
ശനിയാഴ്ച നടന്ന യുഎസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിൽ ഇറാൻ്റെ പരമോന്നത നേതാവ് അലി ഖമേനി കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപാണ് ആദ്യമായി ഔദ്യോഗികമായി അറിയിച്ചത്. ഖമേനിക്കും മറ്റ് ഇറാനിയൻ ഉദ്യോഗസ്ഥർക്കും “യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്നും അത്യാധുനിക ട്രാക്കിംഗ് സംവിധാനങ്ങളിൽ നിന്നും രക്ഷപ്പെടാൻ കഴിഞ്ഞില്ല” എന്നും ട്രംപ് പറഞ്ഞു. കുറച്ചു സമയത്തിന് ശേഷമാണ് ഇറാൻ വാർത്താ ചാനലുകളിൽ തങ്ങളുടെ പരമോന്നത നേതാവിൻ്റെ മരണത്തെക്കുറിച്ച് വാർത്തകൾ വന്നു തുടങ്ങിയത്.
ആരാണ് അമേരിക്കയോട് കടുത്ത വിയോജിപ്പുള്ള ആയത്തുള്ള അലി ഖമേനി

1989-ൽ ഇസ്‌ലാമിക വിപ്ലവത്തിന് നേതൃത്വം നൽകിയ ആയത്തുള്ള റുഹോള ഖൊമേനിയുടെ മരണത്തെത്തുടർന്നാണ് ആയത്തുള്ള അലി ഖമേനി അധികാരമേറ്റത്. വിപ്ലവത്തിൻ്റെ പ്രത്യയശാസ്ത്ര ശക്തി ഖൊമേനിയായിരുന്നെങ്കിൽ, ഇറാൻ്റെ സൈനിക-അർദ്ധസൈനിക സംവിധാനങ്ങളെ രൂപപ്പെടുത്തിയത് ഖമേനിയാണ്. 1980-കളിൽ ഇറാഖുമായുള്ള യുദ്ധകാലത്ത് അദ്ദേഹം ഇറാൻ്റെ പ്രസിഡൻ്റായിരുന്നു. ഈ യുദ്ധവും പാശ്ചാത്യ രാജ്യങ്ങൾ സദ്ദാം ഹുസൈനെ പിന്തുണച്ചതും അമേരിക്കയോടുള്ള അദ്ദേഹത്തിൻ്റെ കടുത്ത അവിശ്വാസത്തിന് കാരണമായി.
ഇറാൻ ഒരു മതഭരണകൂടമാണെന്ന് ലോകം കരുതുമ്പോഴും, യുദ്ധാനുഭവങ്ങളുള്ള ഒരു പ്രസിഡൻ്റ് എന്ന നിലയിൽ ഇറാൻ്റെ സുരക്ഷയ്ക്കാണ് അദ്ദേഹം മുൻഗണന നൽകിയത്. അദ്ദേഹത്തിൻ്റെ കീഴിൽ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) ഒരു ശക്തമായ സാമ്പത്തിക-രാഷ്ട്രീയ സ്ഥാപനമായി വളർന്നു. പാശ്ചാത്യ ഉപരോധങ്ങൾക്കിടയിലും ‘പ്രതിരോധ സമ്പദ്‌വ്യവസ്ഥ’ എന്ന ആശയത്തിലൂടെ സ്വയംപര്യാപ്തത നേടാൻ ഖമേനി ശ്രമിച്ചു.
വെല്ലുവിളി നിറഞ്ഞ ഭരണകാലം
എന്നാൽ, അദ്ദേഹത്തിൻ്റെ ഭരണം നിരവധി വെല്ലുവിളികൾ നേരിട്ടു. 2009-ലെ തിരഞ്ഞെടുപ്പ് പ്രതിഷേധങ്ങൾ, 2022-ലെ സ്ത്രീകളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടങ്ങൾ, കഴിഞ്ഞ ജനുവരിയിൽ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങൾ എന്നിവ ഇതിൽ പ്രധാനമാണ്. ഭരണകൂടത്തിൻ്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ യുവാക്കൾക്കിടയിൽ അദ്ദേഹത്തെ ജനപ്രീതിയില്ലാത്തവനാക്കി എന്നാണ് വിമർശകരുടെ പക്ഷം.
മുസ്‌ലിം പണ്ഡിതൻ്റെ മകൻ ഇറാൻ്റെ തലപ്പത്ത്

1939-ൽ മഷാദിൽ ജനിച്ച ഖമേനി, ഒരു പ്രമുഖ മുസ്‌ലിം പണ്ഡിതൻ്റെ മകനാണ്. നാലാം വയസ്സിൽ ഖുറാൻ പഠനം ആരംഭിച്ച അദ്ദേഹം, സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാതെ മതപഠനത്തിലേക്കും ദൈവശാസ്ത്രത്തിലേക്കും തിരിഞ്ഞു. നജാഫ്, ക്വോം (Qom) തുടങ്ങിയ പ്രശസ്തമായ ഷിയാ വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ നിന്ന് അദ്ദേഹം ഉപരിപഠനം നടത്തി. സാഹിത്യത്തോടും കവിതയോടും വലിയ താൽപ്പര്യമുണ്ടായിരുന്ന അദ്ദേഹം പിന്നീട് പഹ്ലവി ഭരണകൂടത്തിനെതിരായ പോരാട്ടത്തിൽ പങ്കുചേർന്നു.
ക്വോമിലെ പഠനകാലത്ത് ആയത്തുള്ള ഖൊമേനി ഉൾപ്പെടെയുള്ള പ്രശസ്തരായ മുസ്ലിം പണ്ഡിതരുമായി ഖമേനി അടുത്ത ബന്ധം സ്ഥാപിച്ചു. ഷാ ഭരണകൂടത്തോടുള്ള ഖൊമേനിയുടെ വിയോജിപ്പ് അന്ന് യുവാക്കളായ വിദ്യാർത്ഥികൾക്കിടയിൽ അദ്ദേഹത്തെ പ്രിയങ്കരനാക്കിയിരുന്നു.
ഖൊമേനി പഠിപ്പിച്ചിരുന്ന നിയമശാസ്ത്രം, ദൈവശാസ്ത്രം തുടങ്ങിയ ക്ലാസുകളിലൂടെ വലിയൊരു വിഭാഗം ജനങ്ങളിലേക്ക്, പ്രത്യേകിച്ച് രാജഭരണത്തിൽ അതൃപ്തരായ യുവ വിദ്യാർത്ഥികളിലേക്ക് എത്താൻ അദ്ദേഹത്തിന് സാധിച്ചു. 1953-ൽ ഇറാനിയൻ എണ്ണ വ്യവസായം ദേശസാൽക്കരിക്കാൻ ശ്രമിച്ച ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി മുഹമ്മദ് മൊസാദെക്കിനെ ബ്രിട്ടൻറെ രഹസ്യാന്വേഷണ സംഘമായ MI6-ഉം അമേരിക്കയുടെ രഹസ്യാന്വേഷണ ഏജൻസിയായ CIA-യും ചേർന്ന് അട്ടിമറിച്ചാണ് രാജഭരണം പുനഃസ്ഥാപിച്ചത്.
ഒരു രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ ഖമേനി പലതവണ അറസ്റ്റ് ചെയ്യപ്പെടുകയും തെക്കുകിഴക്കൻ ഇറാനിലെ ഇറാൻഷഹറിലേക്ക് നാടുകടത്തപ്പെടുകയും ചെയ്തു. എന്നാൽ 1978-ൽ പഹ്ലവി ഭരണത്തിന് അന്ത്യം കുറിച്ച പ്രതിഷേധങ്ങളിൽ പങ്കെടുക്കാൻ അദ്ദേഹം തിരിച്ചെത്തി. രാജഭരണം അവസാനിച്ചതോടെ പുതിയ ഇറാൻ്റെ രൂപീകരണത്തിൽ അദ്ദേഹം പ്രധാന പങ്ക് വഹിച്ചു. 1980-ൽ പ്രതിരോധ മന്ത്രിയായും പിന്നീട് ഇറാൻ-ഇറാഖ് യുദ്ധകാലത്ത് ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിൻ്റെ (IRGC) മേൽനോട്ടക്കാരനായും അദ്ദേഹം സേവനമനുഷ്ഠിച്ചു. മികച്ച ഒരു പ്രാസംഗികൻ കൂടിയായിരുന്ന അദ്ദേഹം ടെഹ്‌റാനിലെ വെള്ളിയാഴ്ച പ്രാർത്ഥനയുടെ നേതൃസ്ഥാനവും വഹിച്ചുപോന്നു.

1981 ഖമേനിയെ സംബന്ധിച്ചിടത്തോളം നിർണ്ണായകമായ വർഷമായിരുന്നു. ഭരണകൂടത്തിനെതിരെ സായുധ വിപ്ലവം നടത്തിയ MEK എന്ന സംഘടന നടത്തിയ വധശ്രമത്തിൽ നിന്ന് അദ്ദേഹം കഷ്ടിച്ച് രക്ഷപ്പെട്ടെങ്കിലും വലതുകൈയുടെ ചലനശേഷി നഷ്ടപ്പെട്ടു എന്നത് ജീവതത്തിലെ വലിയ വെല്ലുവിളിയായിരുന്നു. അതേ വർഷം തന്നെ അദ്ദേഹം ഇറാൻ്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു എന്നതും ശ്രദ്ധേയം. ഇറാൻ്റെ ചരിത്രത്തിലെ ആദ്യത്തെ പുരോഹിതനായ പ്രസിഡൻ്റായിരുന്നു ഖമേനി.
1989-ലാണ് ആയത്തുള്ള ഖൊമേനി മരണപ്പെടുന്നത്. ഇത് ഇസ്ലാമിക് റിപ്പബ്ലിക്കിൽ വലിയ മാറ്റങ്ങൾ വരുത്തി. 1988-ൽ നടന്ന തടവുകാരുടെ കൂട്ടക്കൊലയെ വിമർശിച്ചതിനെത്തുടർന്ന് ഖൊമേനി തൻ്റെ പിൻഗാമിയായി നിശ്ചയിച്ചിരുന്ന ആയത്തുള്ള ഹുസൈൻ അലി മൊന്താസേരിയെ തൽസ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. തുടർന്ന് ഭരണഘടനാ ഭേദഗതിയിലൂടെ യോഗ്യതകളിൽ ഇളവ് വരുത്തിക്കൊണ്ട് ഖമേനിയെ ആ സ്ഥാനത്തേക്ക് നിയമിക്കുകയായിരുന്നു. അന്ന് ‘ഹോജത്തൊലേസ്‌ലാം’ എന്ന ഉയർന്ന പദവി അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല.
“ഞാൻ ഈ സ്ഥാനത്തിന് അർഹനല്ലെന്ന് ഞാൻ വിശ്വസിക്കുന്നു; ഒരുപക്ഷേ നിങ്ങൾക്കും എനിക്കും ഇത് അറിയാമായിരിക്കും. ഇതൊരു പ്രതീകാത്മകമായ നേതൃത്വം മാത്രമായിരിക്കും,” എന്നാണ് അന്ന് ഖമേനി പറഞ്ഞത്. എന്നാൽ അദ്ദേഹത്തിൻ്റെ നേതൃത്വം പ്രതീകാത്മകമായിരുന്നില്ലെന്ന് കാലം തെളിയിച്ചു.

എട്ടു വർഷത്തെ ഇറാൻ-ഇറാഖ് യുദ്ധം തകർത്ത രാജ്യത്തെ പുനർനിർമ്മിക്കാനാണ് ഖമേനി ആദ്യകാലത്ത് ശ്രദ്ധ നൽകിയത്. ഒരു ദശലക്ഷത്തിലധികം ആളുകൾ കൊല്ലപ്പെടുകയും സമ്പദ്‌വ്യവസ്ഥ തകരുകയും ചെയ്ത ആ യുദ്ധത്തിൽ, ഇറാഖ് രാസായുധം പ്രയോഗിച്ചിട്ടും അന്താരാഷ്ട്ര സമൂഹം ഇടപെടാതിരുന്നത് ഇറാനികൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.
പ്രസിഡൻ്റായിരുന്ന കാലത്ത് അദ്ദേഹം നേരിട്ട് യുദ്ധമുന്നണികൾ സന്ദർശിച്ചിരുന്നു. ഇത് IRGC-യുടെ വിശ്വസ്തത നേടിയെടുക്കാനും യുദ്ധത്തിൻ്റെ യാഥാർത്ഥ്യങ്ങൾ നേരിട്ട് മനസ്സിലാക്കാനും അദ്ദേഹത്തെ സഹായിച്ചു. ഇറാഖുമായുള്ള യുദ്ധകാലത്താണ് ആ നേതാവ് രൂപപ്പെട്ടത് – അത് അദ്ദേഹത്തിൻ്റെ ആഭ്യന്തര, വിദേശ രാഷ്ട്രീയ കാഴ്ചപ്പാടുകളെ സ്വാധീനിച്ചു. പരമാധികാരിയായതോടെ, ഒരു ഉപരോധത്തെ നേരിടാനും നിരന്തരമായ പ്രതിരോധത്തിനുമായി സൈനിക, അർദ്ധസൈനിക സംവിധാനങ്ങൾ കെട്ടിപ്പടുക്കുന്നതിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത്,” ജോൺ ഹോപ്കിൻസ് സർവകലാശാലയിലെ നരവംശശാസ്ത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസർ നർഗസ് ബജോഗ്ലി പറയുന്നു. എന്നാൽ 1990-കളിൽ ഈ അവസ്ഥ മാറാൻ തുടങ്ങി. രാജ്യത്തിന് നിക്ഷേപം അത്യാവശ്യമായിരുന്നു, വിപ്ലവ വീര്യം അല്പം തണുക്കാൻ തുടങ്ങിയിരുന്നു. യുദ്ധം തളർത്തിയ ചിലർ ഇറാൻ അന്താരാഷ്ട്ര സമൂഹത്തിലേക്ക് മടങ്ങിവരാൻ ആഗ്രഹിച്ചു. ഈ വികാരം 1997-ൽ പരിഷ്കരണവാദിയായ മുഹമ്മദ് ഖതാമിയുടെ വൻ വിജയത്തിന് കാരണമായി. പാശ്ചാത്യ രാജ്യങ്ങളുമായുള്ള സൗഹൃദത്തിനും “നാഗരികതകൾ തമ്മിലുള്ള സംവാദത്തിനും” വേണ്ടി നിലകൊണ്ട വ്യക്തിയായിരുന്നു അദ്ദേഹം. എന്നിട്ടും, പാശ്ചാത്യരോടുള്ള ഖമേനിയുടെ സംശയവും അവിശ്വാസവും മാറ്റമില്ലാതെ തുടർന്നു. സൈനിക, അർദ്ധസൈനിക വിഭാഗങ്ങളിൽ നിന്നുള്ളവർ പോലും പരിഷ്കരണത്തിന് വോട്ട് ചെയ്തത് നിലവിലുള്ള വ്യവസ്ഥിതിക്ക് ഭീഷണിയാണെന്ന് അദ്ദേഹം കരുതി. അതിനാൽ പരിഷ്കരണവാദികൾക്കെതിരെ വിശ്വസ്തരായ പിന്തുണക്കാരുടെ ഒരു സ്ഥിരമായ വോട്ട് ബാങ്ക് സൃഷ്ടിക്കാൻ ഖമേനി ശ്രമിച്ചുവെന്ന് ബജോഗ്ലി പറയുന്നു.
“ഖൊമേനിയെ അപേക്ഷിച്ച് ഖമേനിക്ക് സ്വാഭാവികമായ ഒരു ജനപിന്തുണ ഉണ്ടായിരുന്നില്ല,” ‘ഇറാൻ ഫ്രെയിംഡ്’ എന്ന പുസ്തകത്തിൻ്റെ രചയിതാവ് കൂടിയായ ബജോഗ്ലി പറഞ്ഞു. “അതുകൊണ്ട് അർദ്ധസൈനിക വ്യവസ്ഥയ്ക്കുള്ളിലെ യുവതലമുറയുടെ വിദ്യാഭ്യാസത്തിനും പരിശീലനത്തിനുമായി അദ്ദേഹം വൻതോതിൽ പണം ചിലവഴിച്ചു.” ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സിന് സാമ്പത്തിക രംഗം നിയന്ത്രിക്കാൻ തക്കവണ്ണം ബിസിനസ് ശൃംഖലകൾ കെട്ടിപ്പടുക്കാൻ അദ്ദേഹം പൂർണ്ണ സ്വാതന്ത്ര്യം നൽകി. ഒപ്പം തന്നെ യുവ സന്നദ്ധ സേനയായ ‘ബസിജി’ന്റെ പരിശീലന പരിപാടികൾ ഊർജിതമാക്കി. ഇത് സമൂഹത്തിലെ ഒരു ചെറിയ വിഭാഗമായിരുന്നെങ്കിലും, പാശ്ചാത്യർക്കെതിരായ ഖമേനിയുടെ നിരന്തര പ്രതിരോധ നിലപാടിനൊപ്പം വളരാൻ അവർക്ക് വലിയ വിഭവങ്ങൾ നൽകപ്പെട്ടു. അതിലുപരി, അവർ പോരാടാനും മരിക്കാനും തയ്യാറായിരുന്നുവെന്ന് ബജോഗ്ലി പറഞ്ഞു.

2009-ൽ മഹമൂദ് അഹമ്മദി നെജാദിൻ്റെ വിവാദപരമായ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങളെ അടിച്ചമർത്താൻ വിളിക്കപ്പെട്ടത് ഈ അർദ്ധസൈനിക വിഭാഗമായിരുന്നു. 1979-ന് ശേഷം ജനിച്ച ഇറാനിലെ പുതിയ തലമുറയ്ക്ക് അവരുടെ മാതാപിതാക്കളെ സ്വാധീനിച്ച സാമ്രാജ്യത്വ വിരുദ്ധ ചിന്താഗതികളോട് അത്ര താൽപ്പര്യമുണ്ടായിരുന്നില്ല എന്നതും പ്രസക്തമായി.
ഖമേനിയുടെ നേതൃത്വത്തിന് നേരിടേണ്ടി വന്ന ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു ‘ഗ്രീൻ മൂവ്‌മെന്റ്’ എന്ന് മാധ്യമങ്ങൾ വിശേഷിപ്പിച്ച പ്രതിഷേധങ്ങൾ. പരാജയപ്പെട്ട പരിഷ്കരണവാദി സ്ഥാനാർത്ഥി മിർ ഹൊസൈൻ മൂസവിക്ക് പിന്തുണ പ്രഖ്യാപിച്ച് ലക്ഷക്കണക്കിന് ആളുകൾ തെരുവിലിറങ്ങി. തിരഞ്ഞെടുപ്പിൽ അഹമ്മദി നെജാദിന് വേണ്ടി ക്രമക്കേട് നടന്നുവെന്ന് പ്രതിഷേധക്കാർ ആരോപിച്ചെങ്കിലും ഖമേനി ഫലം അംഗീകരിച്ചു. ആയിരക്കണക്കിന് ആളുകൾ അറസ്റ്റ് ചെയ്യപ്പെടുകയും ഡസൻ കണക്കിന് ആളുകൾ കൊല്ലപ്പെടുകയും ചെയ്തു. മതപരമായ ഭരണകൂടത്തെ അട്ടിമറിക്കാൻ പാശ്ചാത്യ രാജ്യങ്ങൾ കലാപം ഇളക്കിവിടുകയാണെന്ന് ഇറാനിയൻ നേതൃത്വം ആരോപിച്ചു.
അന്താരാഷ്ട്ര ഉപരോധങ്ങൾക്കിടയിലും പാശ്ചാത്യ വിരുദ്ധ നിലപാടിൽ ഉറച്ചുനിന്നുകൊണ്ട്, രാജ്യത്തിൻ്റെ നിലനിൽപ്പിനായി 2015-ലെ ആണവ കരാർ പോലുള്ള തന്ത്രപരമായ വിട്ടുവീഴ്ചകൾ നടത്തിയ ആയത്തുല്ല ഖമേനിയുടെ ഭരണനയങ്ങൾ ഏറെ ശ്രദ്ധേയമാണ്. 2018-ൽ അമേരിക്കൻ പിന്മാറ്റത്തോടെ നയം കടുപ്പിച്ച ഖമേനി, 2019-ലെയും 2022-ലെയും വൻ ജനകീയ പ്രതിഷേധങ്ങളെ വിദേശ ഇടപെടലുകളായി കണ്ട് അടിച്ചമർത്തുകയും ആഭ്യന്തര സുരക്ഷയ്ക്കും ഇറാൻ്റെ പരമാധികാരത്തിനും മുൻഗണന നൽകുകയും ചെയ്തു.
അമേരിക്കയും ഇസ്രായേലും ഉൾപ്പെടെയുള്ള ‘ശത്രുക്കളെ’ നേരിടാൻ “ആക്സിസ് ഓഫ് റെസിസ്റ്റൻസ്”
ഖമേനിയുടെ കാഴ്ചപ്പാടിൽ, അമേരിക്കയും ഇസ്രായേലും ഉൾപ്പെടെയുള്ള ശത്രുക്കളുടെ ആക്രമണങ്ങളെ പ്രതിരോധിക്കാൻ രാജ്യത്തിന് പുറത്തും അധികാരവും സ്വയംഭരണാധികാരവും ആവശ്യമായിരുന്നു. ഇതിനായി അയൽരാജ്യങ്ങളിൽ സായുധ സംഘങ്ങളുടെ ഒരു ശൃംഖല അദ്ദേഹം കെട്ടിപ്പടുത്തു. “ആക്സിസ് ഓഫ് റെസിസ്റ്റൻസ്” എന്ന് വിളിക്കപ്പെടുന്ന ഈ സഖ്യമായിരുന്നു ഖമേനിയുടെ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപരമായ പദ്ധതി. ഇറാൻ്റെ വിദേശ സൈനിക വിഭാഗമായ ഖുദ്‌സ് ഫോഴ്‌സിൻ്റെ തലവൻ ഖാസിം സുലൈമാനിയായിരുന്നു ഈ പദ്ധതിയുടെ പ്രധാന ശില്പി. 2020-ൽ അമേരിക്ക സുലൈമാനിയെ വധിച്ചു. ലബനനിലെ ഹിസ്ബുള്ള, സിറിയയിലെ ബാഷർ അൽ അസദ് ഭരണകൂടം, ഫലസ്തീനിലെ ഹമാസ്, യമനിലെ ഹൂതികൾ, ഇറാഖിലെ സായുധ ഗ്രൂപ്പുകൾ എന്നിവരായിരുന്നു ഈ സഖ്യത്തിലെ പ്രധാനികൾ.
എന്നാൽ 2023 ഒക്ടോബർ 7-ന് ഹമാസ് ഇസ്രായേലിനെ ആക്രമിച്ചതോടെ ഈ സഖ്യത്തിൽ വിള്ളലുകൾ വീണു തുടങ്ങി. ഇതിന് തിരിച്ചടിയായി ഇസ്രായേൽ ഗാസയിൽ നടത്തിയ യുദ്ധത്തിൽ 70,000-ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും നിരവധി ഹമാസ് നേതാക്കൾ വധിക്കപ്പെടുകയും ചെയ്തു. തുടർന്ന് ലബനനിലെ ഹിസ്ബുള്ളയെ ആക്രമിച്ച ഇസ്രായേൽ, അതിന്റെ തലവൻ ഹസ്സൻ നസ്‌റള്ള ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളെ വധിച്ചു. 2024 ഡിസംബറിൽ സിറിയയിലെ അസദ് ഭരണകൂടം വിമതരാൽ പുറത്താക്കപ്പെട്ടതോടെ ഹിസ്ബുള്ളയ്ക്ക് ആയുധങ്ങൾ എത്തിക്കാനുള്ള ഇറാൻ്റെ വഴിയും അടഞ്ഞു.
ഈ സാഹചര്യം മുതലെടുത്ത ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, 2025 ജൂൺ 13-ന് അമേരിക്കയുടെ അറിവോടെ ഇറാനെ ആക്രമിച്ചു. ഇറാന്റെ ആണവ കേന്ദ്രങ്ങളും സൈനിക താവളങ്ങളും തകർത്ത ഈ ആക്രമണത്തിൽ നിരവധി കമാൻഡർമാരും ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടു. ഇറാൻ ആണവായുധം നിർമ്മിക്കാൻ ശ്രമിക്കുന്നില്ല എന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗവും ഐ.എ.ഇ.എ (IAEA) യും റിപ്പോർട്ട് നൽകിയിട്ടും, അത് തടയാനെന്ന പേരിലായിരുന്നു ഇസ്രായേലിൻ്റെ ആക്രമണം. ഇതിന് മറുപടിയായി ഇറാൻ ടെൽ അവീവിലേക്ക് മിസൈലുകൾ അയച്ചു. ഇത് രണ്ടാഴ്ച നീണ്ടുനിന്ന വലിയൊരു യുദ്ധത്തിലേക്ക് നയിക്കുകയും, ഒടുവിൽ അമേരിക്ക ഇറാൻ്റെ മൂന്ന് പ്രധാന ആണവ നിലയങ്ങളിൽ ബോംബുകൾ വർഷിക്കുകയും ചെയ്തു.

നെതന്യാഹു ഖമേനിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ട്രംപ് നിരുപാധികമായ കീഴടങ്ങൽ ആവശ്യപ്പെടുകയും ചെയ്തതിനെത്തുടർന്ന്, ഇറാനിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും കറൻസി മൂല്യത്തകർച്ചയും 3,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ട വലിയ പ്രക്ഷോഭങ്ങൾക്ക് വഴിവെച്ചു. ആണവ, മിസൈൽ വിഷയങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി ഇറാൻ മുന്നോട്ട് പോയപ്പോൾ, അമേരിക്കൻ സൈനിക സന്നാഹം വർദ്ധിക്കുകയും, ഫെബ്രുവരി 28-ന് ഇറാനിൽ “വലിയ സൈനിക നടപടി” പ്രഖ്യാപിച്ചുകൊണ്ട് ട്രംപ് ഭരണമാറ്റം ലക്ഷ്യമിടുകയും ചെയ്തു. ഈ നടപടിയിൽ സ്വന്തം ശരികളിലും നിലപാടുകളിലും ഉറച്ചുനിന്ന ഖമനയിക്ക് തൻ്റെ 86ാം വയസിൽ ജീവൻ തന്നെ പകരമായി നൽകേണ്ടി വന്നു.
Ayatollah Ali Khamenei: The leader who shaped Iran’s resistance















