായ സഹായം ഉറപ്പാക്കുന്നതിനുമായി മസ്‌കറ്റിലെ ഇന്ത്യൻ എംബസി ഒമാൻ അധികൃതരുമായും ബന്ധപ്പെട്ട കപ്പൽ കമ്പനികളുമായും ഏകോപനം നടത്തുന്നുണ്ട്.
ഇന്ത്യൻ നാവികരുടെ സുരക്ഷയ്ക്കാണ് കേന്ദ്രസർക്കാർ മുൻഗണന നൽകുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വാണിജ്യക്കപ്പലുകൾക്കുനേരെ ആവർത്തിച്ചുണ്ടാകുന്ന ആക്രമണങ്ങൾ അതീവ ആശങ്കാജനകമാണെന്നും ഇത് ഇതിനകം സംഘർഷഭരിതമായ സാഹചര്യം കൂടുതൽ വഷളാക്കാൻ ഇടയാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. സംഘർഷം ഉടൻ ലഘൂകരിക്കണമെന്നും ചർച്ചകളിലൂടെയും നയതന്ത്ര നീക്കങ്ങളിലൂടെയും പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
വാണിജ്യക്കപ്പലുകൾക്കും നാവികർക്കും സിവിലിയൻ അടിസ്ഥാനസൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി സമുദ്രഗതാഗത സ്വാതന്ത്ര്യവും അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള വാണിജ്യനീക്കവും തടസ്സമില്ലാതെ ഉറപ്പാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
അതേസമയം, എം.ടി. പെട്രോ ഡോൾഫിനിലുണ്ടായിരുന്ന 11 ഇന്ത്യൻ ജീവനക്കാരിൽ ഒമ്പത് പേരെ രക്ഷപ്പെടുത്തിയതായും ഇവർ സുരക്ഷിതരാണെന്നും കേന്ദ്ര തുറമുഖ-കപ്പൽ ഗതാഗത മന്ത്രി സർബാനന്ദ സോനോവാൾ നേരത്തെ അറിയിച്ചിരുന്നു. കാണാതായ രണ്ടുപേർക്കായി തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. നിക്കരാഗ്വയുടെ പതാകയിൽ സഞ്ചരിച്ചിരുന്ന ടാങ്കറിനു നേരെ ഞായറാഴ്ച സോഹാർ ആങ്കറേജിൽവെച്ചാണ് ഡ്രോൺ ആക്രമണമുണ്ടായതെന്നും സോനോവാൾ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ഒമാനിലെ ഇന്ത്യൻ എംബസിയും ബന്ധപ്പെട്ട അധികൃതരുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്ന് അറിയിച്ചു.മാർഷൽ ദ്വീപുകളുടെ പതാകയിൽ സഞ്ചരിച്ചിരുന്ന എം.ടി. വാൽതെറ എന്ന ടാങ്കറിനു നേരെയും ഇതേ ദിവസം ഹോർമുസ് കടലിടുക്കിൽവെച്ച് അജ്ഞാത പ്രോജക്ടൈൽ പതിച്ചതായി സോനോവാൾ പിന്നീട് അറിയിച്ചു. 11 ഇന്ത്യൻ നാവികരുണ്ടായിരുന്ന കപ്പലിൽ ഇതേത്തുടർന്ന് തീപിടിത്തമുണ്ടായെങ്കിലും എല്ലാവരും സുരക്ഷിതരാണെന്നാണ് വിവരം.
പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്നതിനിടെ ഗൾഫ് മേഖലയിലെ വാണിജ്യക്കപ്പലുകൾക്കുനേരെ തുടർച്ചയായി ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഒക്ടോബർ ഒമ്പതിന് 22 ഇന്ത്യക്കാരുമായി സഞ്ചരിച്ചിരുന്ന പനാമയുടെ പതാകയിലുള്ള എം.ടി. ജെം നമ്പർ 2 എന്ന ക്രൂഡ് ഓയിൽ ടാങ്കറിനുനേരെ ഷാർജ ആങ്കറേജിൽ ഡ്രോൺ ആക്രമണമുണ്ടായിരുന്നു. സംഭവത്തിൽ 22 ഇന്ത്യൻ ജീവനക്കാരും സുരക്ഷിതരാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു. ശനിയാഴ്ച ഒരേസമയം മൂന്ന് ഡ്രോൺ ആക്രമണങ്ങളുണ്ടായതിനെത്തുടർന്ന് തീപിടിച്ച കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്.
Attacks must cease’: India condemns strikes on commercial ships, seafarers in Strait of Hormuz after 2 Indians missing















