ഹോർമുസിൽ സംഘർഷം മുറുകുന്നു: ഇറാൻ ഉപരോധം ലംഘിക്കാൻ ശ്രമിച്ച ചരക്കുകപ്പലിന് നേരെ യുഎസ് ആക്രമണം

വാഷിംഗ്ടൺ: ഇറാനുമേൽ ഏർപ്പെടുത്തിയിട്ടുള്ള നാവിക ഉപരോധം മറികടക്കാൻ ശ്രമിച്ച വാണിജ്യ കപ്പലിന് നേരെ അമേരിക്കൻ സൈന്യം ആക്രമണം നടത്തി. ഒമാൻ ഉൾക്കടലിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. പലാവു പതാകയുള്ള ‘എം/വി പസഫിക് ആർച്ചർ’ എന്ന ചരക്കുകപ്പലിന്റെ പിൻഭാഗത്താണ് യുഎസ് വിമാനം ആക്രമണം നടത്തിയതെന്നും കപ്പലിനെ പ്രവർത്തനരഹിതമാക്കിയെന്നും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.

ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്തുനിന്ന് പുറപ്പെട്ട കപ്പൽ യുഎസ് ഉപരോധം ലംഘിക്കാൻ ശ്രമിച്ചുവെന്നാണ് പെന്റഗണിന്റെ ആരോപണം. പലതവണ മുന്നറിയിപ്പ് നൽകിയിട്ടും പിന്മാറാൻ തയ്യാറാകാത്തതിനെ തുടർന്നാണ് കപ്പലിന് നേരെ നടപടിയെടുത്തതെന്ന് സെന്റ്കോം വ്യക്തമാക്കി. ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന ജീവനക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ല.

നയതന്ത്ര ചർച്ചകൾ വഴിമുട്ടിയ സാഹചര്യത്തിൽ ഇറാനെ സാമ്പത്തികമായി തളർത്തുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്ക നാവിക ഉപരോധം കടുപ്പിച്ചിരിക്കുന്നത്. ഇത് ഇറാന്റെ പ്രധാന വരുമാന മാർഗ്ഗമായ എണ്ണ വിപണിയെ സാരമായി ബാധിക്കുകയും രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുകയും ചെയ്തിട്ടുണ്ട്.

സെൻട്രൽ കമാൻഡിൻ്റെ കണക്കനുസരിച്ച്, ഉപരോധം ലംഘിക്കാൻ ശ്രമിച്ച 158 കപ്പലുകളെ ഇതുവരെ യുഎസ് സൈന്യം വഴിതിരിച്ചുവിടുകയും മുന്നറിയിപ്പുകൾ അവഗണിച്ച ആറ് കപ്പലുകളെ ആക്രമിച്ച് പ്രവർത്തനരഹിതമാക്കുകയും ചെയ്തിട്ടുണ്ട്.

കടുത്ത സാമ്പത്തിക ഉപരോധങ്ങൾക്കിടയിലും ആണവ പദ്ധതി ഉപേക്ഷിക്കാനോ, ആഗോള ഊർജ്ജ വിതരണത്തിലെ നിർണ്ണായക പാതയായ ഹോർമുസ് കടലിടുക്കിലൂടെ സ്വതന്ത്ര കപ്പൽ ഗതാഗതം അനുവദിക്കാനോ ഇറാൻ ഇതുവരെ തയ്യാറായിട്ടില്ല. വൻതോതിലുള്ള സൈനിക ആക്രമണങ്ങൾക്ക് മുതിരാതെ, ഉപരോധങ്ങളിലൂടെ ഇറാനെ സാമ്പത്തികമായി ഞെരുക്കാനാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ശ്രമിക്കുന്നത്. താൻ ആഗ്രഹിക്കുന്ന ഏത് നിമിഷവും ഇറാനിൽ വിജയം നേടാൻ സാധിക്കുമെന്നും, “ബുദ്ധിപരമായി പ്രവർത്തിക്കാൻ” ടെഹ്‌റാന് താൻ ഒരു അവസരം നൽകുകയാണെന്നും ട്രംപ് വ്യാഴാഴ്ച പ്രതികരിച്ചു.

Tensions Escalate in Hormuz: US Attacks Cargo Ship Attempting to Violate Iran Sanctions

More Stories from this section

family-dental
witywide