ഇറാനെ വരിഞ്ഞുമുറുക്കി അമേരിക്ക, നയതന്ത്ര ഉപരോധം കടുപ്പിച്ചു; ‘ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്’ ശക്തമാക്കുമെന്ന് ബെസെന്‍റ്

വാഷിംഗ്ടൺ: ഇറാനെ സാമ്പത്തികമായി ഒറ്റപ്പെടുത്താൻ ലോക രാജ്യങ്ങൾക്ക് മേൽ അമേരിക്കൻ സമ്മർദ്ദം ശക്തമാകുന്നു. ഇറാന്റെ എയർലൈനുകൾക്കും ബാങ്കുകൾക്കും മേൽ വിവിധ രാജ്യങ്ങൾ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് സ്വാഗതം ചെയ്തുകൊണ്ട് യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് രംഗത്തെത്തി. ഇറാന്റെ ഭരണകൂടത്തിനെതിരെ കർശന നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ട് തന്റെ നിർദ്ദേശപ്രകാരം പ്രത്യേക സംഘങ്ങളെ ആഗോളതലത്തിൽ അയച്ചിട്ടുണ്ടെന്നും ഇതിന്റെ ഫലങ്ങൾ കണ്ടുതുടങ്ങിയെന്നും അദ്ദേഹം അറിയിച്ചു.

ഇറാന്റെ സ്വകാര്യ വിമാനക്കമ്പനിയായ മാഹാൻ എയറിന്റെ സർവ്വീസുകൾ തുർക്കിയും ഒമാനും നിർത്തിവെച്ചിട്ടുണ്ട്. കൂടാതെ, യു.എ.ഇ ഇറാനിയൻ വിമാനക്കമ്പനികളുടെ എല്ലാ സർവ്വീസുകൾക്കും നിരോധനം ഏർപ്പെടുത്തി. വൻതോതിൽ ഇറാനിയൻ പ്രവാസികളും വാണിജ്യ ബന്ധങ്ങളുമുള്ള ദുബായിലേക്ക് പ്രതിദിനം നിരവധി സർവ്വീസുകൾ നടന്നിരുന്ന സാഹചര്യത്തിലാണ് യു.എ.ഇയുടെ ഈ നിർണ്ണായക നീക്കം.

വ്യോമയാന മേഖലയ്ക്ക് പുറമെ സാമ്പത്തിക മേഖലയിലും ഇറാനെതിരെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ ധനസഹായം എന്നീ ആരോപണങ്ങൾ ഉന്നയിച്ച് ഇറാനിലെ ‘ബാങ്ക് മെല്ലി’യുടെ യു.എ.ഇ ശാഖകൾ വഴിയുള്ള ഇടപാടുകൾ യു.എ.ഇ സെൻട്രൽ ബാങ്ക് തടഞ്ഞു. ഇതിന് പുറമെ ഇറാന്റെ ‘ബാങ്ക് മെല്ലറ്റിന്റെ’ ലൈസൻസ് തുർക്കിയും റദ്ദാക്കി.

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനും യുദ്ധം അവസാനിപ്പിക്കാനും ലക്ഷ്യമിട്ട് അമേരിക്ക പ്രഖ്യാപിച്ച ‘ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്’ എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ നടപടികൾ. ഇറാനുമായി സഹകരിക്കുന്ന മൂന്നാം കക്ഷികൾക്ക് മേലും കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്താനാണ് അമേരിക്കയുടെ തീരുമാനം. ഇറാനുവേണ്ടി കള്ളപ്പണം വെളുപ്പിക്കാൻ സഹായിക്കുന്ന ഏതൊരു സ്ഥാപനത്തെയും യു.എസ് ഡോളർ ശൃംഖലയിൽ നിന്ന് പുറത്താക്കുമെന്നും സ്കോട്ട് ബെസെന്റ് മുന്നറിയിപ്പ് നൽകി.

More Stories from this section

family-dental
witywide