ഹോർമുസിൽ നിയന്ത്രണം കടുപ്പിച്ച് ഇറാൻ; അമേരിക്കൻ ഉപരോധത്തിൽ പങ്കാളിയാകരുതെന്ന് ഇറാഖിന് താക്കീത്

ദുബായ്: ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾ ഇറാന്റെ അനുമതി വാങ്ങണമെന്ന നിലപാട് ആവർത്തിച്ച് ഇറാൻ. അമേരിക്ക ഏർപ്പെടുത്തിയ കര ഉപരോധത്തിന് പിന്തുണ നൽകരുതെന്ന് ഇറാഖിനും ഇറാൻ മുന്നറിയിപ്പ് നൽകി. ഇറാനുമായുള്ള അതിർത്തികൾ അടയ്ക്കുകയും യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്ത ഇറാഖിന്റെ നടപടിക്കെതിരെയാണ് ഇറാന്റെ രൂക്ഷ പ്രതികരണം.

ഹോർമുസ് കടലിടുക്കിലൂടെ രഹസ്യമായി കടക്കാൻ ശ്രമിച്ച കപ്പലുകൾ ആക്രമിക്കപ്പെട്ടതായി ഇറാൻ അവകാശപ്പെട്ടു. ഒമാനിലെ ഖസബ് തുറമുഖത്ത് എണ്ണ ടാങ്കർ കടൽബോംബിൽ തട്ടി തീപിടിച്ചതായും ഇറാൻ നിയന്ത്രിത മേഖലയിലൂടെ സഞ്ചരിച്ച മറ്റൊരു എണ്ണക്കപ്പലിൽ സ്ഫോടനമുണ്ടായതായും റിപ്പോർട്ടുകളുണ്ട്. അതേസമയം, തെക്കൻ യെമൻ തീരത്ത് ആയുധധാരികൾ ഒരു കപ്പൽ റാഞ്ചിയതായും വിവരമുണ്ട്. സംഭവത്തിനു പിന്നിൽ കടൽക്കൊള്ളക്കാരാണെന്നാണ് പ്രാഥമിക സൂചന.

അതിനിടെ, അമേരിക്കൻ സൈന്യത്തിനെതിരെ ഇറാൻ ഉന്നയിച്ച ആരോപണങ്ങൾ യുഎസ് സെൻട്രൽ കമാൻഡ് (സെന്റ്കോം) നിഷേധിച്ചു. രണ്ട് ഇറാനിയൻ എണ്ണ ടാങ്കറുകൾ യുഎസ് സൈന്യം പിടിച്ചെടുത്തെന്ന വാർത്തയും റവലൂഷനറി ഗാർഡിന്റെ നാവികസേന അവ തിരിച്ചുപിടിച്ചെന്ന പ്രചാരണവും തെറ്റാണെന്ന് സെന്റ്കോം വ്യക്തമാക്കി.

വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ഏബ്രഹാം ലിങ്കണു നേരെ ആക്രമണം നടത്തിയെന്ന ഇറാന്റെ അവകാശവാദവും ഹോർമുസ് കടലിടുക്ക് കടക്കാൻ കപ്പലുകളിൽനിന്ന് 25 ലക്ഷം ഡോളർ വീതം ചുങ്കം ഈടാക്കിയെന്ന ആരോപണവും അമേരിക്ക നിഷേധിച്ചു.

സൗദി അറേബ്യയുടെ തെക്കൻ മേഖലകളിലും റിയാദിലും ഹൂതികൾ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾ തടഞ്ഞതായി സഖ്യസേന അറിയിച്ചു. യെമൻ തലസ്ഥാനമായ സനായിൽ ഹൂതികളുടെ ആയുധശാലകൾ വ്യാപകമായി തകർത്തതായും സൗദി വ്യക്തമാക്കി.

ആക്രമണത്തിൽ എട്ട് വീടുകളും മൂന്ന് കടകളും തകർന്നു. 13 പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.

More Stories from this section

family-dental
witywide